ADVERTISEMENT

തിരുവനന്തപുരം ∙ ഒന്നാം പിണറായി സർക്കാർ ബ്രൂവറി അനുവദിക്കാൻ തീരുമാനിച്ചതിൽ അഴിമതി നടന്നതായി ആരോപിച്ചു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തുടർനടപടി അവസാനിപ്പിക്കണമെന്ന വിജിലൻസ് അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണു വിധി.

ബ്രൂവറിക്ക് അനുമതി നൽകിയ സമയത്തെ സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി അനുവദിച്ചു. സാക്ഷികളുടെ മൊഴി നേരിട്ടു രേഖപ്പെടുത്തുന്ന ഘട്ടമായതിനാൽ ഫയലുകൾ സാക്ഷികളെ കാണിക്കാൻ സാധിക്കില്ലെന്നായിരുന്നു വിജിലൻസ് നിലപാട്.

ബ്രൂവറി അനുവദിക്കുന്നതിൽ അഴിമതി ആരോപിച്ചു ഹൈക്കോടതിയിൽ മറ്റൊരാൾ നൽകിയ ഹർജി നേരത്തേ തള്ളിയിരുന്നതായി സർക്കാർ ചൂണ്ടിക്കാട്ടി. ബ്രൂവറി അനുവദിച്ച വിഷയത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ചെന്നിത്തല ഗവർണറെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ അനുമതി നൽകിയിരുന്നില്ല. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സർക്കാർ അനുമതി വേണമെന്നാണു സുപ്രീം കോടതിയുടെ നിർദേശം. ഇക്കാരണത്താൽ ചെന്നിത്തലയുടെ ഹർജിക്കു നിയമസാധുതയില്ലെന്നായിരുന്നു വിജിലൻസ് നിലപാട്. ഇതേ നിലപാടാണു തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലും സ്വീകരിച്ചത്. 

എന്നാൽ, കോടതി ഇപ്പോൾ പരിഗണിക്കുന്നത് സ്വകാര്യ ഹർജിയുടെ ഭാഗമായുള്ള നിയമനടപടികളാണെന്നു ചെന്നിത്തലയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതിന്റെ അന്തിമരൂപം എന്താണെന്നു കോടതി വിധി വന്നാലേ അറിയാൻ കഴിയൂ. അതിനാൽ  തുടർനടപടി നിർത്തിവയ്ക്കണമെന്ന വിജിലൻസിന്റെ ഹർജി തള്ളണമെന്നും ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു. കഴിഞ്ഞതവണ ചെന്നിത്തലയുടെ മൊഴിയെടുത്ത ശേഷം മുൻമന്ത്രിമാരെ സാക്ഷികളായി വിസ്തരിക്കാൻ നോട്ടിസ് നൽകിയിരുന്നു. 

അനുമതി 2018ൽ; വിവാദമായതോടെ സർക്കാർ പിന്മാറ്റം

ഒന്നാം പിണറായി സർക്കാർ 2018ൽ ബ്രൂവറികൾ (ബീയർ ഉൽപാദനശാല) അനുവദിക്കാൻ തീരുമാനിച്ചതിൽ അഴിമതിയുണ്ടെന്നാണ് അന്നു പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ ആരോപണം. വിവാദമായതോടെ തീരുമാനത്തിൽനിന്നു സർക്കാർ പിന്മാറിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ, അന്നത്തെ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്, ബ്രൂവറി അനുമതി ലഭിച്ച പാലക്കാട്, കണ്ണൂർ, എറണാകുളം ജില്ലകളിലെ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർമാർ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണു ചെന്നിത്തലയുടെ ആവശ്യം.  

ബ്രൂവറിക്കു കൊച്ചി കിൻഫ്ര പാർക്കിൽ സ്ഥലം അനുവദിച്ചതിന്റെ പേരിൽ അന്നു വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജനെ രമേശ് ചെന്നിത്തല കേസിൽ സാക്ഷിയാക്കി. ബ്രൂവറി അനുമതി വേണ്ടത്ര ചർച്ച ചെയ്യാതെയാണെന്ന പ്രതികരണത്തിന്റെ പേരിൽ മുൻമന്ത്രി വി.എസ്.സുനിൽകുമാറിനെയും സാക്ഷിയാക്കി. എന്നാൽ രണ്ടുപേരും ഇതുവരെ വിസ്താരത്തിന് എത്തിയിട്ടില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ കാരണം പറഞ്ഞാണ്  ഒടുവിൽ ഒഴി‍ഞ്ഞുമാറിയത്. വിസ്താരം ഈമാസം 17നു നടക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 

∙ ‘രമേശിന്റെ സാക്ഷിയാകാൻ എന്നെ കിട്ടില്ല. കേസ് കോടതിയിൽ നേരിടും.’ - ഇ.പി.ജയരാജൻ (എൽഡിഎഫ് കൺവീനർ)

English Summary: Setback for State government on Brewary case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com