ADVERTISEMENT

വെള്ളമുണ്ട (വയനാട്) ∙ സർക്കാർ സ്കൂളിൽ നിന്നു ആറാം പ്രവൃത്തിദിവസം രാത്രി 8നു ടിസി വാങ്ങി കുട്ടികളെ എയ്ഡഡ് സ്കൂളിൽ ചേർത്തു ഡിവിഷൻ തികയ്ക്കാൻ ശ്രമം. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മകൻ പി.ജി. രഞ്ജിത്ത് ഉൾപ്പെടെയുള്ളവർക്കു സ്ഥിര നിയമനം നടത്താനാണു വഴിവിട്ട നീക്കങ്ങൾ നടന്നതെന്ന് ആരോപണമുയരുന്നു. 

ഓഫിസ് സമയം കഴിഞ്ഞു സമ്പൂർണ പോർട്ടൽ റീസെറ്റ് ചെയ്താണു ടിസി നൽകിയതെന്നു വിവരാവകാശ രേഖകളിൽ വ്യക്തം. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി വിദ്യാഭ്യാസ വകുപ്പ് അധികൃതരുൾപ്പെടെ ഒത്തു കളിച്ചതായാണ് ആരോപണം.   

സിപിഎം ജില്ലാ സെക്രട്ടറിയുടെ മകൻ ഉൾപ്പെടെ 3 പേർ ചുമതലയേറ്റ ശേഷമാണ് വെള്ളമുണ്ട എയുപി സകൂളിലേക്കു മറ്റു സ്കൂളുകളിലെ കുട്ടികൾ ടിസി വാങ്ങിയെത്തുന്നത്. തരുവണ ഗവ. സ്കൂളിൽ നിന്ന് ആറാം പ്രവൃത്തി ദിനത്തിൽ മാത്രം 4 കുട്ടികൾക്കു വെള്ളമുണ്ട സ്കൂളിലേക്കു ടിസി നൽകിയതായി വിവരാവകാശ രേഖകളിലുണ്ട്. 

ആറാം പ്രവൃത്തി ദിനം നടപടികൾ പൂർത്തിയാക്കി സമ്പൂർണ വെബ്സൈറ്റിൽ വിവരങ്ങളെല്ലാം രേഖപ്പെടുത്തിയതിനു ശേഷവും അസാധാരണ നീക്കത്തിലൂടെ സൈറ്റ് റീസെറ്റ് ചെയ്തു രാത്രി 8നു 2 കുട്ടികൾക്കു ടിസി നൽകി. സൗജന്യ യാത്രയും യൂണിഫോമും വാഗ്ദാനം ചെയ്തിരുന്നുവെന്നാണു രക്ഷിതാക്കൾ പറയുന്നത്. 

വീടിനു തൊട്ടടുത്ത സർക്കാർ സ്കൂളിൽ നിന്നാണു 4 കിലോമീറ്റർ അകലെയുള്ള എയ്ഡഡ് സ്കൂളിലേക്ക് കുട്ടികൾ ടിസി വാങ്ങിയത്. 

വഞ്ഞോടുള്ള മറ്റൊരു എയ്ഡഡ് സ്കൂളിൽ നിന്നും കുട്ടികളെ വെള്ളമുണ്ട സ്കൂളിലേക്കു മാറ്റിയിട്ടുണ്ട്. ആറാം പ്രവൃത്തി ദിനം ആർക്കു ടിസി നൽകിയാലും അതു തെറ്റാണെന്ന് മാനന്തവാടി എഇഒ പറയുന്നു. എന്നാൽ, രക്ഷിതാവ് ആവശ്യപ്പെട്ടാൽ ടിസി നൽകാൻ ബാധ്യതയുണ്ടെന്നും മേലുദ്യോഗസ്ഥൻ സമ്പൂർണ വെബ്സൈറ്റ് റീസെറ്റ് ചെയ്തു നൽകിയതിനാലുമാണ് ടിസി നൽകിയതെന്ന് തരുവണ യുപി സ്കൂൾ പ്രധാനാധ്യാപകൻ പറയുന്നു. 

പി. ഗഗാറിൻ, സിപിഎം ജില്ലാ സെക്രട്ടറി 

‘‘സർക്കാർ സ്കൂളിൽ നിന്നു കുട്ടികളെ വഴിവിട്ട നീക്കങ്ങളിലൂടെ എയ്ഡഡ് സ്കൂളിലെത്തിച്ചിട്ടുണ്ടോയെന്ന് ആ സ്കൂൾ അധികൃതരോടാണു ചോദിക്കേണ്ടത്. ഇതിൽ എന്നെയോ  മകനെയോ സിപിഎമ്മിന്റെ ഏതെങ്കിലും ആളെയോ കക്ഷിയാക്കേണ്ടതില്ല. സ്വാധീനം ചെലുത്താൻ ഞാനോ പാർട്ടിയുടെ ആരെങ്കിലുമോ  അധ്യാപകരോടോ രക്ഷിതാക്കളോടോ സംസാരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. എന്റെ മകനായി എന്നതു കൊണ്ട് തൊഴിൽ അന്വേഷിച്ച് എവിടെയങ്കിലും പോകാൻ പറ്റില്ലെന്നു വരുന്നതു ശരിയല്ല. ’’

വി.എം. മുരളീധരൻ, മാനേജർ, വെള്ളമുണ്ട എയുപി സ്കൂൾ

‘‘പി.ജി. രഞ്ജിത്തിന്റേത് 3 മാസത്തേക്കുള്ള താൽക്കാലിക നിയമനമാണ്. നാലു മണിക്കു മുൻപേ അപേക്ഷ നൽകിയ കുട്ടികൾക്കാണു ടിസി നൽകിയത്. സമ്പൂർണ പോർട്ടൽ ഹാങ് ആയതിനാൽ ടിസി അടിച്ചു വരാൻ വൈകി എന്നതു മാത്രമേയുള്ളൂ. ജോലി സ്ഥിരതയ്ക്കായി അധ്യാപകരിൽ ആരെങ്കിലും രക്ഷിതാക്കളെ സമീപിച്ചിട്ടുണ്ടാകാം. രഞ്ജിത്തിനു നിയമനം നൽകാനായി പുതിയ പോസ്റ്റ് മാനേജ്മെന്റ് ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ കുട്ടികളെ ചേർക്കേണ്ട കാര്യവുമില്ല. ഭാവിയിൽ വരാനിരിക്കുന്ന ഒഴിവുകളിൽ ചിലപ്പോൾ നിയമിച്ചേക്കാം എന്നേയുള്ളൂ.’’ 

English Summary: Allegation against CPM Wayanad district secretary P Gagarin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com