ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ നേതാവ് എം.ജി.സുരേഷ്കുമാർ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത വകയിൽ കെഎസ്ഇബിക്കു നഷ്ടം വരുത്തിയ 6,72,560 രൂപ അടച്ചില്ല. 

ഏപ്രിൽ 19നു ചെയർമാൻ നോട്ടിസ് നൽകി, രണ്ടു മാസം കഴിഞ്ഞിട്ടും പണമടച്ചില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിലാണു വെളിപ്പെടുത്തിയത്. ഉദ്യോഗസ്ഥൻ തടസ്സവാദം ഉന്നയിച്ചിരിക്കുകയാണെന്നും ഇതു പരിശോധനയിലാണെന്നും മന്ത്രി അറിയിച്ചു.

നിലവിൽ പെരിന്തൽമണ്ണ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫിസിൽ എക്സിക്യൂട്ടീവ് എൻജിനീയറായ സുരേഷ്കുമാർ മുൻ മന്ത്രി എം.എം.മണിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തപ്പോൾ വാഹനം സ്വകാര്യ ആവശ്യത്തിനു ദുരുപയോഗം ചെയ്തെന്നാണു കണ്ടെത്തൽ. 

കെഎസ്ഇബി വിജിലൻസ് വിഭാഗം നൽകിയ അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണു തുക അടയ്ക്കാൻ സുരേഷ്കുമാറിനു ചെയർമാൻ നോട്ടിസ് നൽകിയത്.

2022 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും 1352 കോടി രൂപ വൈദ്യുതി കുടിശിക അടയ്ക്കാനുണ്ടെന്നു മന്ത്രി പറഞ്ഞു. 996.90 കോടി അടയ്ക്കാനുള്ളതു ജല അതോറിറ്റിയാണ്. 

റഗുലേറ്ററി കമ്മിഷനു മുൻപിൽ വൈദ്യുതി ബോർഡ് സമർപ്പിച്ച 2022–23 മുതൽ 2026–27 വരെയുള്ള മൾട്ടി ഇയർ താരിഫ് എസ്റ്റിമേറ്റ് കണക്കും ബോർഡിന്റെ 2022–23ലെ ബജറ്റ് എസ്റ്റിമേറ്റ് കണക്കും തമ്മിൽ വ്യത്യാസമുണ്ടെന്നു മന്ത്രി സമ്മതിച്ചു. 

ബജറ്റിൽ 496 കോടി രൂപ ലാഭം സൂചിപ്പിക്കുന്നുണ്ട്. എന്നാൽ എആർആർ പ്രകാരമുള്ള റവന്യു വിടവ് 2852 കോടി രൂപയാണ്. വ്യത്യസ്ത ആവശ്യങ്ങൾക്കും വ്യത്യസ്ത മാനദണ്ഡപ്രകാരവും തയാറാക്കുന്നവയാണു രണ്ടും എന്നതിനാലാണു വ്യത്യാസപ്പെട്ടതെന്നു മന്ത്രി വിശദീകരിച്ചു.

ഗാർഹിക പുരപ്പുറ സൗരോർജ സബ്സിഡി പദ്ധതിയിൽ ഇതുവരെ 19.8 മെഗാവാട്ട് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ലഭിച്ചു. ആകെ 25 മെഗാവാട്ടാണ് അനെർട്ട് മുഖേന സ്ഥാപിക്കുന്നത്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ കൺസൽറ്റൻസി, ഡിപ്പോസിറ്റ് അടിസ്ഥാനത്തിൽ സൗരോ‍ർജനിലയങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Content Highlight: KSEB vehicle misuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com