രാഷ്ട്രീയ സ്ഫോടനം; ആരോപണം തള്ളി കോൺഗ്രസ്, ‘സംശയിച്ച്’ സിപിഎം

akg-centre-attack-9
എകെജി സെന്ററിന്റെ മുന്നിൽ നിന്നുള്ള ദൃശ്യം. ഇടത്തേയറ്റത്തെ ഗേറ്റിലാണ് സ്ഫോടകവസ്തു എറിഞ്ഞത്.
SHARE

തിരുവനന്തപുരം∙ പല നാളായി കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തെ എകെജി സെന്റർ ആക്രമണം സ്ഫോടനാത്മകമാക്കി. സംയമനം പാലിക്കണമെന്ന് സിപിഎം നി‍ർദേശിച്ചെങ്കിലും അണികൾ അതേപടി പാലിച്ചിട്ടില്ല. പക്ഷേ, സിപിഎം ഭരിക്കുമ്പോൾ അവരുടെ പാർട്ടി ആസ്ഥാനത്തിനു നേരെ സ്ഫോടക വസ്തു എറിയാൻ മുതിർന്നത് ആര് എന്നത് ഇപ്പോഴും ചോദ്യചിഹ്നം.

കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണു സിപിഎം ആഗ്രഹം. കോൺഗ്രസ് തന്നെയാണ് അതു ചെയ്തതെന്നു ചാനലുകളോടു പ്രതികരിച്ച എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ അഭിപ്രായം പാർട്ടിയോ മുന്നണിയോ അതേപടി ഏറ്റെടുത്തിട്ടില്ല. പിണറായി സർക്കാരിനു തടസ്സം നിൽക്കുന്ന വലതുപക്ഷ ശക്തികളെയാണ് സിപിഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തിയത്. എൽഡിഎഫിനു വേണ്ടി ജയരാജൻ തന്നെ ഇറക്കിയ പത്രക്കുറിപ്പിലും കോൺഗ്രസാണു ചെയ്തത് എന്ന് ആരോപിച്ചില്ല. സർക്കാർ അന്വേഷിച്ചു കണ്ടെത്തിയ ശേഷം അത്തരം പ്രതികരണം മതിയെന്നാണ് ഔദ്യോഗിക തീരുമാനം.

നിയമസഭയിലും പുറത്തും സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്നതിനിടെ എകെജി സെന്റർ ആക്രമിച്ച് സ്വയം വെട്ടിലാകാൻ മുതിരുമോ എന്നാണു കോൺഗ്രസ് ചോദിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടത്തിയ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞില്ലെങ്കിലും, വേണ്ടിയിരുന്നില്ല എന്ന അഭിപ്രായമായിരുന്നു നേതാക്കൾക്ക്. വയനാട്ടിൽ എസ്എഫ്ഐക്കാർ തകർത്ത ഓഫിസ് സന്ദർശിക്കാൻ രാഹുൽ ഗാന്ധി വരുന്നതിനു തലേ രാത്രി സിപിഎം ആസ്ഥാനത്തിനു നേർക്ക് അക്രമം എന്ന ആശയം തന്നെ കോൺഗ്രസ് തള്ളുന്നു.

രാഹുലിന്റെ സന്ദർശനത്തിന്റെ പ്രാധാന്യം കുറയ്ക്കാനും സ്വർണക്കടത്തുകേസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതിസന്ധിയിലായിരിക്കെ പാർട്ടി വികാരം ഉയർത്താനും ചിലരുടെ ബുദ്ധിയിൽ വിരിഞ്ഞ ആശയം ആകാമെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. ജയരാജനാണു സംഘടിപ്പിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആരോപിക്കുകയും ചെയ്തു.

പുതിയ നേതൃത്വത്തിന്റെ തണലിൽ കോൺഗ്രസുകാർ ഇതും ചെയ്യുമെന്നാണ് സിപിഎം നേതാക്കൾ തിരിച്ചടിക്കുന്നത്. കലുഷിത അന്തരീക്ഷം മുതലെടുക്കാൻ ആഗ്രഹിക്കുന്ന വേറെയാരെങ്കിലും ആകാം എന്നതാണു മറ്റൊരു നിഗമനം. കലാപം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരേ എകെജി സെന്ററിനു നേരെ ആക്രമണത്തിനു മുതിരൂവെന്നും പാർട്ടി കണക്കുകൂട്ടുന്നു.

വെള്ളിയാഴ്ചകളിലെ പതിവ് സെക്രട്ടേറിയറ്റ് യോഗം ഇന്നലെ ഉണ്ടായില്ല. എങ്കിലും മുഖ്യമന്ത്രി അടക്കം സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ഭൂരിഭാഗവും എകെജി സെന്ററിലെത്തി. അക്രമം നടത്തി പ്രതിഷേധിക്കാനാണു ഭാവമെങ്കിൽ അങ്ങനെയുള്ളവർ അതിനു പോവേണ്ടെന്ന കർശന നിർദേശം മുഖ്യമന്ത്രി തന്നെ പാർട്ടിക്കു നൽകി. ലോക്കൽ കമ്മിറ്റി തലത്തിൽ വൈകിട്ട് പ്രതിഷേധ പ്രകടനം നടന്നു.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് എകെജി സെന്ററിനു നേർക്കു സ്ഫോടകവസ്തു എറിഞ്ഞത്. ഇന്ദിരാഭവൻ കേസിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ലെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. 

പാർട്ടി ഓഫിസുകളും നേതാക്കളുടെ വീടുകളും പ്രതിഷേധത്തിനു വേദിയാക്കരുതെന്ന് ഒന്നാം പിണറായി സർക്കാർ വിളിച്ച രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ ധാരണയായിരുന്നു. അതു സമീപകാലത്തു ലംഘിക്കപ്പെട്ടെന്ന വിമർശനം ഉയർന്നതോടെ ആ നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് കഴിഞ്ഞ എൽഡിഎഫ് യോഗം തന്നെ തീരുമാനിച്ചതാണ്. ആ യോഗം നടന്ന എകെജി സെന്ററിനു നേർക്കാണ് ഇപ്പോൾ ആക്രമണമുണ്ടായത്. പാർട്ടി ഭരിക്കുമ്പോൾ സ്വന്തം ആസ്ഥാനം സംരക്ഷിക്കാൻ സർക്കാരിന്റെ പൊലീസിനു കഴിയുന്നില്ലേ എന്ന വിമർശനവും ശക്തം.

Content Highlight: AKG Centre Attack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS