ADVERTISEMENT

ബാലുശ്ശേരി ∙ പ്രചാരണ ബോർഡുകൾ കീറിയെന്നാരോപിച്ച് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ആൾക്കൂട്ട വിചാരണ നടത്തി ക്രൂരമായി മർദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.  മുസ്‌ലിം ലീഗ് പ്രവർത്തകൻ കുരുടമ്പത്ത് സുബൈറിനെയാണ്  (41) കോടതി ബന്ധു വീട്ടിൽ നിന്നു പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. 

29 പ്രതികളാണ് കേസിലുള്ളത്.  ആക്രമണത്തിൽ സാരമായി പരുക്കേറ്റ  ഡിവൈഎഫ്ഐ തൃക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി വാഴേന്റവളപ്പിൽ ജിഷ്ണു (22) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 

പ്രതിരോധത്തിൽ ഡിവൈഎഫ്ഐ; പ്രതികളെ തള്ളിപ്പറയില്ലെന്ന് ലീഗ്

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മുസ്‌ലിം ലീഗ് പ്രവർത്തകരെ തള്ളിപ്പറയാതെ പാർട്ടി നേതൃത്വം. രണ്ടു ദിവസങ്ങളിലായി 3 ലീഗ് പ്രവർത്തകരാണ് കേസിൽ പിടിയിലായത്. എന്നാൽ ഇവർ അക്രമം തടയാൻ എത്തിയതാണെന്നും ഈ ദൃശ്യങ്ങൾ കണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത് എന്നുമാണ് മുസ്‌ലിം ലീഗിന്റെ വിശദീകരണം. പ്രതികൾക്ക് നിയമസഹായം നൽകുമെന്നും മുസ്‌ലിം ലീഗ് അറിയിച്ചു. 

അതേ സമയം, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ക്രൂരമായി മർദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ തന്നെ അറസ്റ്റിലായത് സംഘടനയെ പ്രതിരോധത്തിലാക്കി. 

തീവ്രവാദ സ്വഭാവത്തോടെയുള്ള ആക്രമണമാണ് നടന്നതെന്നും പിന്നിൽ എസ്ഡിപിഐ ആണെന്നും ആദ്യദിവസം തന്നെ ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു. എന്നാൽ  പ്രതിപ്പട്ടികയിൽ ഡിവൈഎഫ്ഐ ‌പ്രവർത്തകനായ നജാഫ് ഫാരിസ് ഉൾപ്പെട്ടതോടെ ഈ ആരോപണം സംഘടനയെ തിരിഞ്ഞുകൊത്തി. 

പ്രതിക്കു സംഘടനയുമായി ബന്ധമില്ലെന്നു നേതാക്കൾ വിശദീകരിച്ചതിനു പിന്നാലെ നജാഫിന്റെ സിപിഎം–ഡിവൈഎഫ്ഐ ബന്ധം വെളിവാക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  ഇനി പിടികൂടാനുള്ള പ്രതികളിൽ 2 എസ്ഡിപിഐ പ്രവർത്തകരുമുണ്ട്.

English Summary: Balussery mob attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com