ADVERTISEMENT

കൊച്ചി ∙ വിദേശത്തുള്ള പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത തേടി ഹൈക്കോടതി സിംഗിൾ ബെഞ്ച് വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. വിജയ് ബാബു കേസിൽ മറ്റൊരു സിംഗിൾ ബെഞ്ചിന്റെ പരാമർശം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ നടപടി.

പത്തനംതിട്ട കോയിപ്പുറം പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിൽ പ്രതിയായ യുവതി കുവൈത്തിൽ നിന്ന് മുൻകൂർ ജാമ്യത്തിനായി നൽകിയ ഹർജിയിലാണു വിഷയം ഡിവിഷൻ ബെഞ്ചിനു വിട്ടത്. യുവതിയുടെ ജാമ്യാപേക്ഷ ആദ്യം തള്ളിയിരുന്നു. രണ്ടാമത്തെ അപേക്ഷയിൽ അവർ കുവൈത്തിലാണെന്ന കാരണത്താൽ തള്ളാൻ കോടതി തീരുമാനിക്കുന്നതിനിടെയാണ് നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് ഉപാധികളോടെ മറ്റൊരു ബെഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചത്. തുടർന്നു വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കു കോടതി വിട്ടു. യുവതിക്ക് വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.

കോടതി പറഞ്ഞത്

ഗുരുതരമായ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞതിനുശേഷം ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് ഒളിച്ചോടുന്ന ഒരാൾ വിദേശത്തിരുന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുകയും രാജ്യത്തിന്റെ നിയമത്തെ വെല്ലുവിളിക്കുകയും ചെയ്യുമ്പോൾ നിഷേധിക്കാൻ കോടതിക്ക് അധികാരമുണ്ട്. പ്രതിക്ക് അറസ്റ്റിനു മുൻപ് ജാമ്യം നൽകണമെങ്കിൽ ക്രിമിനൽ നടപടി ചട്ടം പ്രകാരം ഇടക്കാല ജാമ്യം നൽകാം. ഇടക്കാല ജാമ്യത്തിന് ഉത്തരവിടാതെ, അറസ്റ്റ് തടസ്സപ്പെടുത്താൻ കോടതിക്ക് അധികാരമില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇടക്കാല ജാമ്യം അനുവദിച്ചിട്ടില്ലെങ്കിൽ പൊലീസിന് അറസ്റ്റ് ചെയ്യാൻ അധികാരമുണ്ടെന്നും കോടതി പറഞ്ഞു.

ക്രിമിനൽ നടപടി ചട്ടം 438–ാം വകുപ്പ് പ്രകാരം അന്വേഷണത്തിനിടെ പ്രതിയുടെ അറസ്റ്റ് തടയാൻ കോടതിക്ക് അധികാരം ഇല്ല. ഇത്തരത്തിലുള്ള പ്രതിക്ക് ഇടക്കാല ജാമ്യത്തിനുപോലും അർഹതയില്ല. ഇക്കാര്യത്തിൽ കോടതിക്ക് വിവേചന അധികാരമുണ്ട്. ഇത്തരം വ്യക്തികളെ ഇടക്കാല ജാമ്യത്തിനുള്ള അധികാരം ഉപയോഗിച്ചു കോടതി രാജ്യത്തേക്കു ക്ഷണിക്കേണ്ടതില്ല. അയാളെ അറസ്റ്റ് ചെയ്യേണ്ടത് പ്രോസിക്യൂട്ട് ചെയ്യുന്ന ഏജൻസിയുടെ ഉത്തരവാദിത്തമാണ്. 

വിദേശത്തുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്ന് എസ്.എം.ഷാഫി കേസിലും ഷാർജ സെക്സ് റാക്കറ്റ് കേസിലെ പ്രതി സൗദ ബീവിയുടെ കേസിലും വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി പറഞ്ഞു. ഡിവിഷൻ ബെഞ്ചിൽ റഫർ ചെയ്യാതെ സിംഗിൾ ബെഞ്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കരുതായിരുന്നെന്നും ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. 

വിജയ് ബാബു കേസിലെ ഉത്തരവ്

വിദേശത്തിരിക്കുന്നയാൾക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിനെ 438–ാം വകുപ്പ് വിലക്കുന്നില്ലെന്നാണു വിജയ് ബാബുവിനു മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ ജഡ്ജി പറയുന്നത്. ഇന്ത്യയ്ക്കു പുറത്തു ജീവിക്കുന്നവർക്കും അറസ്റ്റിൽനിന്നു സംരക്ഷണം തേടി അപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി.

English Summary: Difference of opinion regarding anticipatory bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com