ബിരിയാണിച്ചെമ്പ്: സ്വപ്ന പറയുമ്പോഴാണ് അറിയുന്നത്: മുഖ്യമന്ത്രി

Pinarayi Vijayan
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു ബിരിയാണിച്ചെമ്പിൽ ലോഹവസ്തുക്കൾ കടത്തിയെന്ന സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി കേട്ടപ്പോഴാണു ഈ സംഭവം താനും അറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വപ്‌ന ഉന്നയിച്ചതു വ്യാജ ആരോപണമാണെങ്കിൽ എന്തുകൊണ്ടു നിയമ നടപടി സ്വീകരിക്കുന്നില്ലെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ‘അതു ഞാൻ ആലോചിച്ചു കൊള്ളാം’ എന്നായിരുന്നു മറുപടി. സ്വപ്ന ഈ ആരോപണം ഉന്നയിച്ച ശേഷം പിണറായി ഇന്നലെയാണ് ആദ്യമായി മാധ്യമങ്ങളെ കണ്ടത്.

മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതല്ലേ കേരളത്തിൽ കലാപത്തിനു കാരണമായതെന്ന ചോദ്യത്തിന്, ‘‘നിങ്ങൾ കേരളത്തിൽ ഇപ്പോൾ വന്നയാളല്ലല്ലോ.... ഇവിടെ ജീവിച്ചയാളല്ലേ’’ എന്നായിരുന്നു മറുചോദ്യം. ‘‘നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു പലതും ഇതിന്റെ പേരിൽ കെട്ടിപ്പൊക്കാൻ ശ്രമിച്ചത് അറിയില്ലേ? ഭരണ നേതൃത്വത്തിനെതിരെ മൊഴി കൊടുക്കാൻ ചിലരുടെ മേൽ കടുത്ത സമ്മർദം ഉണ്ടായെന്നു പ്രതികളിൽ ചിലർ തന്നെ വെളിപ്പെടുത്തിയല്ലോ. അന്വേഷണ ഏജൻസികൾ തിരിച്ചും മറിച്ചും പരതിയിട്ടും എന്തെങ്കിലും കിട്ടിയോ. എൽഡിഎഫ് തീർന്നു, ഇനി തങ്ങൾ തന്നെ എന്ന ശുഭപ്രതീക്ഷയിൽ ആയിരുന്നു. എന്നിട്ടും തിരഞ്ഞെടുപ്പിൽ ജനം എൽഡിഎഫിനു 99 സീറ്റ് സമ്മാനിച്ചില്ലേ.

ഈ വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണു ചിലരുടെ മോഹം. എന്റെ കുടുംബത്തിനെതിരെ തപ്പു കൊട്ടിക്കൊടുക്കുന്നു. അങ്ങനെയൊന്നും അപകീർത്തിപ്പെടുന്നതല്ല എന്റെ പൊതു ജീവിതം. ബിരിയാണിച്ചെമ്പ് വിഷയത്തിൽ നിങ്ങൾ തെറ്റിദ്ധരിക്കില്ലെന്ന് എനിക്കറിയാം. എന്നാൽ, ഇതിന്റെ പേരിൽ അപകീർത്തിപ്പെടുത്താം എന്നു തലപ്പത്തിരിക്കുന്ന ചിലർ ചിന്തിക്കുന്നുണ്ടാകാം. ജനങ്ങൾക്കു മുന്നിലുള്ള തുറന്ന പുസ്തകമാണു ഞങ്ങളുടെ ജീവിതം. സംഘപരിവാറിനു വേണ്ടി ആരെയാണ് ഇപ്പോൾ എഴുന്നള്ളിക്കുന്നത്. അവർ പറയുന്നതു മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നു പറയേണ്ടി വന്നില്ലേ’’– മുഖ്യമന്ത്രി ചോദിച്ചു.

സ്വപ്‌ന ക്ലിഫ് ഹൗസിലെത്തിയപ്പോഴെല്ലാം കോൺസുലേറ്റ് ജനറലിന്റെ കൂടെയാണു തന്നെ കണ്ടതെന്നു നേരത്തേ വിശദീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Chief Minister Pinarayi Vijayan about Swapna Suresh allegation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS