ADVERTISEMENT

കൊച്ചി ∙ പീഡനത്തിന് ഇരയായ15 വയസ്സുള്ള അതിജീവിതയുടെ 24 ആഴ്ച പിന്നിട്ട ഗർഭം ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. ജീവനോടെയാണു കുഞ്ഞിനെ പുറത്തെടുക്കുന്നതെങ്കിൽ കുഞ്ഞിന് ഏറ്റവും മികച്ച ചികിത്സ ആശുപത്രി ഉറപ്പാക്കണമെന്നു ജസ്റ്റിസ് വി.ജി.അരുൺ ഉത്തരവിട്ടു. 

ഗർഭഛിദ്രത്തിന് അനുമതി തേടി പോക്സോ അതിജീവിതയായ പെൺ‍കുട്ടിയുടെ പിതാവിന്റെ ഹർജിയിലാണ് ഉത്തരവ്. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാൻ പെൺ‍കുട്ടിയുടെ വീട്ടുകാർ തയാറായില്ലെങ്കിൽ ചികിത്സയും സൗകര്യങ്ങളും സർക്കാർ ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ നിയമപരമായി അനുമതി ഉണ്ട്.

ഈ കേസിൽ ഗർഭം 24 ആഴ്ച പിന്നിട്ടെന്നും പെൺകുട്ടി കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്നും ഹൈക്കോടതി നിയോഗിച്ച മെഡിക്കൽ ബോർഡ് അറിയിച്ചു. പുറത്തെടുത്താൽ കുഞ്ഞ് ജീവിച്ചിരിക്കാൻ 30% സാധ്യതയുണ്ട്. രക്ഷപ്പെട്ടാൽ നവജാത ശിശുക്കൾക്കുള്ള അതിതീവ്ര വിഭാഗത്തിൽ 2–3 മാസം പരിചരിക്കണം. ധാർമികമായും മെഡിക്കൽ നിയമപ്രകാരവും കുഞ്ഞിന് ചികിത്സയും പരിചരണവും നൽകാൻ ഉത്തരവാദിത്തമുണ്ടെന്നും ബോർഡ് അറിയിച്ചു. 

ഓരോ ദിവസം വൈകുന്തോറും പെൺ‍കുട്ടിയുടെ മാനസിക വേദന വർധിപ്പിക്കുമെന്നു കോടതി അഭിപ്രായപ്പെട്ടു. സർക്കാർ ആശുപത്രിയിൽ ഗർഭം ഒഴിവാക്കാൻ വേണ്ട നടപടികൾക്കായി ആശുപത്രി സൂപ്രണ്ട് മെഡിക്കൽ സംഘം രൂപീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹർജി 10 ദിവസത്തിനുശേഷം പരിഗണിക്കും. 

English Summary: Kerala High Court on Pregnancy of 15 year old Girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com