കൊച്ചി ∙ വിജയ് ബാബുവിനു വേണ്ടി 2 ക്രെഡിറ്റ് കാർഡുകൾ ദുബായിൽ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ഇത് എത്തിച്ചത്. കേസിൽ മുൻകൂർ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീർന്നതിനെ തുടർന്നാണു ക്രെഡിറ്റ് കാർഡുകൾ എത്തിച്ചു തരാൻ വിജയ് ബാബു സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്.
തൃശൂർ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാർഡുകൾ കൈമാറിയതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.
കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ച മലയാളി നടിയെ അടുത്ത ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും. പീഡനക്കേസിൽ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകൾക്കും സിനിമാ നിർമാണ പ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നത് ഈ നടിയാണ്.
Content Highlight: Vijay Babu case– Followup