ADVERTISEMENT

മുംബൈ ∙ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ഒത്തുതീർക്കാനുള്ള അപേക്ഷയിൽ ബോംബെ ഹൈക്കോടതി  ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇരുവരും 13നു മറുപടി നൽകണം. യുവതിക്കു ജനിച്ച കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം വേണമെന്ന് കോടതി ആവശ്യപ്പെട്ടു. നിയമപ്രകാരം വിവാഹിതരായോ എന്നതിന് അതെ എന്നു യുവതിയും അല്ലന്നു ബിനോയിയും മറുപടി നൽകിയിരുന്നു. 

കുട്ടിയുടെ ഭാവി എന്താകുമെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ടായില്ല. ഇക്കാര്യങ്ങളിൽ ഇരുവരുടെയും മറുപടികളും തുടർചോദ്യങ്ങളുണ്ടെങ്കിൽ അവയ്ക്കുള്ള ഉത്തരവും വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം. 

യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എല്ലാ ആരോപണങ്ങളും ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നതെന്നും ബിനോയ് പ്രതികരിച്ചു. കേസ് ഒത്തുതീർക്കാൻ കുറച്ചുകാലമായി യുവതിക്കു താൽപര്യമുണ്ടായിരുന്നു. കുട്ടിയുടെ ഭാവിയോർത്താണ് പ്രശ്നപരിഹാരത്തിനു ശ്രമിച്ചത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ ഇപ്പോൾ പുറത്തു പറയാനാകില്ല. അനുകൂലവിധി ഉടൻ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അറിയിച്ചു. 

ഹൈക്കോടതിയിൽ രഹസ്യരേഖയായി നൽകിയിട്ടുള്ള ഡിഎൻഎ പരിശോധനാഫലം പുറത്തുവരും മുൻപാണ് കുഞ്ഞിന്റെ പിതൃത്വം ബിനോയ് പരോക്ഷമായി അംഗീകരിച്ചിരിക്കുന്നത്. നേരത്തേ, യുവതിയുടെ ആരോപണം കളളമാണെന്നും കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ബിനോയ് സമർപ്പിച്ച ഹർജിയിലാണ് ഡിഎൻഎ പരിശോധനയ്ക്ക് ഹൈക്കോടതി നിർദേശിച്ചത്. കേസ് നീണ്ടുപോവുന്നതിനാലും ജീവിക്കാൻ മറ്റു മാർഗമില്ലെന്നുമിരിക്കെ, കുട്ടിക്ക് ജീവനാംശം ലഭിച്ചാൽ ഒത്തുതീർപ്പിന് തയാറാണെന്നതാണ് യുവതിയുടെ നിലപാട്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

English Summary: Binoy Kodiyeri Rape Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com