ADVERTISEMENT

കൊച്ചി∙ ‘എനിക്കു സംഭവിച്ചത് ഇനി മറ്റാർക്കും വരരുത്. നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതു ഭാഗ്യം. ഞാൻ ഏതാനും ആഴ്ചകളാണ് അനുഭവിച്ചത്. മാസങ്ങളായി ദുരിതം അനുഭവിക്കുന്നവരുണ്ട്’ – ആ ദുരിതദിനങ്ങളുടെ ഞെട്ടലിലാണ്, കുവൈത്ത് മനുഷ്യക്കടത്ത് റാക്കറ്റിന്റെ തടങ്കലിൽനിന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനി. അവർ തന്റെ അനുഭവങ്ങൾ മനോരമയോടു പങ്കുവയ്ക്കുന്നു.

പാതയോരത്തെ പരസ്യം കണ്ടാണ് റിക്രൂട്ടിങ് ഏജൻസിലേക്കു ഞങ്ങൾ പോയത്. ഞാനും ഭർത്താവും ആദ്യം ചെന്നതു കൊച്ചി ചളിക്കവട്ടത്തെ ഓഫിസിലാണ്. അവിടത്തെ ജീവനക്കാരിയാണു ജോലിയെക്കുറിച്ചു വിശദീകരിച്ചത്. കുവൈത്തിൽ കുട്ടികളെ പരിചരിക്കുന്ന ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞു. എല്ലാ ജോലിയും ചെയ്യണോ എന്നു ചോദിച്ചപ്പോൾ, കുട്ടികളെ പരിചരിക്കുന്ന ജോലി മാത്രം ചെയ്താൽ മതി. ക്ലീനിങ്, പാചകം എന്നീ ജോലികളെല്ലാം ചെയ്യാൻ വേറെ ആളുണ്ടാകുമെന്നാണ് അറിയിച്ചത്. പാസ്പോർട്ടിന്റെ കോപ്പി കൊടുത്തിട്ട് അന്നു പോന്നു.

ഒരാഴ്ച കഴിഞ്ഞ് അവർ വിളിച്ചു. ഓഫിസ് കൊച്ചി രവിപുരത്തേക്കു മാറ്റി. പാസ്പോർട്ട് ആയിട്ടു വരണമെന്നു പറഞ്ഞു. വീണ്ടും ഞങ്ങൾ ജോലിയെക്കുറിച്ചു ചോദിച്ചപ്പോൾ, ഞങ്ങൾ ജോലിക്കു വിട്ടവരെല്ലാം നല്ല നിലയിലാണെന്നു പറഞ്ഞ് വാട്സാപ്പിൽ പലരുടെയും നമ്പരുകളും മറ്റും ഓഫിസ് സ്റ്റാഫ് കാണിച്ചുതന്നു. വിമാന ടിക്കറ്റും വീസയും സൗജന്യമാണെന്നും ആർടിപിസിആർ, മെഡിക്കൽ പരിശോധനാ ചെലവുകൾ മാത്രം എടുത്താൽ മതിയെന്നും പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്തായെന്നു ചോദിച്ചു ഞങ്ങൾ വിളിച്ചു. രണ്ടു ദിവസംകൂടി കാത്തിരിക്കൂ, ശരിയാക്കാമെന്നാണ് അറിയിച്ചത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീസ ശരിയായെന്ന് അറിയിച്ചു വിളിച്ചു. പറയുന്ന സമയത്ത് ആർടിപിസിആർ എടുക്കണമെന്നും ഓർമിപ്പിച്ചു. നെടുമ്പാശേരിയിലെ ഒരു ഹോട്ടലിന്റെ മുന്നിൽ വച്ചാണ് ടിക്കറ്റും മറ്റു രേഖകളും കൈപ്പറ്റിയത്. അതു തന്നയാൾ പറഞ്ഞത്, അയാൾ എയർപോർട്ടിൽ ജോലി ചെയ്യുന്നുവെന്നാണ്.

∙ പ്രതീക്ഷയോടെ പറന്ന്

നാട്ടിൽനിന്ന് ആദ്യം ദുബായിലാണ് എത്തിയത്. അവിടെ നിന്നുള്ള ഫ്ലൈറ്റിന്റെ കാര്യത്തിൽ താമസമുണ്ടെന്നും പിറ്റേന്നാണ് കുവൈത്തിലേക്കു പോകുകയെന്നും ഭർത്താവ് ഏജന്റിനെ വിളിച്ചപ്പോൾ പറഞ്ഞു. പിറ്റേന്നു രാവിലെ ദുബായിൽനിന്നു വിമാനത്തിൽതന്നെ കുവൈത്തിലെത്തി. കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ അവരവരുടെ ഏജന്റുമാർ വന്നു കൊണ്ടുപോയി. എന്നെ വിളിക്കാൻ ആരും വന്നില്ല. ഞാൻ നാട്ടിൽ ഭർത്താവിനെ വിളിച്ചപ്പോൾ അദ്ദേഹം നാട്ടിലെ ഏജന്റ് അജുമോനെ വിളിച്ചു. ‘കുവൈത്തിലെ ഏജന്റിന് നൂറുകൂട്ടം ജോലിയുണ്ട്. വരും, കൊണ്ടുപോകും’ എന്ന് അയാൾ പറഞ്ഞു. അങ്ങനെ കുറച്ചുനേരം ഇരുന്നപ്പോൾ കുവൈത്തിലെ ഏജന്റ് കണ്ണൂർ സ്വദേശി മജീദ് വന്നു. അയാളുടെ ഓഫിസിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നെ, വേറൊരു മുറിയിലേക്ക് എത്തിച്ചു. അവിടെ മലയാളികളായ വേറെ കുറച്ചു സ്ത്രീകളും ഉണ്ടായിരുന്നു. അവർ ആകെ ബുദ്ധിമുട്ടിയാണ് അവിടെ ഇരുന്നത്. ഒന്നും സംസാരിച്ചില്ല. എന്നെ കണ്ടപ്പോൾ ദയനീയമായി നോക്കി. എനിക്കൊന്നും മനസ്സിലായുമില്ല. നാളെ രാവിലെ ഓഫിസിൽ‌ പോകണമെന്നു മജീദ് പറഞ്ഞു.

∙ ദുരിതത്തുടക്കം

പിറ്റേന്ന് ഓഫിസിൽ ഒരു കുവൈത്ത് സ്വദേശിനി വന്ന് എന്നെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. മൂന്നര ലക്ഷത്തോളം രൂപ മജീദ് കൈപ്പറ്റിയായിരുന്നു അത്. അന്നുതന്നെ വീട്ടിൽ ജോലിയും തുടങ്ങി. 8 മാസം, ഒന്നേമുക്കാൽ വയസ്സ് വീതം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ ആ വീട്ടിലുണ്ട്. അവരുടെ കാര്യം നോക്കണം. എട്ട് അംഗങ്ങൾ ആകെയുണ്ട്. ഒരു ഫിലിപ്പീനി സ്ത്രീ വീട്ടിലെ പാചക ജോലിക്കുണ്ടായിരുന്നു. ആദ്യ ദിവസം വലിയ പ്രശ്നമൊന്നും തോന്നിയില്ല. പിറ്റേന്നു മുതൽ ദുരിതം തുടങ്ങി. എനിക്ക് ഭാഷ പ്രശ്നമായിരുന്നു. അവിടെ തുണിയലക്കൽ, പാത്രം കഴുകൽ, വീടു വൃത്തിയാക്കൽ ജോലികളെല്ലാം
ചെയ്യേണ്ടിവന്നു. കഴിക്കാൻ ഒന്നോ രണ്ടോ കുബൂസ് തരും. കുറച്ചു വെള്ളവും കുടിക്കും. വീട്ടുകാർ നല്ല ഭക്ഷണമാണു കഴിക്കുന്നത്. രാവിലെ ഏഴു മുതൽ രാത്രി 12 വരെയാണ് ജോലി.

കുട്ടികളെ പരിചരിക്കൽ മാത്രമല്ല ജോലിയെന്നു കണ്ടപ്പോൾ നാട്ടിൽ ഭർത്താവിനെ വിളിച്ചു കാര്യം പറഞ്ഞു. പിന്നെ, ഏജന്റ് മജീദിനെയും വിളിച്ചു. ഫോൺ വീട്ടുകാരുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു. മജീദ്, എന്നെ കൊണ്ടുപോയ വീട്ടുകാരോടു ഫോണിൽ എന്തൊക്കെയോ അറബിക്കിൽ സംസാരിച്ചു. എല്ലാം പറഞ്ഞിട്ടുണ്ട്. ഭക്ഷണമൊക്കെ ശരിയാകുമെന്ന് മജീദ് എന്നോടു പറഞ്ഞു. പിന്നെയും, എല്ലാം പഴയപോലെതന്നെ. കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും മജീദിനെ വിളിച്ചപ്പോൾ ദേഷ്യപ്പെട്ടു. ‘അവിടെ അടങ്ങി, സഹിച്ച് കഴിഞ്ഞോണ’മെന്നു പറഞ്ഞു. എന്റെ ഫോൺ വാങ്ങിവയ്ക്കാൻ ജോലി ചെയ്യുന്ന വീട്ടിൽ വിളിച്ച് അയാൾ പറഞ്ഞു. അവിടെനിന്നു മാറ്റാൻ പറഞ്ഞ ദേഷ്യത്തിന് എന്നെ ചെരുപ്പ് ഉപയോഗിച്ച് വീട്ടുകാരി അടിച്ചു.

ഇതെല്ലാം അറിഞ്ഞ ഭർത്താവ് നാട്ടിലെ ഏജന്റ് അജുമോനെ ഓഫിസിൽ ചെന്നുകണ്ടു. മൂന്നര ലക്ഷം രൂപ തന്നാൽ ഭാര്യയെ വിട്ടുതരാമെന്നും അല്ലെങ്കിൽ മജീദ് പറയുന്ന പല സ്ഥലങ്ങളിലും പോകേണ്ടിവരുമെന്നും പറഞ്ഞ് അദ്ദേഹത്തെ ഇറക്കിവിട്ടു. ഭർത്താവ് മജീദിനെ വിളിച്ചപ്പോഴും മൂന്നര ലക്ഷം രൂപ ചോദിച്ചു. ഇല്ലെങ്കിൽ സിറിയയിലേക്കു വിടുമെന്നും പറഞ്ഞു. ഭർത്താവ് നാട്ടിലെ പരിചയമുള്ള വക്കീൽ വഴി കുവൈത്തിലെ ‘ഒരുമ’ എന്ന സംഘടനയെ വിവരം അറിയിച്ചപ്പോൾ അവർ ഓൺലൈനിൽ ലൊക്കേഷൻ അയച്ചുതരാൻ പറഞ്ഞു. അതുകൊണ്ടാകും, അജുവിനോടു ഭർത്താവ് സംസാരിച്ചപ്പോൾ മജീദിന്റെ ഓഫിസിൽ കൊണ്ടുപോയി ആക്കാമെന്നും വേറെ വീട്ടിലേക്കു ജോലി മാറ്റിത്തരാമെന്നും പറഞ്ഞു.

ജോലി ചെയ്ത വീട്ടിൽനിന്ന് എന്നെ മജീദിന്റെ സ്ഥലത്തേക്കു കൊണ്ടുപോയി അവിടെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ആദ്യം വന്നപ്പോൾ കണ്ട സത്രീകൾ അവിടെയുണ്ടായിരുന്നു. കരഞ്ഞ് കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ അവർക്കും സങ്കടമായി. ഞാൻ നല്ല സ്ഥലത്തു ചെന്നു രക്ഷപ്പെടുന്നെങ്കിൽ അങ്ങനെയാവട്ടെ എന്നു കരുതിയാണ് ആദ്യമേ ഒന്നും പറയാതിരുന്നതെന്നാണ് അവർ പറഞ്ഞത്. അവർ മൂന്നു വീടുകൾ മാറി ജോലി ചെയ്തിട്ടും ദുരിതം മാത്രമായിരുന്നു. പലർക്കും പറഞ്ഞ ജോലിയൊന്നുമല്ല കിട്ടിയത്. ഇതിനിടെ കുവൈത്തിലെ ഒരുമ സംഘടനയിലെ രണ്ടു പേർ അവിടെ വന്നു. അവരും മജീദും തർക്കമുണ്ടായി. പിന്നെ, കുവൈത്തിലെ സ്പോൺസറെ അയാൾ വിളിച്ചു. ഇതിനിടെ, ഫോൺ വാങ്ങി സംഘടനാ പ്രവർത്തകർ സ്പോൺസറുമായി സംസാരിച്ചു. കാര്യങ്ങൾ ഏറെക്കുറെ ശരിയാകുമെന്ന ഒരു പ്രതീക്ഷയൊക്കെ വന്നു.

∙ മർദനം വീണ്ടും

സംഘടനാ പ്രവർത്തകർ തിരികെ പോയപ്പോൾ ഏജന്റിനു ദേഷ്യമായി. അവർക്കു ഞാനാണ് ഫോണിൽ ലൊക്കേഷൻ അയച്ചതെന്നു പറഞ്ഞ് മജീദ് എന്നെ അടിച്ചു. തടയാൻ വന്ന സ്ത്രീകളെ അടിക്കുകയും ചവിട്ടുകയും ചെയ്തു. ഡ്രസ് നീക്കി ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തടഞ്ഞു. ‘നിന്നെയൊക്കെ കളയേണ്ട രീതി എനിക്കറിയാം. ഐഎസ് എന്നു കേട്ടിട്ടുണ്ടോ. നിന്നെയൊക്കെ അവിടേക്കാണു വിടുന്നത്’ എന്നും പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി. നാട്ടിൽനിന്നു ഭർത്താവ് വീണ്ടും മജീദുമായി ഫോണിൽ സംസാരിച്ചു. അജുമോനെ വിളിച്ചിട്ട് ഫോൺ എടുത്തതുമില്ല. ഭർത്താവ് പിന്നെയും ‘ഒരുമ’ പ്രവർത്തകരെ ബന്ധപ്പെട്ട് എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നു പറഞ്ഞുകൊണ്ടിരുന്നു.

∙ നാട്ടിലേക്ക്...

പ്രശ്നം രൂക്ഷമായതോടെയും കുവൈത്തിലെ സംഘടന ഇടപെട്ടതോടെയുമാണ് രക്ഷപ്പെടുമെന്ന തോന്നലുണ്ടായത്. അഞ്ചു പേരെയാണ് അവിടത്തെ കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്നത്. ഹിന്ദി സംസാരിക്കുന്ന ഒരു സ്ത്രീയെയും ഒരു കൊല്ലം സ്വദേശിനിയെയും മറ്റൊരു വീട്ടിൽ നല്ല ജോലി നൽകാമെന്നു പറഞ്ഞു മാറ്റി. ഞങ്ങൾ വേറെ കാശൊന്നും കൊടുത്തല്ല വിദേശത്തു പോയത്. വിദേശത്തു ഞങ്ങളെപ്പോലെ ചെല്ലുന്നവരെ വീട്ടുജോലിക്കും മറ്റും കൊടുത്താണ് ഏജൻസി കാശുണ്ടാക്കുന്നത്. ഞങ്ങൾ രണ്ടുപേർ എറണാകുളംകാരും ഒരാൾ കൊല്ലത്തു നിന്നുമായിരുന്നു. ആർക്കും ശമ്പളമൊന്നും തന്നില്ല. ഒരു കുപ്പി വെള്ളം പോലും വാങ്ങാൻ വഴിയില്ലായിരുന്നു. നാട്ടിൽ വന്ന് കേന്ദ്ര ഏജൻസിക്കാണ് ആദ്യം പരാതി കൊടുത്തത്. ഇവിടെ കുടുംബത്തെ കണ്ടപ്പോഴാണ് ശ്വാസം ഒന്നു നേരെയായത്. ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ഉണ്ടാകരുതെന്നു കരുതിയാണ് പരാതിയുമായി മുന്നോട്ടുപോകുന്നത്.

English Summary: Kuwat Human Trafficking Victim Malayali Woman Reveals the Truth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com