ADVERTISEMENT

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പങ്കാളിയായി എന്നറിഞ്ഞതിനെത്തുടർന്നാണ് ആരോഗ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽപെട്ടയാളെ ഒഴിവാക്കിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. പാർട്ടി െസക്രട്ടറിയുടെ ഇൗ മറുപടി, ആക്രമണത്തിൽ മന്ത്രിയുടെ സ്റ്റാഫംഗത്തിന്റെ ഇടപെടൽ സമ്മതിക്കുന്നതും ആരോഗ്യമന്ത്രിയുടെ വാദത്തെ തള്ളുന്നതുമായി. കെ.ആർ. അവിഷിത്ത് ഓഫിസിൽ വരുന്നില്ലെന്നു കാണിച്ചു നേരത്തേ മന്ത്രിയുടെ കുറിപ്പ് ഉണ്ടായിരുന്നെങ്കിലും വയനാട് സംഭവത്തിൽ പങ്കാളിയാണെന്നതിനാലാണു ശനിയാഴ്ച പുറത്താക്കിയതെന്നു കോടിയേരി വിശദീകരിക്കുകയും ചെയ്തു.

കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ

‘‘അദ്ദേഹം കുറച്ചു നാളായി ഓഫിസിൽ വരാറില്ല. അദ്ദേഹത്തെ സംബന്ധിച്ച് ഒരു റിപ്പോർട്ട് മന്ത്രി തന്നെ കൊടുത്തിട്ടുണ്ട്. ഒഴിവാക്കണം എന്നുള്ളത്. ഇപ്പോൾ ഇൗ സംഭവത്തിൽ പങ്കാളിയാണെന്നറിഞ്ഞയുടനെ അയാളെ ആ പോസ്റ്റിൽ നിന്ന് ഒഴിവാക്കി. പങ്കാളിയെന്നു പറഞ്ഞാൽ, ആക്ഷേപം വന്നിട്ടുണ്ട് എന്നേയുള്ളൂ. ആക്ഷേപം വന്ന ശേഷമാണ് ഒഴിവാക്കാൻ തീരുമാനമെടുത്തത്. സംഭവം വരുന്നതിനു മുൻപ് തന്നെ അയാൾ വേണ്ടത്ര ജോലിക്ക് വരുന്നില്ലെന്ന് മനസ്സിലാക്കിയതിനാൽ മാറ്റിനിർത്താൻ നോട്ട് കൊടുത്തിരുന്നു. അത് ഇതുമായി ബന്ധപ്പെട്ടതല്ല.’’

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സ്റ്റാഫിൽപെട്ട എസ്എഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ.അവിഷിത്തിനെ ജോലിക്കു പതിവായ ഓഫിസിലെത്താത്ത കാരണത്താൽ നേരത്തേ തന്നെ ഒഴിവാക്കിയെന്നാണു മന്ത്രി ശനിയാഴ്ച പറഞ്ഞത്. ഓഫിസിൽ എത്തുന്നില്ലെന്നു ചൂണ്ടിക്കാട്ടി മന്ത്രിയുടെ ഓഫിസിൽ നിന്നു പൊതുഭരണ സെക്രട്ടറിക്ക് 23നു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന്, പുറത്താക്കിയ ഉത്തരവിലും പറഞ്ഞിരുന്നു.

ഇതേസമയം, ആരോഗ്യമന്ത്രിയുടെ സ്റ്റാഫാണു രാഹുൽ ഗാന്ധിയുടെ ഓഫിസ് അതിക്രമത്തിനു നേതൃത്വം നൽകിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചതിനു ശേഷമാണ് ഈ നടപടികളെല്ലാം ഉണ്ടായത്. അവിഷിത്തിനെ മുൻകാല പ്രാബല്യത്തിൽ ഇൗ മാസം 15നു പുറത്താക്കിയെന്നാണ് 25 നു വൈകിട്ട് ഉത്തരവിറക്കിയത്. ഇന്നലെ പത്രസമ്മേളനത്തിലാണു കോടിയേരി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

English Summary: Veena George's personal staff suspension row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com