നികുതി പരിധിയിൽ പെടാത്ത കെട്ടിടങ്ങൾ കണ്ടെത്താൻ ഡ്രോൺ സർവേ

trivandrum-drone-survey
ക്രിയേറ്റിവ്: മനോരമ
SHARE

തിരുവനന്തപുരം ∙ നികുതി പരിധിയിൽ വരാത്ത കെട്ടിടങ്ങളും നിർമാണങ്ങളും കണ്ടെത്താൻ  തദ്ദേശസ്ഥാപനങ്ങൾ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) വഴിയും ഫീൽഡ് പരിശോധനയിലൂടെയും വിവരം ശേഖരിക്കും.  തറനിരപ്പിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ ഡ്രോണും മറ്റും വഴി ആകാശ മാർഗവും സർവേ നടത്തി കെട്ടിടങ്ങളുടെ നിലവിലെ വിസ്തീർണവും മറ്റും മനസ്സിലാക്കുന്നതാണു പദ്ധതി.

കെട്ടിടനികുതി (വസ്തുനികുതി) വരുമാനം ഗണ്യമായി കൂട്ടാൻ ഈ നടപടി സഹായിക്കും എന്നാണു വിലയിരുത്തൽ. സംസ്ഥാന ധനകാര്യ കമ്മിഷൻ നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചിരുന്നു. 

വീടുകൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും നിർമാണ അനുമതി തേടി സമയത്തു നൽകിയ പ്ലാൻ ആണ് പല തദ്ദേശസ്ഥാപനങ്ങളുടെയും പക്കലുള്ളത്.  ഇഎംഎസ് ഭവന പദ്ധതി പ്രകാരം നിർമിച്ച വീടുകളിൽ പോലും പിൽക്കാലത്ത് കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട്. അനുബന്ധ നിർമാണമോ കൂട്ടിച്ചേർക്കലുകളോ നടത്തുമ്പോൾ അനുമതി വാങ്ങണമെന്നാണു ചട്ടമെങ്കിലും പലരും പാലിക്കാറില്ല. കെട്ടിടങ്ങൾ പരിശോധിക്കാൻ പോകുന്ന ഉദ്യോഗസ്ഥർ കൃത്യമായ വിവരങ്ങൾ നൽകാറുമില്ല. 

ചില തദ്ദേശസ്ഥാപനങ്ങൾ കെട്ടിടങ്ങൾ പരിശോധിക്കാൻ നേരത്തേ ജിഐഎസ് മാർഗം തേടിയെങ്കിലും അക്രഡിറ്റഡ് ഏജൻസികൾ വലിയ തുക ഫീസ് ചോദിച്ചതു തടസ്സമായി. 2011 ജനുവരിയിൽ വസ്തുനികുതി പരിഷ്കരണത്തിന് ഉത്തരവ് വിജ്ഞാപനം ഇറക്കിയപ്പോൾ ഉടമകൾ കെട്ടിടങ്ങൾ സ്വയം അളന്ന് വസ്തുനികുതി റിട്ടേൺ സമർപ്പിക്കാൻ വ്യവസ്ഥ ചെയ്തെങ്കിലും പ്രതിഷേധത്തെ തുടർന്ന് 2013ൽ വേണ്ടെന്നു വച്ചിരുന്നു. തുടർന്നു തദ്ദേശസ്ഥാപനങ്ങൾ തന്നെ കെട്ടിടങ്ങളുടെ വിസ്തീർണം മനസ്സിലാക്കി നികുതി നിർണയിക്കാനാണു തീരുമാനിച്ചത്. 

പിരിച്ചെടുക്കാനുള്ളത് 1139.17 കോടി

വസ്തുനികുതി ഇനത്തിൽ സംസ്ഥാനത്തെ 1064 തദ്ദേശസ്ഥാപനങ്ങൾ പിരിച്ചെടുക്കാനുള്ളത് 1139.17 കോടി രൂപയാണെന്നാണ് 2021–22 സാമ്പത്തിക വർഷം അവസാനിച്ചപ്പോഴുള്ള കണക്ക്. ആകെ 2098.49 കോടി പിരിച്ചെടുക്കേണ്ടതിൽ 959.23 കോടി രൂപയാണു ലഭിച്ചത്.

English Summary: Drone survey for house taxation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS