ADVERTISEMENT

കണ്ണൂർ ∙ സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തന വിവാദങ്ങൾക്കിടെ പ്രോ വൈസ് ചാൻസലർ ഡോ. സാബു എ.ഹമീദ് സ്ഥാനമൊഴിയാൻ വിസിയെ സന്നദ്ധത അറിയിച്ചു. സർവകലാശാലയിൽ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നതിലും പരീക്ഷാ വിഭാഗത്തിൽ ചിലർ അനാവശ്യമായി കൈ കടത്തുന്നതിലും പ്രതിഷേധിച്ചാണു തീരുമാനമെന്നു സൂചനയുണ്ട്. സർവകലാശാലാ ഭരണസംവിധാനത്തിലെ ചേരിപ്പോര് രൂക്ഷം ആകുന്നതിനിടെ, സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിക്കുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ഡോ. സാബു എ.ഹമീദ്.

ചോദ്യ പേപ്പർ വിവാദത്തിനൊടുവിൽ പരീക്ഷാ കൺട്രോളർ പി.ജെ.വിൻസന്റ് കഴിഞ്ഞ ദിവസം ഡപ്യൂട്ടേഷൻ റദ്ദാക്കി മടങ്ങിയിരുന്നു. സർവകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ചെയർമാൻ കൂടിയായ പിവിസിയെ അറിയിക്കാതെയും ബോധ്യത്തിലെടുക്കാതെയും ആണ് തീരുമാനങ്ങൾ എടുക്കുന്നതെന്നാണ് അറിയുന്നത്. 

അധികാര ശ്രേണിയിൽ 2ാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനായ പിവിസിക്ക് ഫയലുകളൊന്നും നൽകാറില്ല. പരീക്ഷാ വിഭാഗത്തിന്റെ മേൽനോട്ട ചുമതല പിവിസിക്ക് ആണെങ്കിലും ഈ വിഭാഗത്തിലെ ഫയലുകളിൽ അനാവശ്യ ഇടപെടൽ ഉണ്ടാകാറുണ്ടെന്ന ആക്ഷേപവുമുണ്ട്. പരീക്ഷാ കൺട്രോളറുടെ താൽക്കാലിക ചുമതല ഈ മാസം 31നു വിരമിക്കുന്ന ഉദ്യോഗസ്ഥന് നൽകിയതു പിവിസിയെ ഔദ്യോഗികമായി അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നാണു വിവരം.

സിൻഡിക്കറ്റ്, അക്കാദമിക് കൗൺസിൽ യോഗങ്ങളിൽ പിവിസിയെ സംസാരിക്കാൻ അനുവദിക്കാതിരുന്ന സംഭവവും മൈക്ക് മ്യൂട്ട് (നിശബ്ദമാക്കൽ) ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. തലശ്ശേരി പാലയാട് ക്യാംപസിൽ ബയോ ടെക്നോളജി വിഭാഗം അധ്യാപകനായിരിക്കെ ആണ് ഒന്നര വർഷം മുൻപ് സാബു എ. ഹമീദ് കണ്ണൂർ പിവിസിയായി നിയമിക്കപ്പെടുന്നത്. വിവാദങ്ങളെപ്പറ്റി ചോദിച്ചപ്പോൾ ‘ഒന്നും പറയാനില്ല’ എന്നാണ് ഡോ. സാബു എ. ഹമീദ് പ്രതികരിച്ചത്.

പരീക്ഷാ സംവിധാനം പരിഷ്കരിക്കുന്ന കാര്യം  ചർച്ച ചെയ്യാൻ മാത്രമായിട്ടാണ് കഴിഞ്ഞ വെളളിയാഴ്ച സിൻഡിക്കറ്റിന്റെ പ്രത്യേക യോഗം വിളിച്ചതെങ്കിലും വിശദമായ ചർച്ച നടന്നില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ചോദ്യ പേപ്പർ  ആവർത്തനം തടയാനെടുത്ത നടപടികൾ റിപ്പോർട്ട് ചെയ്യുക മാത്രമാണുണ്ടായത്. മറ്റ് അജൻഡകളും ഇതേ യോഗത്തിൽ പരിഗണിക്കുകയും ചെയ്തു. വിസി ഏകാധിപതിയെ പോലെ പെരുമാറുന്നു എന്ന ആക്ഷേപം നേരത്തെ തന്നെ പ്രതിപക്ഷ സംഘടനകൾ ഉയർത്തിയിരുന്നു. 

വിസി നിശ്ചയിച്ചു നൽകുന്ന അധികാരങ്ങളാണു പിവിസിക്ക് ഉള്ളതെന്നും എല്ലാ ഫയലുകളും പിവിസി കാണണമെന്ന് ഇല്ലെന്നും സർവകലാശാലാ വൃത്തങ്ങൾ അറിയിച്ചു.

English Summary: Kannur university pro vice chancellor may resign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com