ADVERTISEMENT

കൊച്ചി∙ റാലിയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചാൽ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ടെന്നു ഹൈക്കോടതി. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ടു പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പൊലീസ് നിയമാനുസൃതം നടപടിയെടുക്കണമെന്നു കോടതി നിർദേശിച്ചു.

പ്രഥമദൃഷ്ട്യാ നേതാക്കൾക്ക് ഉത്തരവാദിത്തം ഉള്ളതിനാൽ അവരെ പ്രതിചേർത്തു പൊലീസ് അന്വേഷണം നടത്തണം. റാലി സംഘടിപ്പിക്കുന്ന നേതാക്കൾക്ക് അണികളെ നിയന്ത്രിക്കാൻ ബാധ്യതയുമുണ്ട്. മുദ്രാവാക്യം വിളിച്ചതു നേതാക്കളുടെ അറിവോടെയാണോ പ്രകോപനപരമായ മുദ്രാവാക്യത്തിന് അവരുടെ ഒത്താശയുണ്ടോ എന്നെല്ലാം അന്വേഷിക്കേണ്ടതാണ്. രാജ്യത്തെ നിയമം ലംഘിച്ചവർക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നും ഈ വിധിയിലെ പരാമർശങ്ങളുടെ സ്വാധീനമില്ലാതെ സ്വതന്ത്രമായി അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ബജ്‌റങ്ദൾ പ്രവർത്തകരും ആലപ്പുഴയിൽ ഒരേ ദിവസം റാലിക്ക് ആഹ്വാനം ചെയ്തപ്പോൾ സംഘർഷ സാധ്യതയുള്ളിനാൽ തടയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ ആർ. രാമരാജവർമ നൽകിയ ഹർജി തീർപ്പാക്കി കൊണ്ടാണു ജസ്റ്റിസ് പി. വി. കുഞ്ഞിക്കൃഷ്‌ണന്റെ ഉത്തരവ്. ഹർജിയിൽ പറയുന്ന റാലിയിലാണോ കുട്ടി മുദ്രാവാക്യം വിളിച്ചതെന്നു വാദത്തിനിടെ കോടതി ചോദിച്ചു. എന്താണീ രാജ്യത്തു നടക്കുന്നത്? റാലിയിൽ എന്തും വിളിച്ചു പറയാം എന്നാണോ എന്നും ചോദിച്ചു.

ഇക്കഴിഞ്ഞ 20നു ഹർജി പരിഗണിച്ചപ്പോൾ റാലികൾ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നില്ലെന്നു ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണമെന്നു കോടതി നിർദേശിച്ചിരുന്നു. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെന്നും റാലിയുമായി ബന്ധപ്പെട്ടു പോപ്പുലർ ഫ്രണ്ട്, ബജ്‌റങ്ദൾ പ്രവർത്തകർക്കെതിരെ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തുവെന്നും ആലപ്പുഴ ഡിവൈഎസ്പി റിപ്പോർട്ട് നൽകി. മാത്രമല്ല, പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കേസെടുത്തുവെന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തുവെന്നും അറിയിച്ചു. 

English Summary: Kerala High Court Against ‘provocative sloganeering’ in PFI rally in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com