ഒറ്റ‍മുണ്ടു‍ടുത്ത്, തലയിൽ തോർത്തു ചുറ്റി ചില്ലു‍; അണ്ണാൻ ഭീകരജീവി‍യോ?, വിവാദം

chillu
SHARE

തിരുവനന്തപുരം∙ഒരു അണ്ണാറ‍ക്കണ്ണന്റെ പേരിൽ വിവാദം ‘ചാടിക്ക‍ളിക്കുകയാണ്’ കൃഷി വകുപ്പിൽ. പാവം അണ്ണാറക്കണ്ണൻ ഇതൊന്നുമറിയാതെ ചിൽ ചിൽ ശബ്ദമുണ്ടാക്കി മരങ്ങളിൽ ഉൗഞ്ഞാ‍ലാടുന്ന തിരക്കിലാണ്. സമൂഹത്തെ കൃഷിമുറ്റത്തേക്കി‍റക്കാൻ കൃഷി വകുപ്പ് തുടക്കം കുറിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗ്യചിഹ്‍നമായി ‘ചില്ലു’ എന്ന അണ്ണാ‍ക്കണ്ണനെ തിരഞ്ഞെടുത്തതിന്റെ പേരിലാണ് കൃഷി വകുപ്പിൽ വിവാദം കൊഴു‍ക്കുന്നത്.  അണ്ണാൻ ഭീകര ജീവിയാ‍ണെന്നു കർഷകർ, അല്ലെന്നു കൃഷി വകുപ്പ്. ഇതിന്റെ തുമ്പിലാണു വിവാദം പുകയുന്നത്.

വിള നശിപ്പിക്കുന്ന അണ്ണാനെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്ത കൃഷി വകുപ്പിനെതിരെ ഒരു വിഭാഗം കർഷകർ പരസ്യമായി രംഗത്തെത്തി. കാർഷിക വിളകളുടെ പ്രധാന വില്ലൻ അണ്ണാനാണെന്നാണു ഒരു വിഭാഗം കർഷകരുടെ ആരോപണം. കൊക്കോ, പപ്പായ, ജാതിക്ക, റമ്പുട്ടാൻ തുടങ്ങിയ വിളകൾ നശിപ്പിക്കുന്ന അണ്ണാനെ എങ്ങനെയാണു കൃഷി വകുപ്പ് ഭാഗ്യചിഹ്നമാക്കുന്ന‍തെന്നാണു കർഷകരിൽ ഒരു വിഭാഗം ഉയർത്തുന്ന ചോദ്യം. തെങ്ങിനെ പോലും അണ്ണാൻ വെറുതെ വിടുന്നില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.

കുടുംബങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ടാണു ഭാഗ്യ ചിഹ്നമായി ചില്ലു എന്ന അണ്ണാറക്കണ്ണനെ തിരഞ്ഞെടുത്തതെന്നും, അണ്ണാൻ അത്ര ഉപദ്രവകാരിയല്ലെന്നുമാണു കൃഷി വകുപ്പിന്റെ വിശദീകരണം. ഭാഗ്യചിഹ്നമായി ചില്ലുവിനെ തിരഞ്ഞെടുത്തതിൽ പിഴവു വന്നിട്ടില്ലെന്നും, തീരുമാനം മാറ്റില്ലെന്നും കൃഷി വകുപ്പ് വ്യക്തമാക്കുന്നു. വിവാദങ്ങളുയരുമ്പോഴും ചില്ലുവിനെ കഥാപാത്രിമാക്കി ത്രീഡി ആനിമേഷൻ വിഡിയോകൾ തയാറാക്കാനുള്ള നീക്കത്തിലാണ് കൃഷി വകുപ്പ്. 

സമൂഹമാധ്യമങ്ങളിൽ അണ്ണാൻ ചർച്ച

അണ്ണാനെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാണ്. കൃഷി വകുപ്പിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചും അനുകൂലിച്ചും ചില കർഷകർ അഭിപ്രായങ്ങൾ പങ്കു വച്ചിട്ടുണ്ട്. കൃഷിമന്ത്രിക്കും, ഡയറക്ടർക്കും ഇതേക്കുറിച്ചു പരാതി ലഭിച്ചു. കൃഷിപാഠം പോലും അറിയാത്തവരാണ് അണ്ണാനെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തതെന്നും ഒരു വിഭാഗം കർഷകർ ആരോപിക്കുന്നു. 

വിവാദങ്ങൾ നിർഭാഗ്യകരം: ആർട്ടിസ്റ്റ്

കണ്ണൂർ സ്വദേശി ആർട്ടിസ്റ്റ് ദീപക് മൗത്താ‍ട്ടിലാണ് ഭാഗ്യചിഹ്‍നത്തിന്റെ സൃഷ്ടാവ്. കുട്ടികളെ കൂടി കൃഷിയിലേക്ക് ആകർഷിക്കുന്നതിനാണ് ഭാഗ്യചിഹ്നം രൂപകൽപന ചെയ്തതെന്നും ഇപ്പോഴത്തെ വിവാദങ്ങൾ നിർഭാഗ്യകരമാണെന്നും ദീപക് പറയുന്നു. 

ഒറ്റ മുണ്ടുടുത്ത ചില്ലു!

ഒറ്റമുണ്ടുടുത്ത്, തലയിൽ തോർത്തു ചുറ്റി, ഒരു കയ്യിൽ കൈക്കോട്ടും, മറുകൈയിൽ കുട്ട നിറയെ പച്ചക്കറിയുമായി നിൽക്കുന്നതായിരുന്നു ചില്ലുവിന്റെ രൂപകൽപന. ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്ന ചൊല്ലിനെ അർഥമാക്കുന്നതിനാണ് ഇതു ഭാഗ്യചിഹ്നമാക്കിയതെന്നും കൃഷി വകുപ്പ് വിശദീകരിക്കുന്നു. 

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി

പരിമിതമായ സ്ഥലത്തു പോലും കൃഷിയിറക്കുക എന്ന ആശയമാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി‍യിലൂടെ കൃഷി വകുപ്പു മുന്നോട്ടു വയ്ക്കുന്നത്. ഒരു സെന്റ് പച്ചക്കറി കൃഷി,  മട്ടുപ്പാവിലെ കൃഷി, വീട്ടുവളപ്പിലെ പോഷക തോട്ടം, മഴമറ കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾ കുടുംബങ്ങൾ കേന്ദ്രീകരിച്ചു നടപ്പിലാക്കാ‍നാ‍ണു തീരുമാനം. വാർഡു തലം മുതൽ ജില്ലാതലം വരെ കർഷകർ ഉൾപ്പെടുന്ന പ്രത്യേക നിർവഹണ സമിതിയായിരിക്കും പദ്ധതിയുടെ ആദ്യഘട്ടം മുതലുള്ള മോണിറ്ററിങ്. ചി‍ല്ലുവിനെ മുൻനിർത്തി വൻ പ്രചാരണ പരിപാടികളാണു കുടുംബങ്ങൾ കേന്ദ്രീകരിച്ചു നടപ്പിലാക്കുന്നത്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ കഴിഞ്ഞ മാസം നിർവഹിച്ചിരുന്നു. 

ആരാണ് അണ്ണാൻ? 

റോഡൻഷ്യ ജന്തുവർഗത്തിലെ(കരണ്ടു തിന്നുന്ന ജീവികൾ)സിയൂറിഡേ കുടുംബത്തിൽപ്പെട്ട സസ്തനിയാണ് അണ്ണാൻ. ഏകദേശം 50 ജനുസ്സുകളുണ്ട്. അണ്ണാറക്കണ്ണൻ, മലയണ്ണാൻ, ചാമ്പൽ മലയണ്ണാൻ, കുഞ്ഞൻ അണ്ണാൻ, കാട്ടുവരയണ്ണാൻ, പാറാൻ, കുഞ്ഞൻ പാറാൻ എന്നിവയാണ് കേരളത്തിൽ പ്രധാനമായും കണ്ടു വരുന്നത്. വിത്തുകളും പഴങ്ങളുമാണു പ്രധാന ഭക്ഷണം. സമൃദ്ധിയുടെ കാലത്ത് ഇവ ഭക്ഷണ പദാഥർ‍ഥങ്ങൾ ശേഖരിച്ചു പഞ്ഞ മാസത്തേക്കു വേണ്ടി സൂക്ഷിക്കുന്നു. കവിൾ സഞ്ചിയിൽ ശേഖരിക്കുന്ന ആഹാരം, ഇവ നിർമിക്കുന്ന കൂടുകളിലെത്തിച്ചാണു സൂക്ഷിക്കുന്നത്. പക്ഷികളിൽ നിന്നും മറ്റു അണ്ണാൻമാരിൽ നിന്നും തങ്ങളുടെ ഭക്ഷണ സ്രോതസ്സുകളെ രക്ഷിക്കാൻ ഇവയ്ക്കു പ്രത്യേക മിടുക്കുണ്ട്. ട്രീ റാറ്റും എന്നും ഇവയെ വിളിക്കും. 

10 ഗ്രാം മുതൽ രണ്ടര കിലോ തൂക്കം

10 ഗ്രാം മുതൽ രണ്ടര കിലോ വരെയാണ് അണ്ണാന്റെ തൂക്കം. ഏറിയപങ്കും വൃക്ഷ ശാഖകളിൽ ഓടിനടക്കുന്നവയാണെങ്കിലും, സമഭൂമിയിലും പാറകൾക്കിടയിലെ വിള്ളലുകൾക്കിടയിലും ജീവിക്കുന്നവയുമുണ്ട്. മലയണ്ണാൻ എന്നറിയപ്പെടുന്നവ പാറകളിലെ വിള്ളലുകളിലും, വുഡ് ചക്കുകൾ നിലത്തും, കേരളത്തിൽ കണ്ടു വരുന്ന, മുതുകിൽ മൂന്നു വരകളുള്ള അണ്ണാൻ വൃക്ഷങ്ങളിലും നിലത്തും ഒന്നു പോലെയും, ചുവന്ന അണ്ണാൻ, ചാരനിരമുള്ള അണ്ണാൻ എന്നിവ വൃക്ഷ ശി‍ഖരങ്ങളിലുമാണ് ജീവിക്കുന്നത്. രോമാവൃതമായ വാൽ ഇൗ വർഗത്തിന്റെ പ്രത്യേകതയാണ്. വൃക്ഷ നിവാസികളിൽ ഇതു കൂടുതൽ പ്രകടമായിരിക്കും. ‘പറക്കുന്ന അണ്ണാൻ’ ഒഴികെ, മറ്റെല്ലാ ഇനങ്ങളും പകൽ മാത്രം കാണപ്പെടുന്നവയാണ്. രോമാവൃതമായ വാലിനു ശരീരത്തെക്കാൾ അൽപം നീളം കുറവായിരിക്കും. 13 സെന്റീമീറ്റർ നീളമുള്ള കുള്ളൻ ആഫ്രിക്കൻ അണ്ണാനാണ് ഏറ്റവും ചെറുത്. ഏഷ്യൻ മേഖലയിൽ ഏകദേശം 90 സെന്റീമീറ്റർ നീളമുള്ള വലിയ അണ്ണാനെ കാണപ്പെടുന്നു. വിരലുകൾക്ക് തത്തയുടെ കൊക്ക് പോലെയുള്ള നഖങ്ങളും, കത്തികൾ പോലെ മൂർച്ചയുള്ളതുമാണ്. 

‘ശാപ്പാട്’ ഇവയൊക്കെ

പലതരം വിത്തുകൾ, ഉണങ്ങിയ പഴങ്ങൾ, പുറംതൊലി, കായ്കൾ, മുളക് എന്നിവയാണ് അണ്ണാന്‍ ഭക്ഷിക്കുന്നത്. മരങ്ങളിലോ മരക്കൊമ്പിന്റെ പൊള്ളയായ ഭാഗത്തോ ആണു കൂടു നിർമി‍ക്കുന്നത്. 

മരയണ്ണാൻ, രാക്ഷസനണ്ണാൻ, നിലയണ്ണാൻ…

വളരെ ഉത്സാഹികളാണ് മരയണ്ണാൻ. കുറ്റിക്കാടുകളും തോട്ടങ്ങളുമാണ് ഇവയ്ക്കിഷ്ടം. ശൈത്യകാലത്തേക്കു വേണ്ട ഭക്ഷണം ഇവ ശേഖരിച്ചു സൂക്ഷിക്കുന്നു. പൊതുവേ സസ്യഭുക്കുകളാണെങ്കിലും, തരം കിട്ടിയാൽ ഇവ പക്ഷികളുടെ മുട്ടകളും അകത്താക്കും. മരപ്പൊത്തുകളിൽ ചുള്ളികളും ഇലകളും കൊണ്ടാണ് ഇവ കൂടു നിർമിക്കുക. ചാരനിരമുള്ളവയും, കുറുനരിയണ്ണാൻ എന്ന വിഭാഗവും കൂടുതലായി കാണപ്പെടുന്നത് കാടുകളിലാണ്. വൃക്ഷനിബിഡമായ വനങ്ങളിൽ കാണപ്പെടുന്നവയാണ് രാക്ഷസനണ്ണാൻ. വല്ലപ്പോഴും മാത്രമാണ് ഇവ നിലത്തിറങ്ങുക. ചീറ്റലോടു കൂടിയ പ്രത്യേക ശബ്ദമാണ് പുറപ്പെടുവിക്കുക. പകൽ വിശ്രമിച്ച ശേഷം പ്രഭാതത്തിലും വൈകിട്ടും ഇവ കർമനിരതരാകും. ഉയരം കൂടിയ വൃക്ഷ ശാഖകളിൽ നിന്നു ഉയരം കുറഞ്ഞ മറ്റൊന്നിലേക്കു കൈകാലുകൾ വിടർത്തി വായുവിലൂടെ ഉൗളിയിടാനുള്ള കഴിവ് ഇവയ്ക്കുണ്ട്. മുതുകിൽ വരകളുള്ള നിലയണ്ണാനെയാണ് കേരളത്തിൽ കൂടുതലായി കണ്ടു വരുന്നത്. മാർമോട്ടുകൾ, ചിപ്മങ്ക്, പോക്കറ്റ് ഗോഫർ തുടങ്ങിയവയും അണ്ണാൻ വർഗത്തിൽപ്പെട്ടവയാണ്.

ശിശിരനിദ്ര

ശൈത്യകാലാരംഭത്തോടെ വുഡ് ചക്കുകളും നിലയണ്ണാനും വിശ്രമിക്കുന്നതിനായി ഭൂഗർഭമാളങ്ങളിലേക്കു പോകും. ശിശിരനിദ്രാസ‍മയത്ത് ഇവയുടെ ശരീരത്തിന്റെ ചൂട് പൂജ്യം ഡിഗ്രി സെൽഷ്യസിനോടടുത്തിരിക്കും. മിനിറ്റിൽ 200 മുതൽ 400 വരെയായിരുന്ന ഹൃദയമിടിപ്പ് അഞ്ചോ ആറോ ആയി താഴും.

മൂന്നു വരകൾ

അണ്ണാ‍ന്റെ പുറത്തു കാണപ്പെടുന്ന വരക‍ളെക്കുറിച്ച് കേരളത്തിൽ ഒരു ഐതിഹ്യമുണ്ട്.  സേതുബ‍ന്ധന വേളയിൽ അണ്ണാ‍ന്റെ സഹായത്താൽ സന്തുഷ്ടനായ ശ്രീരാമൻ തലോടിയ‍തിനെ തുടർന്നാണു വരകളുണ്ടായതെന്നാണ് ഐതിഹ്യം. 

ചില അണ്ണാൻ ചൊല്ലുകൾ

അണ്ണാറക്കണ്ണനും തന്നാലായത്

അണ്ണാൻ മൂത്താലും മരം കയറ്റം മറക്കുമോ?

അണ്ണാൻ കുഞ്ഞിനെ മരംകയ‍റ്റം പഠിപ്പി‍ക്കണോ?

ആന വാ പൊളിക്കുന്നതു കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല

അടിയോ‍ടാക്കുമോ അണ്ണാൻ തമ്പിയും

അണ്ണാ‍നാശിച്ചാൽ ആന‍യാകുമോ?

English Summary: Controversy on Chillu Squirrel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA