ADVERTISEMENT

തൃശ‍ൂർ ∙ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേർക്കു നടന്ന അക്രമം ഗുരുതര വീഴ്ചയെന്നു വിലയിരുത്തി എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അറിവോ അനുവാദമോ കൂടാതെ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കു മാർച്ച് നടത്തിയതു ഗുരുതര വീഴ്ചയാണെന്നു തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

പിരിച്ചുവിട്ട ജില്ലാ കമ്മിറ്റിക്കു പകരം ഏഴംഗ താൽക്കാലിക കമ്മിറ്റിക്കു രൂപംനൽകി. എസ്എഫ്ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി എൽദോസ് മത്തായിയാണു കമ്മിറ്റി കൺവീനർ. എൽദോസ് മാർച്ചിൽ പങ്കെടുത്തിരുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.കെ. അനുശ്രീ വിശദീകരിച്ചു. സംഭവിക്കാൻ പാടില്ലാത്ത തരത്തിലുള്ള പ്രതിഷേധമായിരുന്നുവെന്നാണു സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. പ്രതിഷേധത്തിന്റെ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കപ്പെട്ടു. സംഘടനയ്ക്കാകെ അവമതിപ്പുണ്ടാക്കി. ബഫർ സോൺ എന്നതു ദേശീയ തലത്തിലുള്ള വിഷയമാണെന്നിരിക്കെ ദേശീയ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നില്ല. സംഘടനാ തലത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളിൽനിന്നു വയനാട് ജില്ലാ കമ്മിറ്റി വ്യതിചലിച്ചുവെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

വയനാട് ജില്ലയിൽ നിന്നുള്ള ഭാരവാഹികളാണ് താൽക്കാലിക സമിതിയിലുള്ളതെങ്കിലും സംസ്ഥാന ഭാരവാഹികൾക്കു മേൽനോട്ട ചുമതല നൽകിയിട്ടുണ്ടെന്ന് അനുശ്രീ പറഞ്ഞു. 

നേരത്തേ സംസ്ഥാന പ്രസിഡന്റും 3 ജോയിന്റ് സെക്രട്ടറിമാരും അടങ്ങുന്ന സമിതി ജില്ലാ കമ്മിറ്റിയിൽനിന്നു റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണു നടപടി.

 

English summary: SFI Wayanad district committee disperse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com