ADVERTISEMENT

പത്തനംതിട്ട ∙ സിൽവർലൈൻ പദ്ധതിക്കു ബദലായി തിരുവനന്തപുരം– കാസർകോട് റെയിൽ പാതയിൽ വേഗം കൂട്ടാൻ റെയിൽവേ ബോർഡ് പദ്ധതി തയാറാക്കുന്നു. എന്നാൽ, ദേശീയ പദ്ധതിയുടെ ഭാഗമാണ് ഇതെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്. 5000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ യോഗം ചെന്നൈ ദക്ഷിണ റെയിൽവേ ആസ്ഥാനത്തു നടന്നു. തുടർചർച്ചകൾക്കായി ബോർഡ് എൻജിനീയിറിങ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ വൈകാതെ കേരളത്തിലെത്തും. 

കേരളത്തിലെ പാതകളിൽ സാധ്യമായ സ്ഥലങ്ങളിൽ 90, 100, 110, 130 കിലോമീറ്റർ വേഗത്തിൽ ‌ട്രെയിൻ ഓടിക്കാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്. ചെറിയ വളവുകൾ നിവർത്തിയും സാങ്കേതിക മാറ്റങ്ങൾ വരുത്തിയും വേഗം കൂട്ടാൻ കഴിയുന്ന ഇടങ്ങൾ ഉടൻ പൂർത്തിയാക്കും.

ഷൊർണൂർ–കാസർകോട് പാതയിലും ആലപ്പുഴ വഴിയുള്ള കായംകുളം–എറണാകുളം പാതയിൽ കായംകുളം മുതൽ തുറവൂർ വരെയും ചില സ്ഥലങ്ങളിലൊഴികെ 130 കിലോമീറ്ററായി വേഗം കൂട്ടാൻ കഴിയുമെന്നാണു പ്രാഥമിക വിലയിരുത്തൽ. 

തിരുവനന്തപുരം– കായംകുളം സെക്‌ഷനിൽ തിരുവനന്തപുരം–മുരുക്കുംപുഴ, പറവൂർ–കൊല്ലം, കരുനാഗപ്പള്ളി–കായംകുളം സെക്‌ഷനുകളും 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ മാറ്റം വരുത്താൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. 

കോട്ടയം വഴിയുള്ള കായംകുളം–എറണാകുളം പാതയിൽ സാധ്യമാകുന്ന സ്ഥലങ്ങളിൽ വേഗം 100 കിലോമീറ്ററാക്കും. വേഗം കൂട്ടാൻ ബുദ്ധിമുട്ടുള്ള എറണാകുളം–ഷൊർണൂർ പാതയിൽ ഇപ്പോഴുള്ള 80 ൽ നിന്നു വേഗം 90 കിലോമീറ്ററാക്കുന്നതു പരിഗണിക്കും. 

എറണാകുളം– ഷൊർണൂർ മൂന്നാം പാതയുടെ സർവേ പൂർത്തിയാകുന്ന മുറയ്ക്ക് അതു സംബന്ധിച്ചും അന്തിമ തീരുമാനമെടുക്കും. 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന വളവു കുറഞ്ഞ പുതിയ അലൈൻമെന്റാണു മൂന്നാം പാതയ്ക്കായി കണ്ടെത്തിയിരിക്കുന്നത്.

English Summary: Speed increasing in existing railway line in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com