വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവം; അന്വേഷിക്കാൻ സമിതി ഉടനില്ല

HIGHLIGHTS
  • ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനം
kidney-reciepient-death
SHARE

തിരുവനന്തപുരം ∙ ഗവ. മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ച സംഭവം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ ഉടൻ നിയോഗിക്കില്ല. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശ തോമസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമാകും ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. ആശ തോമസിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. 

ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷനും (കെജിഎംസിടിഎ) പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അന്തിമ റിപ്പോർട്ട് വരട്ടെ എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. 

പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ഏകോപന ചുമതലയിൽ വീഴ്ച സംഭവിച്ചു എന്ന പരാമർശത്തെ തുടർന്നാണു രണ്ടു വകുപ്പ് മേധാവികളെ സസ്പെൻഡ് ചെയ്യാൻ മന്ത്രി വീണാ ജോർജ് നിർദേശിച്ചത്. വകുപ്പു മേധാവികൾ സ്ഥലത്തില്ലാതിരുന്നതിനെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. 

യൂറോളജി വിഭാഗം മേധാവി ഡോ.എസ്.വാസുദേവൻ പോറ്റി, നെഫ്രോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജോർജ് എന്നിവരുടെ സസ്പെൻഷൻ ഉത്തരവ് ഇന്നലെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കി. സസ്പെൻഷനിൽ പ്രതിഷേധിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ മെഡിക്കൽ കോളജ് ഒപിക്കു മുന്നിൽ ധർണ നടത്തി. 

അതേസമയം, ഞായറാഴ്ച വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും തിങ്കളാഴ്ച മരിക്കുകയും ചെയ്ത കാരക്കോണം സ്വദേശി സുരേഷ് കുമാറിന്റെ (62) മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസ് ഇനി കഴക്കൂട്ടം അസി. കമ്മിഷണർ സി.എസ്.ഹരി അന്വേഷിക്കും. നിലവിൽ മെഡിക്കൽ കോളജ് പൊലീസിനാണ് അന്വേഷണച്ചുമതല.

English Summary: No committee soon for investigating patient death during kidney transplantation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA