ADVERTISEMENT

തിരുവനന്തപുരം∙ ചരടുള്ളതും ഇല്ലാത്തതുമായ വായ്പ ജൈക്ക (ജപ്പാൻ ഇന്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസി) നൽകാറുണ്ടെന്നും സിൽവർലൈൻ പദ്ധതിക്ക് ഇതിൽ ഏതുവേണമെന്നു തീരുമാനിച്ചിട്ടില്ലെന്നും കെ റെയിൽ എംഡി വി.അജിത്കുമാർ. പദ്ധതിയുടെ 30 % പർച്ചേസ് ഓർഡർ ജപ്പാനിലെ കമ്പനികൾക്കു നൽകണമെന്നതാണു ചരടുള്ള വായ്പയുടെ വ്യവസ്ഥ. ഇത് അംഗീകരിച്ചാൽ 0.1– 0.2 % പലിശ നിരക്കിൽ വായ്പ കിട്ടും. മറിച്ചാണെങ്കിൽ 1–2 % വരെ പലിശ നൽകണം. ഓൺലൈനിൽ തൽസമയം ജനങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകാൻ കെ റെയിൽ സംഘടിപ്പിച്ച ജനസമക്ഷം പരിപാടിയിലെ ചോദ്യത്തോടായിരുന്നു എംഡിയുടെ പ്രതികരണം.

വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കുന്നതിൽ കേന്ദ്രസർക്കാർ ഒരു പങ്കും വഹിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് എംഡി വ്യക്തമാക്കി. പ്രവർത്തനം തുടങ്ങി 20 വർഷത്തിനകം വിദേശ വായ്പ തിരിച്ചടയ്ക്കണം. തുടർന്ന്, കേന്ദ്രവും സംസ്ഥാനവും പലിശയില്ലാതെ നൽകിയ വായ്പയും എസ്പിവി ( സ്പെഷൽ പർപ്പസ് വെഹിക്കിൾ ) തിരിച്ചടയ്ക്കണം. 50 വർഷത്തിനുശേഷം സിൽവർ ലൈൻ കേന്ദ്രത്തിനു കൈമാറുമെന്നാണു കരാർ. സംയുക്ത സംരംഭമായതിനാൽ എസ്പിവിക്കു കഴിഞ്ഞില്ലെങ്കിൽ വിദേശ വായ്പത്തിരിച്ചടവ് കേന്ദ്രവും ഏൽക്കേണ്ടതാണ്. എന്നാൽ സിൽവർ ലൈനിന്റെ കാര്യത്തിൽ അതുണ്ടാകില്ല. എസ്പിവിക്കു കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന സർക്കാർ അടയ്ക്കേണ്ടിവരും. 220 കിലോമീറ്ററാണു സിൽവർ ലൈൻ പദ്ധതിയിൽ ട്രെയിനിന്റെ വേഗമെങ്കിലും സ്റ്റേഷനുകളിൽ നിർത്തിയെടുക്കുന്നതിനുള്ള സമയം കൂടി കണക്കിലെടുക്കുമ്പോൾ ശരാശരി വേഗം 135 കിലോമീറ്ററായിരിക്കുമെന്ന് എംഡി പറഞ്ഞു.

സിൽവർ ലൈൻ അലൈൻമെന്റിൽ ആകെ 196 വളവുകളുണ്ടന്നും 42 എണ്ണം കൊടുംവളവാണെന്നും സിസ്ട്ര കൺസൽറ്റിങ് കമ്പനിയുടെ പ്രോജക്ട് ഡയറക്ടർ എം.സ്വയംഭൂലിംഗം പറഞ്ഞു. കൊടുംവളവിൽ 120 കിലോമീറ്റർ വേഗം മാത്രമേ ലഭിക്കൂ. ഒരാളുടെ ഭൂമി സിൽവർ ലൈൻ വഴി രണ്ടായി വിഭജിക്കപ്പെട്ടാൽ, ഇങ്ങനെ അധികം ഭൂമി നഷ്ടമാകുന്നുണ്ടെങ്കിൽ അതു കെ റെയിൽ ഏറ്റെടുക്കില്ലെന്നു സെക്‌ഷൻ എൻജിനീയർ പ്രശാന്ത് സുബ്രഹ്മണ്യൻ പറഞ്ഞു. എന്നാൽ വിഭജിക്കപ്പെടുന്ന ഭൂമിയുടെ അളവ് കുറവാണെങ്കിൽ ഏറ്റെടുക്കാമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹികാഘാത പഠനത്തിലൂടെയേ ഇതു മനസ്സിലാക്കാൻ കഴിയൂ . പിആർഒ പി.ടി.മുഹമ്മദ് സാദിഖ് മോഡറേറ്ററായിരുന്നു. പദ്ധതിയെക്കുറിച്ചുള്ള അവതരണം, നേരത്തേ അയച്ചുകിട്ടിയ ചോദ്യങ്ങൾക്കുള്ള മറുപടി, കമന്റ് ബോക്സിലെ തൽസമയ ചോദ്യങ്ങളിൽ തിരഞ്ഞെടുത്തവയ്ക്കുള്ള മറുപടി എന്ന നിലയ്ക്കായിരുന്നു ഒന്നര മണിക്കൂർ നീണ്ട പരിപാടി. ഡിപിആർ ആദ്യഘട്ടത്തിൽ രഹസ്യമാക്കി വച്ചതിനെക്കുറിച്ചും ബഫർ സോണിലെ നഷ്ടപരിഹാരത്തെക്കുറിച്ചും സർവേക്കല്ല് വേണ്ടെന്നു വയ്ക്കാൻ വൈകിയതിനെക്കുറിച്ചുമെല്ലാം ചോദ്യങ്ങളുയർന്നെങ്കിലും മറുപടി നൽകിയില്ല.

‘പദ്ധതി മരവിപ്പിക്കാൻ തീരുമാനമില്ല’

സിൽവർ ലൈൻ പദ്ധതി മരവിപ്പിക്കാൻ സർക്കാരോ, കെ റെയിലോ തീരുമാനമെടുത്തിട്ടില്ലെന്ന് കെ റെയിൽ എംഡി വി.അജിത്കുമാർ. നേരത്തേ കല്ലിട്ട സ്ഥലത്തു സാമൂഹികാഘാത പഠനം നടക്കുന്നുണ്ട്. അതു പൂർത്തിയാകുമ്പോൾ ജിയോ ടാഗിങ് വഴിയുള്ള അടയാളപ്പെടുത്തൽ തുടങ്ങുമെന്നും എംഡി പറഞ്ഞു.

English Summary: Silverline project loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com