ADVERTISEMENT

തിരുവനന്തപുരം∙ സിൽവർലൈൻ ഡിപിആറിന് അനുമതി തേടി ചീഫ് സെക്രട്ടറി കത്തയച്ചതിനു പിന്നാലെ ഡൽഹിയിൽ റെയിൽവേ ബോർഡ് പ്രതിനിധികളെ സന്ദർശിച്ച് കെ റെയിൽ എംഡി. സിവിൽ എൻജിനീയറിങ് പദ്ധതികളുടെ ചുമതലയുള്ള ബോർഡ് അംഗവുമായാണു വി.അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത്. സിൽവർലൈൻ പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണു ധരിപ്പിച്ചത്.

അതേസമയം, ചീഫ് സെക്രട്ടറി കത്തയച്ചു രണ്ടാഴ്ച കഴിഞ്ഞിട്ടും ബോർഡ് മറുപടി നൽകിയിട്ടില്ല. ആവശ്യമെങ്കിൽ നേരിട്ടു വിശദ ചർച്ചയാകാമെന്ന നിർദേശവും കത്തിൽ വച്ചിരുന്നു. ഇതിനോടും കേന്ദ്രം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ റെയിൽവേ ഭൂമി സംബന്ധിച്ച സംശയനിവാരണം മാത്രമാണു ബോർഡ് ആവശ്യപ്പെട്ടിരുന്നതെന്നു കെ റെയിൽ പറയുന്നു. ഇതിനായി റെയിൽവേ ഭൂമിയിൽ നടത്തുന്ന സംയുക്ത സർവേ ഒരു മാസത്തിനകം പൂർത്തീകരിക്കാനാകുമെന്നു കെ റെയിൽ ബോർഡിനെ അറിയിച്ചിട്ടുണ്ട്.

എന്നാൽ സർവേ കഴിഞ്ഞാലും ഡിപിആറിന് അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ കെ റെയിലിന് ഉറപ്പില്ല. സാങ്കേതികമായ സംശയങ്ങളെല്ലാം തീർത്താലും വരേണ്ടതു രാഷ്ട്രീയ തീരുമാനമാണെന്നു കെ റെയിലും സംസ്ഥാന സർക്കാരും കരുതുന്നു. ഗതാഗത വികസന രംഗത്ത് ഒരു ലക്ഷം കോടി രൂപയുടെ ‘പിഎം ഘടിശക്തി’ പദ്ധതി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ സിൽവർലൈൻ പദ്ധതി എങ്ങനെ നിരാകരിക്കുമെന്നാണു സംസ്ഥാന സർക്കാരിന്റെ ചോദ്യം.

കല്ല് മുഴുവൻ വാങ്ങും: എംഡി

സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാതത്തിനു കല്ല് ഒഴിവാക്കിയും സർവേ നടത്താമെന്നു തീരുമാനിച്ചെങ്കിലും കരാർ പ്രകാരമുള്ള മുഴുവൻ കല്ലും വാങ്ങുമെന്നു കെ റെയിൽ എംഡി വി.അജിത്കുമാർ. കെ റെയിൽ എന്നെഴുതിയ 20000 അടയാളക്കല്ലുകൾ നിർമിച്ചു സ്ഥാപിക്കാനാണു വിവിധ ഏജൻസികളുമായി കരാർ. ഇതിൽ ഏഴായിരത്തിൽ താഴെ മാത്രമാണ് ഇതുവരെ ഉപയോഗിച്ചത്. ശേഷിക്കുന്ന കല്ല് ഇപ്പോൾ ആവശ്യം വരില്ലെങ്കിലും കരാർ റദ്ദാക്കുന്നില്ല . ഭൂമിയേറ്റെടുക്കുന്ന സമയത്തു കല്ലിടൽ നിർബന്ധമായതിനാൽ ഈ കല്ലുകൾ ആ സമയത്ത് ഉപയോഗിക്കാനാകുമെന്ന് എംഡി വ്യക്തമാക്കി.

English Summary: K Rail MD in Delhi seeking permission for Silverline DPR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com