ADVERTISEMENT

തിരുവനന്തപുരം∙ പൊലീസിന്റെ മൈക്ക് ലൈസൻ‍സിന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി വർധിപ്പിച്ചു. സഞ്ചരിക്കുന്ന വാഹനത്തിൽ, കേരളം മുഴുവൻ മൈക്ക് അനൗൺസ്മെന്റ് നടത്തണമെങ്കിൽ രാഷ്ട്രീയ പാർട്ടികളും കൂടുതൽ തുക നൽകണം. നിലവിലെ 5,515 രൂപ 11,030 രൂപയാക്കി (അഞ്ചു ദിവസത്തേക്ക്). പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള ഫീസ് 555 ൽ നിന്നു 610 രൂപയാ‍ക്കി. നികുതി‍യേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ സേവന–ഫീസ് നിരക്കുകൾ 10% കൂട്ടി പുതുക്കി . സേവന–ഫീസ് പുതുക്കി നിശ്ചയിക്കണമെന്ന ഡിജിപി അനിൽകാന്തിന്റെ ശുപാർശ‍യ്ക്കാണ് സർക്കാർ അംഗീകാരം നൽകിയത്.

സ്വകാര്യ–വിനോദ പരിപാടികൾ, സിനിമ ഷൂട്ടിങ് എന്നിവയ്ക്കും കൂടുതൽ തുകയൊടുക്കണം. ഇവയ്ക്കായി സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ സേവനം ആവശ്യമെങ്കിൽ (ഓരോ 4 മണിക്കൂറിനും) പകൽ 3,795 രൂപയും രാത്രി 4,750 രൂപയും നൽകണം. 

പൊലീസ് സ്റ്റേഷനിൽ ഷൂട്ടിങ് നടത്തണമെങ്കിൽ 11,025 രൂപയ്ക്കു പകരം ഇനി പ്രതിദിനം 33,100 രൂപ നൽകണം. ജില്ലയ്‍ക്കകത്ത് സഞ്ചരിക്കുന്ന വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതിനുള്ള തുക 555 ൽ നിന്നു 1,110 രൂപയാക്കി. പൊലീസ് നായയുടെ സേവനത്തിനായി പ്രതിദിനം 6,950 രൂപയും, വയർലെസ് സെറ്റ് ഉപയോഗത്തിനായി 2,315 രൂപയും നൽകണം. 

ഫിംഗർ പ്രിന്റ് ബ്യൂറോ, ഫൊറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലെ ഫീസുകൾ, അപകടവുമായി ബന്ധപ്പെട്ട രേഖകൾ, ഇതര സംസ്ഥാനത്തേക്കുള്ള വാഹന കൈമാറ്റ സർട്ടിഫിക്കറ്റ്, എംപ്ലോയീ വെരിഫിക്കേഷൻ ഫീസ് എന്നിവയും കൂട്ടി. ബാങ്കുകൾ തപാൽ വകുപ്പ് എന്നിവർക്കു പൊലീസ് എസ്കോർട്ട് നൽകുന്നതിനുള്ള തുക, നിലവിലെ നിരക്കിൽ നിന്നു 1.85 % വർധിപ്പിച്ചു. 

English Summary: Police mike licence fees increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com