ADVERTISEMENT

കൊല്ലം ∙ മത്സ്യഫെഡിൽ കോടികളുടെ തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ ജീവനക്കാർക്കു കൂട്ടസ്ഥലംമാറ്റം. ഭരണസൗകര്യത്തിനെന്നാണു വിശദീകരണമെങ്കിലും തട്ടിപ്പിന്റെ കൂടുതൽ കഥകൾ ചോരാതിരിക്കാനുള്ള മുൻകരുതൽ നടപടിയെന്നാണു സൂചന. 

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കൊല്ലം, ആലപ്പുഴ, തൃശൂർ എന്നീ ജില്ലകളിലെ 12 ഉദ്യോഗസ്ഥരെയാണു സ്ഥലം മാറ്റിയത്. ഒരു കോടിയോളം രൂപയുടെ തട്ടിപ്പു കണ്ടെത്തിയ കൊല്ലം ശക്തികുളങ്ങരയിലെ കോമൺ പ്രീ പ്രോസസിങ് സെന്ററിലെ ഉദ്യോഗസ്ഥയെ ഉൾപ്പെടെ മാറ്റിയിട്ടുണ്ട്. 

മത്സ്യഫെഡിലെ അനധികൃത നിയമനങ്ങൾ വൻവിവാദമായതോടെ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ  ഉന്നത ഉദ്യോഗസ്ഥന്റെ വിശ്വസ്തനെ നിയമിച്ചതും ചർച്ചയായി. 

താൽക്കാലിക നിയമനം സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഓഫിസിൽ നിന്നു ചോരാതിരിക്കാനുള്ള മുൻകരുതലാണ് ഈ നിയമനമെന്നാണ് ആരോപണം. 

2016 ഓഗസ്റ്റ് 15 മുതൽ 2021 ഓഗസ്റ്റ് 15 വരെ 342 പേരെയാണു പിൻവാതിലിലൂടെ മത്സ്യഫെഡിൽ നിയമിച്ചത്. ഇപ്പോഴത്തെ ചെയർമാൻ ടി.മനോഹരന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്നശേഷം 27 പേരെയും നിയമിച്ചു. നിയമനം ലഭിച്ചവരിൽ ഭൂരിഭാഗവും സിപിഎം നേതാക്കളുടെ നോമിനികളോ ബന്ധുക്കളോ ആണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. 

ഈ മാസം ഒടുവിൽ നിയമസഭ കൂടാനിരിക്കെ സാമ്പത്തിക തട്ടിപ്പ്, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുപോകുന്നതിനെതിരെ ഉന്നതതലത്തിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കൊല്ലത്തെ തട്ടിപ്പു ശരിവച്ചു ഫിഷറീസ് വകുപ്പ് റിപ്പോർട്ട്

കൊല്ലത്തെ തട്ടിപ്പു ശരിവച്ചു ഫിഷറീസ് വകുപ്പ് ഡയറക്ടർ സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നൽകി. അന്തിമ റിപ്പോർട്ടിനു മുന്നോടിയായി ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുല്ലയുടെ നിർദേശപ്രകാരം ഡപ്യൂട്ടി റജിസ്ട്രാർ കെ.എസ്.രമണിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്. ശക്തികുളങ്ങരയിലെ കോമൺ പ്രീ പ്രോസസിങ് സെന്ററിലെ തട്ടിപ്പിനെക്കുറിച്ചു മത്സ്യഫെഡ് എംഡി ഡോ. ദിനേശൻ ചെറുവാട്ടും സർക്കാരിനു റിപ്പോർട്ട് നൽകി. ഒരു കോടിയോളം രൂപയുടെ തട്ടിപ്പിന്റെ വിവരങ്ങളും 2 ജീവനക്കാർക്കെതിരെ നടപടിയെടുത്തതും ചൂണ്ടിക്കാട്ടിയാണു റിപ്പോർട്ട്.

കേസിലെ ഒന്നാം പ്രതി താൽക്കാലിക അക്കൗണ്ടന്റ് എം.മഹേഷ് ഒളിവിലാണ്. രണ്ടാം പ്രതി കെ.അനിമോൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മഹേഷിന്റെ ഒളിയിടത്തെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചതായാണു സൂചന. തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. 

English Summary: Mass transfer in malsyafed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com