ADVERTISEMENT

തിരുവനന്തപുരം∙ വനം മേധാവി പി.കെ.കേശവൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.വി.ആർ.രാജു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.എ.റംലാബീവി എന്നിവർ ഇന്നു വിരമിക്കുന്നു. ഇവരുൾപ്പെടെ വിവിധ വകുപ്പുകളിലെ 10,207  ഉദ്യോഗസ്ഥരാണ് ഇന്ന് ഔദ്യോഗിക ജീവിതത്തോടു വിടപറയുന്നത്. ഇതിനൊപ്പം കൂട്ട സ്ഥാനക്കയറ്റത്തിനും വഴിയൊരുങ്ങും. 

1986 ബാച്ച്  ഐഎഫ്എസ് ഉദ്യോഗസ്ഥനായ പി.കെ.കേശവൻ ഊർജ മന്ത്രാലയം ഡയറക്ടർ, സിവിൽ വ്യോമയാന മന്ത്രാലയം ഡയറക്ടർ, പഞ്ചായത്തീരാജ് കാര്യ മന്ത്രാലയം ഡയറക്ടർ, കണ്ണൂർ എയർപോർട്ട് സ്പെഷൽ ഓഫിസർ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ്. 

26 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ആരോഗ്യ ഡയറക്ടർ ഡോ.വി.ആർ.രാജു എറണാകുളം പിറവം സ്വദേശിയാണ്. ഡോ.എ. റംലാബീവി കോട്ടയം, ആലപ്പുഴ, തൃശൂർ മെഡിക്കൽ കോളജുകളുടെ പ്രിൻസിപ്പൽ ആയിരുന്നു. തിരുവനന്തപുരം തോന്നയ്ക്കൽ വേങ്ങോട് സ്വദേശിയാണ്. 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സ്പെഷൽ ഓഫിസർ ഡോ.എൻ.റോയ്, തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.സാറ വർഗീസ്, ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ കൺട്രോളർ ഓഫ് റേഷനിങ് എസ്.കെ.ശ്രീലത തുടങ്ങിയവരും ഇന്നു വിരമിക്കുന്നവരിൽ ഉൾപ്പെടുന്നു. 

കൂട്ടവിരമിക്കൽ പല സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. കെഎസ്ഇബിയിൽ മാത്രം 870 പേരാണ് വിരമിക്കുന്നത്. കെഎസ്എഫ്ഇയിൽനിന്ന് 119 പേർ വിടപറയും. 

പിഎസ്‌സി ആസ്ഥാനത്തു നിന്ന് 26 പേർ പോകുന്നതോടെ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതുൾപ്പടെയുള്ള ജോലികൾ മന്ദഗതിയിലായിട്ടുണ്ട്. സെക്രട്ടേറിയറ്റിൽനിന്ന് 112 പേരാണു വിരമിക്കുന്നത്. 81 പേരും പൊതുഭരണ വകുപ്പിൽ നിന്നാണ്. ഈ വർഷം 20,719 പേരാണ് ആകെ സർവീസിൽ നിന്നു വിരമിക്കുന്നത്.

English Summary: Retirement of Government Officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com