ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ പി.ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനു നൽകിയ തെളിവുകൾ ഉള്ളടക്കം ചെയ്ത പെൻഡ്രൈവ് സൈബർ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കില്ല, തെളിവുകൾ നശിപ്പിക്കില്ല തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ പ്രതി ദിലീപ് ലംഘിച്ചതായി കുറ്റപ്പെടുത്തി പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയുടെ വാദത്തിനിടയിലാണു ഈ ആവശ്യം ഉന്നയിച്ചത്. 

കേസിൽ വിചാരണ നിർത്തിവച്ചു തുടരന്വേഷണത്തിനു വഴിയൊരുക്കിയ നിർണായക വെളിപ്പെടുത്തലുകളും മുഖ്യപ്രതി ദിലീപ് അടക്കമുള്ളവരുടെ സംഭാഷണങ്ങളും അടങ്ങിയ പെൻഡ്രൈവിന്റെ ആധികാരികതയാണു പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്തത്. 

പെൻഡ്രൈവിലെ ശബ്ദസന്ദേശങ്ങൾ അടങ്ങുന്ന ഫയലുകൾ സൃഷ്ടിച്ച തീയതികൾ കണ്ടെത്താൻ കോടതി പ്രോസിക്യൂഷനു നിർദേശം നൽകി. പെൻഡ്രൈവ് പരിശോധനയ്ക്കു വേണ്ടി ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. 

ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവായി പെൻഡ്രൈവിലുള്ള ശബ്ദ സന്ദേശം കോടതിയിൽ കേൾപ്പിച്ചപ്പോഴാണ് ഇതിന്റെ ആധികാരികത പരിശോധിക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്. ശബ്ദ രേഖ റെക്കോർഡ് ചെയ്ത ഉപകരണം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ടാബ് ഫോണിലാണു ദിലീപ് അടക്കമുള്ളവരുടെ സംസാരം റെക്കോർഡ് ചെയ്തിരിക്കുന്നതെന്നും ഈ ടാബ് കേടായപ്പോൾ അതിലെ ഫയലുകൾ ലാപ്ടോപ്പിലേക്കു മാറ്റിയ ശേഷം പെൻ ഡ്രൈവിലേക്കു പകർത്തി പൊലീസിനു കൈമാറിയെന്നുമാണു ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാൽ പ്രോസിക്യൂഷൻ പറയുന്നതു ഫയലുകൾ മൊബൈൽ ഫോണിൽ നിന്നു പെൻഡ്രൈവിലേക്കു പകർത്തിയെന്നാണ്. ഇവ പരസ്പര വിരുദ്ധമാണെന്നാണു പ്രതിഭാഗത്തിന്റെ വാദം. 

കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൽ കൃത്രിമം നടന്നിട്ടില്ലെന്ന റിപ്പോർട്ടാണു ഫൊറൻസിക് വിദഗ്ധൻ ഹൈക്കോടതിയിൽ സമർപ്പിച്ചതെന്നും പ്രതിഭാഗം ബോധിപ്പിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല. കേസിലെ സാക്ഷിയായ വിപിൻലാലിനു ലഭിച്ചതായി പറയുന്ന ഭീഷണിക്കത്ത് അന്വേഷണ ഏജൻസി തന്നെ തയാറാക്കിയതാണെന്ന ആരോപണവും പ്രതിഭാഗം അഭിഭാഷകൻ ഉന്നയിച്ചു. 

ദിലീപിനു വേണ്ടി സാക്ഷിയെ സ്വാധീനിക്കാൻ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സഹായി പ്രദീപ്കുമാർ കോട്ടാത്തല ശ്രമിച്ചു എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തമിഴ്നാടു സ്വദേശിയായ രത്നസ്വാമിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണു സാക്ഷിയെ വിളിച്ചത്. അതിനിടയിൽ പ്രദീപ്കുമാർ പ്രതി ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിലും വിളിച്ചു. ആരോപണം തെളിയിക്കാൻ ഫോണുകളുടെ ഐഎംഇഐ നമ്പർ കൈമാറാൻ കോടതി ആവശ്യപ്പെട്ടു. 

കേസിലെ പ്രധാന സാക്ഷിയായ ആലപ്പുഴ സ്വദേശി സാഗർ വിൻസന്റിനെ പ്രതിഭാഗം അഭിഭാഷകൻ ആലപ്പുഴയിലെത്തി നേരിൽ കണ്ടതു കേസിൽ ദിലീപ് റിമാൻഡിൽ കഴിയുന്ന ഘട്ടത്തിലാണ്, അത് ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ല എന്നു പ്രതിഭാഗം വാദിച്ചു. വിസ്താരത്തിൽ മൊഴി മാറ്റിയ ഡോ.ഹൈദരലി നടൻ ദിലീപിന്റെ കുടുംബ ഡോക്ടറാണ്. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് അഭിഭാഷകനെ കാണാനുള്ള സഹായമാണു ദിലീപിന്റെ സഹോദരൻ അനൂപ് ഫോണിലൂടെ ചെയ്തത്. ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴികൾ വിശ്വസനീയമല്ലെന്നും പ്രതിഭാഗം ആരോപിച്ചു. ദാസൻ പ്രതിഭാഗം അഭിഭാഷകനെ ഓഫിസിലെത്തി നേരിൽ കണ്ടതായി പറയുന്ന തീയതിയിൽ അഭിഭാഷകൻ കോവിഡ് ബാധിതനായിരുന്നെന്നും പറഞ്ഞു. 

പൊലീസ് സ്ഥിരമായി തന്നെ ഉന്നംവച്ചു നീങ്ങുന്നതായി പ്രതിഭാഗം അഭിഭാഷകൻ ബി.രാമൻപിള്ള ആരോപിച്ചു. കേസന്വേഷണം വിസ്മയജനകമാക്കാനാണു പൊലീസ് ശ്രമിക്കുന്നത്. പല തെളിവുകളും രേഖകളും വിവാദങ്ങൾക്കു വഴിയൊരുക്കും വിധം വാർത്താ ചാനലുകൾ വഴിയാണ് ആദ്യം പുറത്തുവരുന്നത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായിരുന്ന കേസിൽ പ്രതിഭാഗത്തിനു വേണ്ടി താൻ ഹാജരായ ഘട്ടത്തിലും ഇതുപോലെ നാടകീയത സൃഷ്ടിച്ചതായി രാമൻപിള്ള ചൂണ്ടിക്കാട്ടി. കേസിൽ 7നു വാദം തുടരും. 

Content Highlight: Malayalam actress attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com