ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢ‌ാലോചനക്കേസിൽ ചോദ്യംചെയ്യലിനു ഹാജരായ പി.സി.ജോർജിനെ സോളർ തട്ടിപ്പുകേസ് പ്രതിയുടെ പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ചു 3 മണിക്കൂർ 10 മിനിറ്റിനകമായിരുന്നു അറസ്റ്റ്. കോടതി ജാമ്യം അനുവദിച്ചതോടെ രാത്രി പുറത്തുവന്ന പി.സി.ജോർജ് രൂക്ഷമായ ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. 

നാടകീയ സംഭവവികാസങ്ങളുടെ സമയക്രമം ഇങ്ങനെ:

∙ രാവിലെ 11.00: പി.സി.ജോർജിനെ തൈക്കാട് ഗെസ്റ്റ് ഹൗസിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു തുടങ്ങി.

∙ ഉച്ചയ്ക്ക് 12.40: സോളർ കേസ് പ്രതിയുടെ പീഡന പരാതി മ്യൂസിയം പൊലീസ് സ്വീകരിച്ചു.

∙ 1.29: എഫ്ഐആർ റജിസ്റ്റർ ചെയ്തു. പിന്നാലെ പൊലീസ് തൈക്കാട് ഗെസ്റ്റ് ഹൗസിൽ. അറസ്റ്റ് ഉണ്ടാകുമെന്നു ജോർജിനെ അറിയിച്ചു. പിന്നാലെ ജോർജിന്റെ അഭിഭാഷകനെത്തി.

∙ 2.50: പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിനുശേഷം ഷം മ്യൂസിയം പൊലീസ് ജോർജിനെ കസ്റ്റഡിയിലെടുത്തു.

∙ 3.50: അറസ്റ്റ് രേഖപ്പെടുത്തി. ചുമത്തിയതു ജാമ്യമില്ലാ വകുപ്പായ ഐപിസി 354 (സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന ബലപ്രയോഗം), ഐപിസി 354എ (ലൈംഗിക സ്വഭാവമുള്ള സ്പർശനവും പ്രവൃത്തിയും, ലൈംഗികാവശ്യങ്ങൾക്കു പ്രേരണ, ലൈംഗികച്ചുവയോടെ സംസാരം) എന്നിവ. തുടർന്നു നന്ദാവനം എആർ ക്യാംപിലേക്കു മാറ്റി. 5.40നു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന.

∙ 6.45: തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. 

∙ രാത്രി 9.00: കോടതി സോപാധിക ജാമ്യം അനുവദിച്ചു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണം, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ.

എഫ്ഐആറിൽ ഇങ്ങനെ

‘പ്രതിക്ക് (പി.സി.ജോർജ്) ആവലാതിക്കാരിയോടു മര്യാദലംഘനം വരുത്തണമെന്നും ആവലാതിക്കാരിക്കെതിരെ കുറ്റകരമായ ബലപ്രയോഗം നടത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി 2022 ഫെബ്രുവരി 10നു രാവിലെ ഒൻപതരയ്ക്കു ശേഷം ഫോണിൽ വിളിച്ച് സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ട സ്വപ്നയെപ്പറ്റി സംസാരിക്കാൻ തൈക്കാട് ഗെസ്റ്റ് ഹൗസിലെ റൂം നമ്പർ 404ൽ വൈകിട്ട് 4ന് എത്താൻ ആവശ്യപ്പെട്ടു.

മകനുമൊത്ത് ഓട്ടോറിക്ഷയിൽ ഗെസ്റ്റ് ഹൗസിലെത്തിയപ്പോൾ പ്രതി മകനെ പുറത്തു ഗൺമാന്റെ കൂടെ ഇരുത്തിയശേഷം പരാതിക്കാരിയെ മുറിയിലേക്കു കയറ്റി. മുറിയിലുണ്ടായിരുന്ന തൊടുപുഴ സ്വദേശിയെ പുറത്തേക്കയച്ചു. മുറിയുടെ വാതിൽ അടച്ചശേഷം ലൈംഗികച്ചുവയോടെ സംസാരിക്കുകയും ബലമായി ശരീരഭാഗങ്ങളിൽ പിടിക്കുകയും ചെയ്തു.’

∙ ‘പരാതിയിൽ ഗൂഢാലോചനയില്ല.ഫെബ്രുവരിയിൽ നടന്ന സംഭവമാണിത്. യുഡിഎഫുകാരിൽനിന്ന് ആരോപണങ്ങൾ വന്നപ്പോൾ മെന്ററും രക്ഷകന‍ുമായെത്തിയ ആളിൽനിന്നു മോശം അനുഭവമാണുണ്ടായത്.’ – പരാതിക്കാരി

∙ ‘(സോളർ കേസിൽ) ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചുവെന്നു സാക്ഷി പറയണമെന്ന് എന്നോടു പറഞ്ഞു. അതു നുണയാണെന്നു മനസ്സിലായപ്പോൾ ഞാൻ സിബിഐക്കാരോട് ഇവൾ പച്ചക്കള്ളമാണു പറയുന്നതെന്നു പറഞ്ഞു. പിണറായി വിജയന്റെ ചില്ലറയും വാങ്ങി അതിന്റെ വൈരാഗ്യം തീർക്കുന്നതിന്റെ ഭാഗമാണിത്.’ – പി.സി. ജോർജ്

pc arrest rinkuraj photo
പീഡനക്കേസിൽ ആരോപണ വിധേയനായ പി.സി.ജോർജിനെ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നിന്ന് മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്യുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

English Summary: Bail to PC George in Molestation complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com