എകെജി സെന്റർ ആക്രമണം: പൊലീസിനു വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

HIGHLIGHTS
  • അടിയന്തര പ്രമേയത്തിൽ രണ്ടു മണിക്കൂർ ചർച്ച
pinarayi-vijayan-10
പിണറായി വിജയൻ
SHARE

തിരുവനന്തപുരം ∙ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയോ എന്നു പരിശോധിക്കാമെന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആക്രമണമെന്നും ആസൂത്രകരാണു പ്രതിയെ ഒളിപ്പിച്ചു നിർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിൽ ചർച്ചയ്ക്കു തയാറായ ഭരണപക്ഷത്തെ, പ്രതിയെ ഇനിയും പിടികൂടാത്തതിലെ വീഴ്ചകൾ നിരത്തി പ്രതിപക്ഷം കടന്നാക്രമിച്ചു. തുടർച്ചയായി രണ്ടാം അടിയന്തരപ്രമേയ ചർച്ചയാണിത്. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു ആദ്യ ചർച്ച.

കേസ് അന്വേഷണത്തിൽ പൊലീസിനു വീഴ്ച പറ്റിയെന്നും തുടർന്നു കോൺഗ്രസ് ഓഫിസുകൾ വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി പി.സി.വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയമാണു 2 മണിക്കൂറിലേറെ സഭ ചർച്ച ചെയ്തത്. എൽഡി എഫ് കൺവീനർ ഇ.പി.ജയരാജൻ ആക്രമണം നടന്നയുടൻ സ്ഥലത്തെത്തി കോൺഗ്രസിനെ പ്രതിയാക്കാൻ ശ്രമിച്ചതു പ്രതിപക്ഷം ചോദ്യം ചെയ്തപ്പോൾ, ജയരാജനെ സംഭവത്തിന്റെ ആസൂത്രകനാക്കി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ പ്രകോപനപരമായ പ്രസ്താവനകൾ നിരത്തി ഭരണപക്ഷം പ്രതിരോധം തീർത്തു. സംസ്ഥാനത്ത് ഇതുവരെ നടന്ന പാർട്ടി ഓഫിസ് ആക്രമണക്കേസുകളിലെ അന്വേഷണസ്ഥിതി പരിശോധിക്കുന്ന രാഷ്ട്രീയ ചർച്ചകൾക്കും സഭ വേദിയായി.

സംഭവ ദിവസം എകെജി സെന്ററിലെ ഗേറ്റിനരികിൽ, സാധാരണ ഉണ്ടാകാറുള്ള  പൊലീസ് ജീപ്പ് ഉണ്ടായിരുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. അതിസുരക്ഷയുള്ള സ്ഥലത്തുനിന്ന് എങ്ങനെ പ്രതിക്കു രക്ഷപ്പെടാനായെന്നും അദ്ദേഹം ചോദിച്ചു. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ ദുരൂഹമായ മെല്ലെപ്പോക്കാണ് ഉള്ളതെന്നു വിഷ്ണുനാഥ് പറഞ്ഞു. അക്രമിയെ പിന്തുടരാൻ പൊലീസ് തയാറാകാത്തത് ആഭ്യന്തരമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതെങ്കിലും ആളെ പിടിക്കാനല്ല, കുറ്റം ചെയ്ത ആളെ പിടിക്കാനാണു പൊലീസ് നോക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ഓഫിസിനു നേർക്ക് ആക്രമണമുണ്ടായിട്ട് അപലപിക്കാൻ പ്രതിപക്ഷം തയാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയപ്പോൾ, പിറ്റേന്നു തന്റെ ആദ്യ പ്രതികരണത്തിലെ ആദ്യ വാചകം തന്നെ അതായിരുന്നെന്നു സതീശൻ ഓർമിപ്പിച്ചു. ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകാത്ത മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി. അടിയന്തരപ്രമേയം സഭ തള്ളി.

English Summary: Chief Minister on police fault in AKG centre attack case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS