ADVERTISEMENT

വാർ റൂമുകളിലല്ല, കളത്തിലാണു യുദ്ധങ്ങൾ വിജയിക്കേണ്ടത്. യുദ്ധത്തിൽ മാത്രമല്ല, തിരഞ്ഞെടുപ്പുകളിലും തന്ത്രങ്ങളുടെ പിഴവ് പരാജയത്തിൽ കലാശിക്കും. 1998ലെ നിയമസഭാ ഉപതിര‍ഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചപ്പോൾപോലും പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസായ ലെനിൻ സെന്ററിലേക്കു വിളിച്ചു വരുത്തിയാണു  സഖാവ് എം.എം.ലോറൻസ് എന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പാർട്ടിക്ക് ഇത്തരം ചില രീതിയുണ്ട്. എന്നാൽ, ഇത്തവണ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥിയെ അവതരിപ്പിച്ചതു പാർട്ടി ഓഫിസിലല്ല; സമുദായത്തിന്റെ സ്ഥാപനത്തിലാണ്. പാർട്ടി നേതാക്കൾ കാഴ്ചക്കാരായ ചടങ്ങായി അതു മാറിപ്പോയതു പാർട്ടിയുടെ അടിയുറച്ച പ്രവർത്തകരെ ദുഃഖിപ്പിച്ചു. അങ്ങനെയായിരുന്നില്ല സ്ഥാനാർഥി പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. ഇത്തവണ ജില്ലാ സെക്രട്ടറിപോലും കാഴ്ചക്കാരനായി. ജില്ലാ കമ്മിറ്റി ഓഫിസിന്റെ പ്രാധാന്യം തുടക്കത്തിലേ നഷ്ടപ്പെട്ടു.

അമിതമായ തിരഞ്ഞെടുപ്പു പ്രചാരണം മണ്ഡലത്തിലെ പ്രവർത്തകരെയും വോട്ടർമാരെയും ഉപരോധിച്ചതിനു തുല്യമായി മാറി. തൃക്കാക്കര മണ്ഡലത്തിലെ സാധാരണ ജനങ്ങളെ അടുത്തറിയാവുന്ന സാധാരണക്കാരായ പാർട്ടിപ്രവർത്തകരായിരുന്നില്ല പാർട്ടി സ്ഥാനാർഥിക്കുവേണ്ടി വോട്ടു ചോദിച്ചിറങ്ങിയത്. എവിടെനിന്നോ വന്ന, നാട്ടുകാരെ നേരിട്ടറിയാത്ത വലിയ നേതാക്കളുടെ ആധിക്യം കാരണം മണ്ഡലത്തിലെ സാധാരണ പ്രവർത്തകർക്കു സ്വാഭാവിക തിരഞ്ഞെടുപ്പു പ്രവർത്തനം നടത്തി വോട്ടുപിടിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ഞാൻ മത്സരിച്ച ഉപതിരഞ്ഞെടുപ്പിലും ഇതുപോലെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു. അവർ പാർട്ടി ഓഫിസുകൾ കേന്ദ്രീകരിച്ചു തന്ത്രങ്ങൾ ആവിഷ്കരിച്ചു. അതു ഫീൽഡിൽ നടപ്പിലാക്കേണ്ട ചുമതല പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കുമായിരുന്നു. തിരഞ്ഞെടുപ്പിൽ അവരുടെ പ്രാധാന്യം ഇല്ലാതാക്കുന്ന ഒരു ഇടപെടലും പുറത്തുനിന്നു വന്ന നേതാക്കൾ നടത്തിയില്ല. അതിന്റെ ഫലമായിരുന്നു അന്നത്തെ തിരഞ്ഞെടുപ്പു വിജയം.

കെ.വി.തോമസിന്റെ ഇടതുമുന്നണിയിലേക്കുള്ള വരവ് തിരഞ്ഞെടുപ്പിൽ നെഗറ്റീവ് ഇംപാക്ടാണ് ഉണ്ടാക്കിയത്. അന്തരിച്ച എംഎൽഎയുടെ ഭാര്യയ്ക്കു തൃക്കാക്കര മണ്ഡലം സമ്മാനിച്ച വിജയം സ്വാഭാവികമാണ്. എന്നാൽ, പ്രതീക്ഷിച്ചതിലും വലിയ സൗമനസ്യം മണ്ഡലം അവരോടു കാണിച്ചു. ഈ ഊഴം അവർക്കുള്ളതാണ്. അതൊരു ഒറ്റത്തവണ അദ്ഭുതമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.

ജനപ്രതിനിധിയുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇത്തരം സ്ഥാനാർഥികൾക്കു ജനങ്ങൾ വീണ്ടും അവസരം നൽകാറുള്ളൂ. ഇടതുമുന്നണി പ്രവർത്തകർ നിരാശപ്പെടേണ്ടതില്ല. സഹതാപവും അനുതാപവും എല്ലാ ഊഴത്തിലും വിജയം സമ്മാനിക്കാറില്ല.

(സിപിഎം മുൻ എംപിയാണ് ലേഖകൻ)

Content Highlight: Thrikkakara by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com