ADVERTISEMENT

തിരുവനന്തപുരം ∙ ആലപ്പുഴയിൽനിന്നു ജി.സുധാകരന്റെ പിൻഗാമിയായി മന്ത്രിസഭയിലെത്തിയ സജി ചെറിയാൻ നാവേറു കൊണ്ടുള്ള വിവാദങ്ങളിലും തുടർച്ചക്കാരനാണ്. സുധാകരൻ പ്രതിഛായയും ജനസമ്മതിയുംകൊണ്ട് ഇവയിൽ പലതും അതിജീവിച്ചെങ്കിലും സജി ചെറിയാന് അതിനായില്ല.

2018 ലെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ സജി ചെറിയാൻ കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത് അക്കൊല്ലമുണ്ടായ മഹാപ്രളയത്തിലാണ്. പമ്പാനദിയിലെ ഡാമുകൾ തുറന്നതോടെ ചെങ്ങന്നൂർ നഗരമുൾപ്പെടെ മുങ്ങിയ രാത്രിയിൽ സജി ചെറിയാൻ രക്ഷാപ്രവർത്തനത്തിനായി ദൃശ്യമാധ്യമങ്ങളിലൂടെ വിലപിച്ചത് കേരളം കേട്ടു. തുടർന്നാണ് സൈന്യം ഉൾപ്പെടെ ചെങ്ങന്നൂരിലെത്തിയത്.

ജി.സുധാകരന്റെ വിശ്വസ്തനായി തുടങ്ങിയ സജി ചെറിയാൻ 2020 ജൂലൈയിൽ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് നിരുപദ്രവകരമെന്നു പ്രത്യക്ഷത്തിൽ തോന്നിയെങ്കിലും വാർത്തയായതോടെ പിൻവലിച്ചു. ‘‘ജനപ്രതിനിധികൾക്കു വിരമിക്കാൻ നല്ലപ്രായം 55’’ എന്ന പോസ്റ്റിൽ സ്വന്തം കാര്യമാണു പറഞ്ഞതെന്ന‍് അദ്ദേഹം പിന്നീടു വിശദീകരിച്ചു. എന്നാൽ, സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചതോടെ പോസ്റ്റ് പിൻവലിച്ചു.

കഴിഞ്ഞ വർഷം അനധികൃത ദത്തു നൽകൽ വിവാദമുണ്ടായപ്പോൾ സജി ചെറിയാന്റെ നാവ് വീണ്ടും ചതിച്ചു. ‘‘കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികൾ ഉണ്ടാകുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക...’’ എന്നു തുടങ്ങുന്ന പ്രസംഗം വിവാദമായതോടെ വിശദീകരണം നൽകി തടിയൂരി.

അടുത്ത വിവാദം സിൽവർലൈൻ ബഫർസോൺ സംബന്ധിച്ചായിരുന്നു. കഴിഞ്ഞ മാർച്ചിൽ മന്ത്രി പറഞ്ഞതിങ്ങനെ: ‘‘സിൽവർലൈൻ പദ്ധതിയിൽ ട്രാക്കിനു ചുറ്റും ഒരു മീറ്റർ പോലും ബഫർ സോൺ ഇല്ല. ബഫർ സോൺ ഉണ്ടെന്നതു കള്ളപ്രചാരണമാണ്. ഞാൻ ഡിപിആർ നന്നായി പഠിച്ചതാണ്. സിൽവർലൈനിൽ ബഹുഭൂരിപക്ഷം ഭാഗത്തും മുകളിൽ കൂടിയാണു ട്രാക്ക്. അവിടെ എന്തിനാണു ബഫർ സോൺ?’’

എന്നാൽ, ഈ വാദം തെറ്റാണെന്നു കെ റെയിൽ എംഡി ഉൾപ്പെടെ വെളിപ്പെടുത്തിയതോടെ സജി ചെറിയാൻ തിരുത്തി.

 

സുധാകരൻ, പ്രതിഭ, ചിത്തരഞ്ജൻ, സലാം

സത്യം വിളിച്ചുപറയുന്ന, അഴ‍ിമതിരഹിത പ്രതിഛായയിലൂടെ ജനകീയനായ ജി.സുധാകരനും വാക്‌പ്രയോഗങ്ങളിലൂടെ വാർത്ത സൃഷ്ടിച്ചിട്ടുണ്ട്. 2006 ലെ വിഎസ് സർക്കാരിൽ ആദ്യമായി മന്ത്രിയായ ജി.സുധാകരൻ, മന്ത്രിമാർക്കും തന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും ജഡ്ജിമാർക്കും എതിരെ നടത്തിയ വാക്‌പ്രയോഗങ്ങൾ വാർത്ത സൃഷ്ടിച്ചു.

ശബരിമലയിൽ കയറിയെന്ന് അവകാശപ്പെട്ട നടി ജയമാലയ്ക്കു ഭ്രാന്താണെന്നായിരുന്നു സുധാകരന്റെ പ്രയോഗം. കോടതിയും ബൂർഷ്വാ ഭരണകൂടത്തിന്റെ ഉപകരണമാണെന്ന് അദ്ദേഹം പറഞ്ഞു. മജിസ്ട്രേട്ടിനെ ‘കൊഞ്ഞാണൻ’ എന്നു വിളിച്ചതു വിവാദമായി. സ്നേഹം കൊണ്ട‍ു വിളിച്ചതാണെന്നായി വിശദീകരണം. ആശുപത്രിയിൽ കുട്ടികൾ മരിച്ചാൽ നരഹത്യയുടെ പേരിൽ വകുപ്പുമന്ത്രി പ്രതിയാകുമെങ്കിൽ കൊള്ളയും കൊലപാതകവും നടന്നാൽ അധികാരപരിധിയിലുള്ള മജിസ്ട്രേട്ടിനെതിരെയും കേസെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. 2011 ലെ തിരഞ്ഞെടുപ്പിനു മുൻപ് ഉടുപ്പിടാതെ കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ കയറിയപ്പോൾ രാഷ്ട്രീയക്കാർ ക്ഷേത്രങ്ങളിൽ ‘ജനറൽ ബോഡി’ കാണിച്ചു പോകരുതെന്നായിരുന്നു സുധാകരന്റെ പരാമർശം.

ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ‘ഇന്ദുലേഖ’യിലെ സൂരി നമ്പൂതിരിയുടെ പുത്തൻ തലമുറ ശുംഭന്മാർ നമുക്കു ചുറ്റുമുണ്ടെന്ന് കായംകുളം എംഎൽഎ യു.പ്രതിഭ 6 വർഷം മുൻപ് സമൂഹമാധ്യമത്തിലെഴുതി. അത് ആരെക്കുറിച്ചാണെന്ന് പരക്കെ ചോദ്യമുയർന്നു. മാധ്യമപ്രവർത്തകരോട് ശരീരം വിറ്റു ജീവിക്കുന്നതാണു നല്ലതെന്ന സ്ത്രീവിരുദ്ധ ഉപദേശം നൽകിയ പ്രതിഭ, പാർട്ടിയിലെ ഭീരുക്കളാണ് തനിക്കെതിരെ പ്രവർത്തിക്കുന്നത് എന്നതുൾപ്പെടെ പല പ്രയോഗങ്ങളും നടത്തി. കൊള്ളേണ്ടിടത്തു കൊണ്ടുവെന്ന് ഉറപ്പായ പല പോസ്റ്റുകളും വൈകാതെ ഡിലീറ്റ് ചെയ്യുന്നതും പ്രതിഭയുടെ പതിവാണ്.

പി.പി.ചിത്തരഞ്ജൻ എംഎൽഎ നിയമസഭയിൽ മോശം പ്രയോഗം നടത്തിയെന്ന ആരോപണം ഉയർന്നെങ്കിലും വലിയ വിവാദമായില്ല. പക്ഷേ, തൊട്ടുപിന്നാലെ നിയമസഭയിലെ പെരുമാറ്റത്തിന് സ്പീക്കറുടെ പരാമർശം ചിത്തരഞ്ജനു തിരിച്ചടിയായി.

ജി.സുധാകരനു പിന്നാലെ അമ്പലപ്പുഴ എംഎൽഎ ആയ എച്ച്.സലാം പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും തെരുവിൽ സിപിഎമ്മിന്റെ കൈക്കരുത്ത് അറിയാൻ ഇടയാകരുതെന്ന് ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതും വ്യാപകമായി അപലപിക്കപ്പെട്ടു. 

 

English Summary: Saji Cheriyan and G Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com