ADVERTISEMENT

കൊച്ചി∙ കെഎസ്ആർടിസിക്കു വിനാശകരമായ സമരങ്ങൾ ജീവനക്കാർ തുടർന്നാൽ എല്ലാ മാസവും അഞ്ചിനു മുൻപു ശമ്പളം ലഭ്യമാക്കാനുള്ള കോടതിയുടെ ശ്രമങ്ങൾ ബുദ്ധിമുട്ടിലാകുമെന്നു ഹൈക്കോടതി മുന്നറിയിപ്പു നൽകി. എല്ലാ വിഭാഗം ജീവനക്കാരും ഇതു മനസ്സിലാക്കണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ശമ്പള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ, ആസ്ഥാന കാര്യാലയം ഉൾപ്പെടെ ഓഫിസുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തി യൂണിയനുകൾ ഉപരോധം നടത്തുന്നതു കെഎസ്ആർടിസി മാനേജ്മെന്റ് ശ്രദ്ധയിൽപെടുത്തിയ സാഹചര്യത്തിലാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യഥാസമയം ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരായ ആർ. ബാജി തുടങ്ങിയവർ നൽകിയ ഹർജിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്ആർടിസി ഉപഹർജി നൽകുകയായിരുന്നു. എന്നാൽ തങ്ങൾ സമരത്തിൽ പങ്കെടുക്കുന്നില്ലെന്ന് ഹർജിക്കാർ അറിയിച്ചു.കാര്യക്ഷമത കൂട്ടി ഭാവിയിലെങ്കിലും ലാഭത്തിലാക്കാൻ കഴിയുമോ എന്നാണു നോക്കുന്നത്.  എല്ലാ മാസവും അഞ്ചിനകം ശമ്പളം ഉറപ്പാക്കാനാണ് ആത്യന്തികമായി ശ്രമിക്കുന്നതെന്നും ഇതിനിടെ വിനാശകരമായ നടപടി അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. 

ചീഫ് സെക്രട്ടറി, ധനകാര്യ അഡീ. ചീഫ് സെക്രട്ടറി എന്നിവരെ ഹർജിയിൽ കക്ഷിചേർത്തു. കെഎസ്ആർടിസിയുടെ ഉപഹർജിയിൽ യൂണിയനുകൾക്കു പ്രത്യേക ദൂതൻ മുഖേന നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. ശമ്പളം അഞ്ചിനു മുൻപ് ഉറപ്പാക്കാനുള്ള തീരുമാനം വേണമെന്നും ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, മിനിസ്റ്റീരിയൽ, സ്റ്റോർ ജീവനക്കാർക്കു ശമ്പളം നൽകാതെ മേലുദ്യോഗസ്ഥർക്കു ശമ്പളം നൽകരുതെന്നും കോടതി ഉത്തരവുകൾ നൽകിയിരുന്നു. ഇവ നടപ്പാക്കുന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ യൂണിയനുകൾ ഉപരോധ സമരം നടത്തുകയാണെന്ന് ആരോപിച്ചാണു കെഎസ്ആർടിസിയുടെ ഉപഹർജി. 

ശാശ്വത പരിഹാരത്തിന് 250 കോടി വേണമെന്ന് ആവശ്യം

തിരുവനന്തപുരം∙ ശമ്പളം കൊടുക്കാൻ പോലും പണം തികയാത്ത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ കെഎസ്ആർടിസിക്ക് ഒറ്റത്തവണയായി 250 കോടി ലഭ്യമാക്കുന്നതുൾപ്പെടെ ഗതാഗത വകുപ്പിന്റെ നിർദേശം മന്ത്രി ആന്റണി രാജു മുഖ്യമന്ത്രിക്കു സമർപ്പിച്ചു. മുഖ്യമന്ത്രിയുമായി നാളെ ചർച്ച നടന്നേക്കും. എല്ലാ മാസവും 5 നു മുൻപ് ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ട്രേഡ് യൂണിയനുകളുമായി മന്ത്രി ഇന്നു ചർച്ച നടത്തും.

സുശീൽ ഖന്ന റിപ്പോർട്ടിലുള്ള പ്രകാരം സിംഗിൾ ഡ്യൂട്ടി സംവിധാനം കൊണ്ടുവരണമെന്ന ആവശ്യവും മുഖ്യമന്ത്രിക്കു നൽകിയ നിർദേശങ്ങളിലുണ്ട് . ഇപ്പോൾ ഡബിൾ ഡ്യൂട്ടി സംവിധാനത്തിൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നു. ദിവസവും 500 ബസുകൾ കണ്ടക്ടറുടെയും ഡ്രൈവറുടെയും ലഭ്യതക്കുറവു മൂലം സർവീസിന് അയയ്ക്കാനാകുന്നില്ല. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുകയാണെങ്കിൽ ആഴ്ചയിൽ 6 ദിവസവും ജീവനക്കാർ ജോലിക്കെത്തും. എന്നാൽ ഇതിനെ യൂണിയനുകൾ എതിർക്കുകയാണ്. ഇതിൽ അനുഭാവ നിലപാടിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ സഹായം തേടിയത്. കെഎസ്ആർടിസി വാങ്ങുന്ന ഡീസലിൽ  സംസ്ഥാന  നികുതി ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. 

English Summary: High court warning to ksrtc unions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com