ADVERTISEMENT

തിരുവനന്തപുരം∙ എൽഡിഎഫിന്റെ സെഞ്ചറി മോഹം തടഞ്ഞുള്ള തൃക്കാക്കരയിലെ ഉജ്വല വിജയം സംസ്ഥാന രാഷ്ട്രീയത്തിൽ യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവു പ്രഖ്യാപിച്ചു. കോൺഗ്രസിലെ പുതിയ നേതൃത്വത്തിന് ഇതു കൂടുതൽ ആത്മവിശ്വാസം പകരും. തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ ഐക്യവും ആസൂത്രണവും അണിയറ പ്രവർത്തനവും കൂടിയേ തീരൂവെന്ന പാഠം കൂടിയാണ് തൃക്കാക്കര ജനവിധി.

നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി നിലം പരിശായതോടെ എൽഡിഎഫിന് ഒപ്പം നിൽക്കാനും അധികാരത്തിലേക്കു തിരിച്ചുവരാനും ഏറെ പ്രയാസപ്പെടേണ്ടി വരുന്ന മുന്നണിയായി പലരും യുഡിഎഫിനെ ചിത്രീകരിച്ചു തുടങ്ങിയിരുന്നു. ദേശീയ തലത്തിൽ കോൺഗ്രസിന് ഉണ്ടാകുന്ന തിരിച്ചടികൾ മുന്നണിയിൽ കൂടുതൽ മ്ലാനത പരത്തി. ആ നിരാശ തൃക്കാക്കര വിജയത്തോടെ പ്രത്യാശയ്ക്കു വഴി മാറുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു കൂടുതൽ എംപിമാരെ കൊടുത്ത കേരളത്തിൽനിന്നു തന്നെ ഒരു സന്തോഷ വാർത്ത എഐസിസി നേതൃത്വത്തെയും തേടിയെത്തുന്നു.

ജീവൻ പകർന്ന് ഭൂരിപക്ഷം

ഉമ തോമസിനു പെട്ടെന്നു ലഭിച്ച സ്വീകാര്യതയും പി.ടി.തോമസ് ഉയർത്തിയ വികാരവും കോൺഗ്രസിനും യുഡിഎഫിനും തൃക്കാക്കരയിൽ ഉള്ള ആധിപത്യവും വിജയത്തിലേക്കു വഴിവച്ച ഘടകങ്ങളാണ്. എന്നാൽ മുഖ്യമന്ത്രിയും മന്ത്രിസഭയും എൽഡിഎഫ് നേതൃത്വം തന്നെയും കേന്ദ്രീകരിച്ചിട്ടും റെക്കോർഡ് ഭൂരിപക്ഷം ഉമ നേടിയതോടെ ഇതു രാഷ്ട്രീയ വിജയം തന്നെയാണെന്നു ചൂണ്ടിക്കാട്ടാൻ കോൺഗ്രസിനു സാധിക്കും. ജയിച്ചാലും ചെറിയ മാർജിനോടെ ആയിരുന്നെങ്കിൽ അതിൽനിന്നു വീണ്ടെടുക്കാൻ യുഡിഎഫിന് ഒന്നും ഉണ്ടാകുമായിരുന്നില്ല. ആകെ പോൾ ചെയ്ത വോട്ടിൽ പകുതിയിലേറെ (53%) നേടിയുള്ള ഈ ജയം മുന്നണിക്കു പകരുന്നതു ജീവൻ തന്നെയെന്നു തിരിച്ചറിഞ്ഞതിന്റെ ആഹ്ലാദമാണു യുഡിഎഫ് ക്യാംപുകളിൽ.

വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതുമുതൽ സ്ലിപ് എത്തിക്കുന്നതിൽ വരെ യുഡിഎഫ് ഇത്തവണ മുന്നിൽ നിന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പൂർണ നിയന്ത്രണത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പടനായകനായി നിന്നു. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പരമാവധി വോട്ടർമാരെ നേരിൽ കണ്ടു. പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ കെപിസിസി ഭാരവാഹികളും എംപിമാരും എംഎൽഎമാരും യുഡിഎഫ് നേതാക്കളും നിശ്ശബ്ദമായി ബൂത്തുകളുടെ അടക്കം ചുമതല ഏറ്റെടുത്ത് അക്ഷീണം പ്രവർത്തിച്ചു. മറുകണ്ടം ചാടിയ മുൻമന്ത്രി കെ.വി.തോമസിന്റെ നടപടി കോൺഗ്രസ് പ്രവർത്തകരിൽ വാശി കൂട്ടി. ഈ വിജയം തോമസിനുള്ള മറുപടി കൂടിയാണെന്ന വികാരമാണ് എറണാകുളത്തെ കോൺഗ്രസിൽ നിറയുന്നത്.

വിജയം നേതൃത്വത്തിനും

നയിച്ച ആദ്യ തിരഞ്ഞെടുപ്പിലെ ഈ ഉജ്വല ജയം  വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കൂടുതൽ ആധികാരികതയും കരുത്തും പകരും. സതീശന്റെ ഗ്രാഫ് ഉയരുന്നതിന്റെ പ്രതിഫലനങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രതിപക്ഷത്തിന്റെ സിൽവർലൈൻ വിരുദ്ധ സമരങ്ങളും ഇനി കൂടുതൽ ശക്തി പ്രാപിക്കും. 

ഒരുപിടി ഓർമകൾ

കൊച്ചി ∙ ‘‘പി.ടിക്ക് ഒരോട്ട്. പി.ടി പൂർത്തിയാക്കാൻ വച്ച പല കാര്യങ്ങളുണ്ട്. അവയെല്ലാം പൂർത്തിയാക്കാൻ എന്നെ സഹായിക്കണേ’’ –  വോട്ടർമാരോട് ഉമ അഭ്യർഥിച്ചത് ഇത്ര മാത്രം. മത്സരിച്ചത് ഉമയാണെങ്കിലും വോട്ടു പി.ടി.തോമസിനു കൂടിയായിരുന്നു! അത്രയേറെ പി.ടി നിറഞ്ഞു നിന്നൊരു മത്സരം.  വാക്കുകളായി, പാട്ടോർമകളായി, ഉറച്ച നിലപാടുകളായി, സൗഹൃദങ്ങളുടെ വാഴ്ത്തുകളായി, ആദർശങ്ങളുടെ ഓർമപ്പെടുത്തലായി. പി.ടി നിറഞ്ഞതു യുഡിഎഫ് വിജയത്തിലും നിർണായക ഘടകമായി.

മണ്ഡലത്തെ 2 വട്ടം പ്രതിനിധീകരിച്ച പി.ടിയുടെ നിഴലായി ജീവിച്ച ഉമ, അദ്ദേഹത്തിന്റെ വേർപാടിനു ശേഷം രാഷ്ട്രീയ രംഗത്തു സജീവമായതിനെ തൃക്കാക്കരയിലെ ജനം സ്വീകരിച്ചതു തികഞ്ഞ സൗഹൃദത്തോടെയായിരുന്നു. 

Content Highight: Thrikkakara by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com