രാഹുലിന്റെ ഓഫിസ് അക്രമം: തലയൂരാൻ സിപിഎം; വിടാതെ വീര്യം കൂട്ടാൻ കോൺഗ്രസ്

congress-protest
രാഹുൽ ഗാന്ധി എംപിയുടെ ഒ‍ാഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ നടത്തിയ പ്രകടനം. ചിത്രം: മനോരമ
SHARE

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേർക്കുള്ള എസ്എഫ്ഐ അതിക്രമത്തിൽ നിന്നു തലയൂരാൻ ശ്രമിക്കുന്ന സിപിഎമ്മിനെ അതിലേക്കു തന്നെ പിടിച്ചിടാനാണ് കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കം. ഇതോടെ രാഹുലിന്റെ പേരിൽ ഡൽഹി യുദ്ധക്കളമായതിനു പിന്നാലെ കേരളവും സമാനമായ സാഹചര്യത്തിലേക്കു നീങ്ങി. സ്വർണക്കടത്ത് കേസിന്റെ പേരിൽ ജൂലൈ രണ്ടിന് സെക്രട്ടേറിയറ്റിനും കലക്ടറേറ്റുകൾക്കും മുന്നിലേക്കു പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിൽ സിപിഎമ്മിന്റെ രാഹുൽ വിരുദ്ധ നീക്കവും തുറന്നു കാട്ടാൻ യുഡിഎഫ് തീരുമാനിച്ചു. 

രാഹുലിനെ തുടർച്ചയായി ഇഡി ചോദ്യം ചെയ്യുന്നത് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ ഉള്ള നീക്കമാണെന്നാണ് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഇക്കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേ രാഹുലിന്റെ ഓഫിസ് കേരളത്തിലെ സഖ്യ കക്ഷിയുടെ വിദ്യാർഥി സംഘടന അടിച്ചു തകർക്കുന്നതാണ് രാജയുടെ പാർട്ടി ഇപ്പോൾ കാണുന്നത്.

എസ്എഫ്ഐയെ നിലയ്ക്കു നിർത്തണമെന്നു തന്നെ സിപിഐ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു തുറന്നടിച്ചു. അവരെ ഉപദേശിച്ചിട്ടു കാര്യമില്ലെന്ന പരിഹാസമാണ് കാനം രാജേന്ദ്രനിൽ നിന്നുണ്ടായത്. 

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ഒരുവിധം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാഹുലിന്റെ ഓഫിസിനു നേരെ സിപിഎം വിദ്യാർഥി സംഘടനയുടെ ഈ ആക്രമണം ദേശീയതലത്തിൽ വാർത്ത ആകുന്നത്. പ്രതിപക്ഷ ഐക്യത്തിനു വിഘാതം വരുത്തുന്ന തരത്തിൽ  2019 ൽ രാഹുൽ കേരളത്തി‍ൽ വന്നു മത്സരിച്ചത് ഇടതുപക്ഷത്തിന് തീർത്തും രുചിച്ചിരുന്നില്ല. 2024 ൽ രാഹുൽ വീണ്ടും ഇവിടെ മത്സരിക്കരുത് എന്നതാണ് കോൺഗ്രസിനു മുന്നിൽ സിപിഎം വയ്ക്കാൻ തീരുമാനിച്ചിരിക്കുന്ന ഉപാധികളിൽ ഒന്ന്. ആ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഓഫിസിനു നേർക്കുള്ള എസ്എഫ്ഐ കയ്യേറ്റം ഇടതുപക്ഷത്തിനു പരമാബദ്ധമാകുന്നത്.

പാർട്ടി അറിയാതെ സംഭവിച്ചതാണെന്ന സിപിഎം വിശദീകരണം ഉൾക്കൊള്ളാൻ പ്രതിപക്ഷം തയാറല്ല. സ്വർണക്കടത്ത് കേസിൽനിന്നു ശ്രദ്ധതിരിക്കാൻ ചില സിപിഎം ബുദ്ധികേന്ദ്രങ്ങൾ തയാറാക്കിയ തിരക്കഥ എസ്എഫ്ഐ നടപ്പിലാക്കുകയാണെന്നു വിശ്വസിക്കുന്നവർ കോൺഗ്രസിലുണ്ട്. മുഖ്യമന്ത്രി തന്നെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനു വിധേയനാകാൻ ഇടയുള്ളപ്പോൾ തങ്ങളും രാഹുലിനെ എതിർക്കുകയാണെന്നു മോദിയെ ബോധ്യപ്പെടുത്താനുള്ള  നീക്കത്തിന്റെ ഭാഗമാണെന്ന പ്രചാരണവുമായി നീങ്ങാനാണ് കോൺഗ്രസ് തീരുമാനം. 

സംഘപരിവാറിനെ കൂടുതൽ ശക്തമായി എതിർക്കുന്നത് സിപിഎമ്മോ കോൺഗ്രസോ എന്ന കേരളത്തിലെ കിടമത്സരത്തിൽ പ്രതിപക്ഷത്തിനു വീണു കിട്ടിയ പെനൽറ്റി കിക്കായി മാറുകയാണ് സംഭവം. 

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിനു മറുപടിയായി ഇന്ദിരാ ഭവനിലും കന്റോൺമെന്റ് ഹൗസിലും  നടന്ന അക്രമത്തെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ഓഫിസും നേതാക്കളുടെ വീടും ആക്രമിക്കരുതെന്ന മുൻ ധാരണ ഇനി ലംഘിക്കരുതെന്ന് കഴിഞ്ഞ എൽഡിഎഫ് യോഗം തീരുമാനിച്ചു. ഇടതുമുന്നണി എത്തിച്ചേർന്ന ആ ധാരണ തന്നെയാണ് എസ്എഫ്ഐ വലിച്ചുകീറിയത്.

എസ്എഫ്ഐയുടെ പ്രവർത്തനശൈലി സംബന്ധിച്ച് സിപിഎം നേതാക്കളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. അക്കാദമിക് വിഷയങ്ങളിൽ ഇടപെടേണ്ട സംഘടന ബഫർ സോണിന്റെ പേരിൽ തെരുവിലിറങ്ങിയത് എന്തിനെന്ന ചോദ്യവും ശക്തം. 

English Summary: Rahul Gandhi's Office Attack: Political impact

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS