ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാൻ ശുപാർശ. ഗാർഹിക ഉപഭോക്താക്കൾക്ക് ലീറ്ററിന് ഒരു പൈസ വർധിപ്പിക്കാനാണ് ജല അതോറിറ്റിയുടെ നിർദേശം.

ഗാർഹികേതര, വ്യവസായ കണക‍്ഷനുകൾക്കും നിരക്കു വർധിപ്പിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വർധന അനിവാര്യമാണെന്നും ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു നൽകിയ ശുപാർശയിൽ പറയുന്നു. അതേസമയം, സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

റവന്യു കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി സേവന നിരക്കുകളിൽ മിതമായ വർധന വരുത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടതിനു പിന്നാലെ മാർച്ച് 23 ന് ധനവകുപ്പ്, ജല അതോറിറ്റി എംഡി എസ്.വെങ്കി‍ടേസപതിക്കു കത്തെഴുതി. തുടർന്നാണ് ജലഅതോറിറ്റി മാനേജ്മെന്റ് യോഗം ചേർന്ന് സർക്കാരിനു ശുപാർശ നൽകിയത്.

1000 ലീറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് 23 രൂപയാണ് ജല അതോറിറ്റിക്കു ചെലവാകുന്നത്. എന്നാൽ, ഉപഭോക്താക്കളിൽനിന്നു ലഭിക്കുന്ന ശരാശരി വരുമാനം 11 രൂപ മാത്രം. 

വ്യവസായ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് അതോറിറ്റിയുടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളിലേക്ക് കെ എസ്ഇബി വൈദ്യുതി നൽകുന്നത്. ‌ഇതുപ്രകാരം കുടിശിക ഇനത്തിൽ 1016 കോടി രൂപയാണ് ജല അതോറിറ്റി, കെ എസ്ഇബിക്കു നൽകാനുള്ളത്. 

2050 കോടി രൂപ ജല അതോറിറ്റിക്കു പിരിഞ്ഞുകിട്ടാനുണ്ട്. ഇതിൽ 1387 കോടി രൂപയും വിവിധ സർക്കാർ വകുപ്പുകളു‍ടേതാണ്. ഒരു മാസം 50 – 55 കോടി രൂപയാണ് വരുമാനമായി ലഭിക്കുന്നത്. ശമ്പളം, പെൻഷൻ ഇനത്തിൽ 32, 24 കോടി രൂപ വീതം വേണം.

2024 ഏപ്രിൽ വരെ  5% വർധന

കേന്ദ്ര സർക്കാരിന്റെ അധിക വായ്പാ വ്യവസ്ഥ പാലിക്കാനുള്ള ഉപാധി പ്രകാരം 2024 വരെ എല്ലാ ഏപ്രിലിലും ശുദ്ധജല നിരക്ക് 5% വർധിപ്പിക്കാൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് ലീറ്ററിന് ഒരു പൈസ വർധിപ്പിക്കാൻ ജല അതോറിറ്റി ശുപാർശ ചെയ്തിരിക്കുന്നത്.

 

വൈദ്യുതി നിരക്ക്: ബോർഡ് ആവശ്യപ്പെട്ട വർധന 18.14%

തിരുവനന്തപുരം ∙ വൈദ്യുതിനിരക്കിൽ ഗാർഹിക ഉപയോക്താക്കൾക്ക് ശരാശരി 18.14%, ചെറുകിട വ്യാവസായിക ഉപയോക്താക്കൾക്ക് 11.88%, വൻകിട വ്യാവസായിക ഉപയോക്താക്കൾക്ക് 11.47% എന്ന നിലയിൽ നിരക്കുവർധന വേണമെന്നാണ് ബോർഡിന്റെ ആവശ്യം. ചെറുകിട കാർഷിക ഉപയോക്താക്കൾക്കു നിലവിൽ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വൻകിട കാർഷിക ഉപയോക്താക്കൾക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കണം. കൊച്ചി മെട്രോയുടെ നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയർത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. 

കുടിശിക 2117 കോടി

2021 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ചു വൈദ്യുതി ചാർജ് കുടിശിക ഇനത്തിൽ 2117 കോടി രൂപയാണ് ബോർഡിനു പിരിഞ്ഞു കിട്ടാനുള്ളത്. ഇതിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടി‍ശിക 1,020.74 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശിക 1,023.76 കോടി.

 

English Summary: Water Charge Hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com