ADVERTISEMENT

തിരുവനന്തപുരം ∙ ഭിന്നശേഷി കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരുമിച്ചു താമസിക്കാവുന്ന 4 മാതൃകാ അസിസ്റ്റീവ് വില്ലേജുകൾ ആരംഭിക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചകൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി. മുളിയാർ (ഉദുമ), കാട്ടാക്കട, നിലമ്പൂർ, പുനലൂർ എന്നിവിടങ്ങളിലാണ് ഇവ.

ഓട്ടിസം ഉൾപ്പെടെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ മാതാപിതാക്കളുടെ കാലശേഷം ആരു പരിപാലിക്കും എന്ന വലിയ ചോദ്യമുണ്ട്. മുഴുവൻ സമയവും ഇവരെ പരിപാലിക്കേണ്ടതിനാൽ രക്ഷിതാക്കളിൽ പലർക്കും തൊഴിൽ ചെയ്യാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. ഇവ കണക്കിലെടുത്താണു പരസ്പരം സഹായമാകുന്ന രീതിയിൽ ഈ കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് ഒരുമിച്ചു താമസിക്കാവുന്ന വില്ലേജുകൾ ആരംഭിക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ എല്ലാ പിന്തുണയോടും കൂടിയ വില്ലേജ് കോംപ്ലക്സ് ആയിരിക്കും ഇവ. അവർക്കു വൈദ്യസഹായം, ബഡ്സ് സ്കൂൾ തുടങ്ങിയവയും ഇവിടെ ഉണ്ടാകും.

മുളിയാറിലെ കേന്ദ്രത്തിന് ഊരാളുങ്കൽ സൊസൈറ്റി പ്രാരംഭ നടപടികൾ ആരംഭിച്ചു. നിലമ്പൂരിലും പുനലൂരിലും എംഎൽഎമാർ സ്ഥലം ലഭ്യമാക്കുമെന്ന് ഉറപ്പു നൽകി. കാട്ടാക്കടയിൽ ഓട്ടിസം ബാധിതനായ കുട്ടിയുടെ പിതാവ് സൗജന്യമായി നൽകിയ 50 സെന്റ് ഭൂമിയടക്കം ഉപയോഗപ്പെടുത്തിയാകും വില്ലേജ്. 

കൂടുതൽ എംഎൽഎമാർ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും വില്ലേജുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary: Model village for family of differently abled children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com