ADVERTISEMENT

മനുഷ്യക്കടത്തിന് ഇരയായി കുവൈത്തിൽ അടിമപ്പണി ചെയ്യേണ്ടി വന്ന സ്ത്രീയുടെ മൊഴി.

കോട്ടയം ∙ ‘എന്നെ കൊണ്ടുവിട്ട ഏജന്റ് നോട്ടുകെട്ടുകളുമായി തിരികെ പോകുന്നതു നോക്കി നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. പിന്നീട് എനിക്കവിടെ അടിമപ്പണിയായിരുന്നു. അറബിയുടെ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യണം. ഭക്ഷണമുണ്ടാക്കലും അലക്കും തൂക്കലുംതുടയ്ക്കലും. അവിടത്തെ 9 കൊച്ചു കുട്ടികളെയും നോക്കണം. കുബൂസും പച്ചവെള്ളവും മാത്രമായിരുന്നു ഭക്ഷണം. അതും ദിവസം ഒരെണ്ണം കിട്ടിയാലായി. ചെറിയ തെറ്റിനു പോലും മുഖത്തിന് അടിക്കും. അടിവയറ്റിൽ ചവിട്ടും. ഹീലുള്ള ചെരിപ്പിട്ട് ശരീരം മുഴുവൻ ചവിട്ടി നടന്നു ചതച്ച് അരയ്ക്കും’– തയ്യൽജോലി എന്ന വ്യാജേന കുവൈത്തിൽ എത്തിച്ചിട്ട് അടിമജോലി ചെയ്യേണ്ടിവന്ന ഇത്തിത്താനം പൊൻപുഴ സ്വദേശിനി (48) പറഞ്ഞു. മനുഷ്യക്കടത്തിന് ഇരയായ ഇവർ രക്ഷപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയതാണ്.

ജനുവരി അവസാനമാണ് ഏജന്റ് മുഖേന കുവൈത്തിലെത്തിയത്. തയ്യൽ ജോലി, പ്രതിമാസം 45,000 രൂപ ശമ്പളം എന്നായിരുന്നു വാഗ്ദാനം. കുവൈത്തിൽ ഹോം നഴ്സായി ജോലിചെയ്യുന്ന കൂട്ടുകാരി കൂടി പറഞ്ഞതോടെ വിശ്വാസമായി. 5 സെന്റിലെ പഴയവീട് പുതുക്കിപ്പണിയണം. മക്കളുടെ വിവാഹം നടത്തണം എന്നൊക്കെയുള്ള ആവശ്യങ്ങളായിരുന്നു മനസ്സിൽ.

കണ്ണൂർ സ്വദേശിയായ അലി എന്ന ഏജന്റ് പറഞ്ഞതനുസരിച്ച് 80,000 രൂപ ടിക്കറ്റിനും വീസയ്ക്കുമായി തിരുവനന്തപുരത്തുള്ള ഗായത്രി എന്ന ആളുടെ അക്കൗണ്ടിൽ ഇട്ടു. 10–ാം ക്ലാസ് പാസാകാത്തവർക്കു കുവൈത്തിലേക്ക് നേരിട്ടു പോകാൻ കഴിയില്ലെന്നു ഏജന്റ് പറഞ്ഞിരുന്നു. ദുബായ‌് വഴിയാണു കുവൈത്തിൽ എത്തിയത്. അവിടെ വച്ചാണ് ഏജന്റിനെ നേരിൽ കാണുന്നത്. അയാളുടെ ഫ്ലാറ്റിലേക്കു കൊണ്ടുപോയി. അവിടെ മലയാളികളായ മറ്റു 2 സ്ത്രീകളും ഉണ്ടായിരുന്നു. പിന്നീട് 15 സ്ത്രീകൾ കൂടിയെത്തി.

‘ഞങ്ങൾ പരസ്പരം ഫോൺ നമ്പർ കൈമാറാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു. ഞാൻ ഒരു ബുക്കിൽ ചിലരുടെ നമ്പറുകൾ കുറിച്ചിട്ടു. 18 വയസ്സുള്ള പെൺകുട്ടികളും ആ കൂട്ടത്തിലുണ്ടായിരുന്നു. ജോലിക്കു പോയ വലിയ വീട്ടിൽ രാത്രിയും ‌പകലും ഒരുപോലെയായിരുന്നു. കിടക്കാൻ സൗകര്യം കിട്ടിയില്ല. ഇരുന്നു മയങ്ങും. ഭക്ഷണവും ഉറക്കവുമില്ലാതെയുള്ള കഷ്ടപ്പാടു മൂലം ആത്മഹത്യ ചെയ്താലോ എന്നുപോലും തോന്നി. ആ വീട്ടിലെ മുതിർന്നയാൾ പൊലീസിൽ ആയിരുന്നതിനാൽ മതിലുചാടാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ടു. ആ വീട്ടിൽ 2 മാസം ജോലി ചെയ്തു. 25,000 രൂപ ശമ്പളം തന്നു. വീട്ടിലേക്കു ഫോൺ വിളിക്കാൻ ഒരിക്കൽ അവസരം ലഭിച്ചപ്പോൾ ഞാൻ കാര്യങ്ങൾ തുറന്നുപറഞ്ഞു. നാട്ടിൽ നിന്ന് എംബസി വഴിയുള്ള ശ്രമങ്ങൾക്കൊടുവിലാണ് എന്നെ വിട്ടയയ്ക്കാൻ ഏജന്റ് തയാറായത്. എന്നെ വിറ്റ് അയാൾ പണം കൈപ്പറ്റിയിരുന്നതിനാൽ എനിക്കു പകരം മറ്റൊരു സ്ത്രീയെ അയാൾക്കു നൽകേണ്ടിവന്നു.’– സ്ത്രീ പറഞ്ഞു.

English Summary: Kuwait human trafficking case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com