ADVERTISEMENT

തിരുവനന്തപുരം ∙ തൃക്കാക്കരയിൽ ഉമ തോമസ് ജയിച്ചു കയറുമ്പോൾ എകെജി സെന്ററിലെ ഹാളിനുള്ളിലായിരുന്നു ‘ക്യാപ്റ്റൻ’ പിണറായി വിജയനും ടീമും. ജോ ജോസഫിനെ വിജയിപ്പിച്ചെടുക്കാൻ കൊച്ചിയിൽ തമ്പടിച്ചു പ്രവർത്തിച്ച നേതാക്കളും മന്ത്രിമാരും അടങ്ങിയ അതേ ടീം ! സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കവെ ഒരുമിച്ചിരുന്നാണ് ഇന്നലെ പരാജയവാർത്ത എല്ലാവരും കേട്ടത്.

ടിവിക്കു മുന്നിലിരുന്ന പി.കെ.ശ്രീമതിയും സി.എസ്.സുജാതയും ട്രെൻഡ് യുഡിഎഫിന് അനുകൂലമാണെന്നു വ്യക്തമായതോടെ എഴുന്നേറ്റു യോഗത്തിൽ പങ്കെടുക്കാനായി നീങ്ങി. ടിവിക്കു മുന്നിൽ എകെജി സെന്റർ ജീവനക്കാർ മാത്രം ബാക്കിയായി. ഇതിനിടെ ഉമയുടെ ലീഡ് 15,000 കടന്നു. യോഗം തുടർന്നു കൊണ്ടേയിരുന്നു.

25,016 വോട്ടുകൾക്ക് ഉമ ജയിച്ചെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ സെക്രട്ടേറിയറ്റ് യോഗവും കഴിഞ്ഞു. ആദ്യം പുറത്തിറങ്ങിയ മന്ത്രി പി.എ.മുഹമ്മദ് റിയാസ് മിന്നൽ പോലെ കാറിലേക്ക് ഓടിക്കയറി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ തുടങ്ങിയവർ ചാനലുകാരെ ഒഴിവാക്കി താഴത്തെ നിലയിലൂടെ പുറത്തേക്കു പോയി.

പറയാനുള്ളതെല്ലാം സെക്രട്ടറി പറയും എന്നറിയിച്ച് മന്ത്രി വി.എൻ.വാസവൻ ക്യാമറകളെ വകഞ്ഞുമാറ്റി കാറിൽ കയറി. മന്ത്രി കെ.രാധാകൃഷ്ണൻ മാധ്യമ പ്രവർത്തകരോടു കുശല സംഭാഷണം നടത്തിയെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു മിണ്ടിയില്ല. 

പിന്നാലെ ഇറങ്ങിയ മന്ത്രി പി.രാജീവ് മൈക്കുകൾക്കു മുന്നിൽ വന്നു നിന്നു. തോൽവിക്കു കാരണം എന്താണെന്ന പതിവു ചോദ്യത്തിനു രാജീവിന്റെ മറുപടി: ‘‘ഞങ്ങളുടെ വോട്ടുകളിൽ നേരിയ വർധനയുണ്ടായി. എതിരാളിയുടെ വോട്ടുകൾ നന്നായി വർധിച്ചു. മറ്റു വിഭാഗങ്ങളുടെ വോട്ടുകൾ കുറഞ്ഞു. ഇതിൽ നിന്ന് എന്താണു സംഭവിച്ചതെന്നു വ്യക്തമല്ലേ?’’

ഇത്തവണ സ്ഥാനാർഥി നിർണയം ആണോ തിരിച്ചടിയായത് എന്ന ചോദ്യം വന്നപ്പോൾ രാജീവിന്റെ മറുപടി: ‘‘അന്നു ഞാൻ മത്സരിച്ചപ്പോഴാണ് 31,777 വോട്ടിനു പിറകിൽ പോയത്’’. സർക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പു ഫലമെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടല്ലോ എന്ന് ഓർമപ്പെടുത്തിയപ്പോൾ സെക്രട്ടറി മാധ്യമങ്ങളെ കാണുന്നുണ്ടെന്നറിയിച്ച് രാജീവ് കാറിൽ കയറി.

English Summary: Bowled at 99; sadness in AKG centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com