ADVERTISEMENT

തിരുവനന്തപുരം∙ പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ 2019 ഒക്ടോബർ 23 നുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കി ഇക്കാര്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര ഉന്നതാധികാര സമിതി എന്നിവരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ മുഖ്യമന്ത്രിക്കു നിവേദനം നൽകി.

സംരക്ഷിത വനമേഖ‍ലകളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി നിലനിർത്തണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണെന്നു നി‍വേദനത്തിൽ പറയുന്നു. പരിസ്ഥിതി ലോലമേഖല ഒഴിവാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ടി.സിദ്ദിഖ്, സനീഷ് കുമാർ ജോസഫ്, സജീവ് ജോസഫ്, സണ്ണി ജോസഫ്, എ.പി.അനിൽകുമാർ, റോജി എം.ജോൺ, ഐ.സി.ബാലകൃഷ്ണൻ, എൻ.ഷംസുദ്ദീൻ എന്നിവരാണു നിവേദനം കൈമാറിയത്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് ചർച്ച ചെയ്യാൻ ഉമ്മൻചാണ്ടി സർക്കാർ സർവകക്ഷിയോഗം വിളിച്ചതു മാതൃകയാക്കണം. ജനപ്രതിനിധികളുടെ യോഗം ഉടൻ വിളിക്കണമെന്നും ആവശ്യപ്പെട്ടു.

ഇടതു സർക്കാരിനു ഗുരുതര തെറ്റു പറ്റി:  ഉമ്മൻചാണ്ടി

തിരുവനന്തപുരം∙ ഇടതു സർക്കാരിന്റെ കെടുകാര്യസ്ഥതയും അനവധാ‍നതയുമാണു പരിസ്ഥിതി ലോല മേഖല(ഇഎസ്‌സെഡ്) വിഷയത്തിലുണ്ടായ പ്രതിസന്ധിക്കു കാരണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സംഭവിച്ച ഗുരുതര തെറ്റ് തിരുത്തുന്ന‍തിനു പകരം വിഷയവുമായി ഒരു ബന്ധവുമില്ലാത്ത രാഹുൽ ഗാന്ധി എംപിയുടെ തലയിൽ അതിന്റെ ഉത്ത‍രവാദി‍ത്തം കെട്ടിവച്ചു രക്ഷപ്പെടാനാണു പിണറായി സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംരക്ഷിത മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി തീരുമാനമെടുത്തത് ഒന്നാം പിണറായി സർക്കാരാണ്. തുടർന്നാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരടു വിജ്ഞാപനം പുറപ്പെടുവിച്ചതും സുപ്രീം കോടതി വിധി ഉണ്ടായതും.

ജനവാസ മേഖല പൂർണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു ശുപാർശ സമർപ്പിക്കാൻ 2013 മേയ് 8 ന് ചേർന്ന യുഡിഎഫ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. 2015ൽ കേന്ദ്രത്തിനു സംസ്ഥാന സർക്കാർ നിർദേശം സമർപ്പിച്ചു. ഇതിന്മേൽ 2016 ൽ കേന്ദ്ര ഉന്നതാധികാര സമിതി വിശദാംശങ്ങൾ ആവശ്യപ്പെട്ടെങ്കിലും 2018 വരെ ഇടതു സർക്കാർ ഒരു രേഖയും കൈമാറിയില്ല– ഉമ്മൻ ചാണ്ടി പറഞ്ഞു. 

English Summary: Opposition MLAs ask to cancel cabinet decision regarging Eco Sensitive Zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com