ADVERTISEMENT

കൊച്ചി ∙ ഉപതിരഞ്ഞെടുപ്പു നടക്കുന്നതു തൃക്കാക്കരയിലാണെങ്കിലും ചർച്ചകൾ കണ്ണൂരിന്റെയും ശ്രീലങ്കയുടെയും പേരിൽ! കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനയാണു കണ്ണൂരിനെ തൃക്കാക്കരയിലേക്കു കൊണ്ടുവന്നത്. മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തെ ന്യായീകരിക്കാൻ സുധാകരൻ കൂട്ടുപിടിച്ചതു അതു ‘കണ്ണൂരിൽ പ്രാദേശികമായി ഉപയോഗിക്കുന്ന ഉപമ’ മാത്രമെന്നായിരുന്നു. മറുപടിയായി മുഖ്യമന്ത്രിയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പലവിധ ഉപമകൾ പ്രയോഗിച്ചു. പൊലീസ് കേസ് വരെ എത്തിയപ്പോഴാണു കേസുമായി മുന്നോട്ടു പോകാൻ സർക്കാരിനു താൽപര്യമില്ലെന്നു മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. 

തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നു ബോധ്യമുള്ളതു കൊണ്ടാണു മുഖ്യമന്ത്രി ഇങ്ങനെ പറയുന്നതെന്നാണു സുധാകരന്റെ പ്രതികരണം. ‘എന്റെ പരാമർശത്തിൽ ഒന്നുമില്ലെന്നു മുഖ്യമന്ത്രിക്കറിയാം. ഞാൻ കുറ്റക്കാരനല്ല. പറയാനുള്ളത് ഇനിയും പറയും. എന്റെയും മുഖ്യമന്ത്രിയുടേതും കണ്ണൂർ സംസ്കാരമാണ്’ – സുധാകരന്റെ വാക്കുകൾ. ‘സുധാകരനെതിരെ കേസെടുത്തത് എൽഡിഎഫിന് എതിരായി മാറിയെന്നു മനസ്സിലായതു കൊണ്ടാണു സർക്കാർ പിന്നാക്കം പോയത്’ എന്നാണു വി.ഡി.സതീശൻ പ്രതികരിച്ചത്. 

സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ വേളയിലാണു യുഡിഎഫ് നേതാക്കൾ സാമ്പത്തിക പിടിപ്പുകേട് ഉദാഹരിക്കാൻ ശ്രീലങ്കയെ കൂട്ടുപിടിച്ചത്. കടമെടുത്തു മുടിഞ്ഞ ശ്രീലങ്കയെക്കാൾ വലിയ ദുരിതത്തിലേക്കു കേരളം കൂപ്പു കുത്തുമെന്നാണ് രമേശ് ചെന്നിത്തലയുടെ ആശങ്ക. സാമ്പത്തികമായി കേരളത്തെ ‘ശ്രീലങ്കയാക്കി’ മാറ്റാൻ പോകുന്ന പദ്ധതിയാണു സിൽവർലൈൻ എന്നു സതീശനും കുറ്റപ്പെടുത്തി. ശ്രീലങ്ക നേരിടുന്ന കടക്കെണിയുടെ ദുരന്തത്തിലേക്കാണു കേരളത്തിന്റെ പോക്കെന്നും ഈ അപകടം തിരിച്ചറിയാൻ മുഖ്യമന്ത്രിക്കു കഴിയുന്നില്ലെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി വിമർശിച്ചു. പക്ഷേ, പ്രമുഖ എൽഡിഎഫ് നേതാക്കളാരും പക്ഷേ, ‘ശ്രീലങ്ക’യിലേക്കു കടന്നതേയില്ല. 

ട്വന്റി 20 നിലപാട് ഇന്ന്

കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തങ്ങളുടെ നിലപാട് ഇന്നു മൂന്നിനു കിഴക്കമ്പലത്തു നടക്കുന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കുമെന്ന് ട്വന്റി20 നേതൃത്വം അറിയിച്ചു.

Content Highlight: Thrikkakara by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com