ADVERTISEMENT

കൊച്ചി∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ 22 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കേസിലെ പ്രധാന തൊണ്ടി മുതലായ മെമ്മറി കാർഡ് മൂന്നു കോടതികളിൽ അനധികൃതമായി തുറന്നതായുള്ള ഫൊറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘം 3 ആഴ്ച കൂടി സമയം തേടിയിരുന്നു. ആവശ്യം കോടതി നിരസിച്ചതോടെ അന്തിമ റിപ്പോർട്ട് തയാറാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഒട്ടേറെ പകർപ്പ് എടുക്കേണ്ടതുള്ളതിനാൽ റിപ്പോർട്ട് സമർപ്പിക്കാൻ തിങ്കളാഴ്ച വരെ സമയം വേണമെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി ആവശ്യപ്പെട്ടതിനെ തുടർന്നാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് വെള്ളി വരെ സമയം അനുവദിച്ചത്.

ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാറും (പൾസർ സുനി) എട്ടാം പ്രതി ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സംവിധായകൻ പി.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു ജനുവരിയിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. ഇതു പൂർത്തിയാക്കാൻ മൂന്നു തവണ അധികം സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ 15നു തുടരന്വേഷണം പൂർത്തിയാക്കാനാണു ഒടുവിൽ നിർദേശിച്ചത്. 

ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്നു മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടന (ഹാഷ് വാല്യു) മാറിയതായും കണ്ടെത്തി. ഈ രണ്ടു കാര്യങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം മതിയാവില്ലെന്നു കാട്ടിയാണ് അന്വേഷണ സംഘം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. 

െമ്മറി കാർഡിന്റെ തനിപ്പകർപ്പ് മുദ്രവച്ച കവറിൽ ഇന്നലെ രാവിലെ വിചാരണക്കോടതിയിൽ ഹാജരാക്കി. 

 

വി.അജകുമാർ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ

തിരുവനന്തപുരം ∙ നടി ആക്രമിക്കപ്പെട്ട കേസിൽ വി.അജകുമാർ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറും കെ.ബി.സുനിൽ കുമാർ അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടറുമായി നിയമിതരാകും. അതിജീവിതയുടെ ആവശ്യം പരിഗണിച്ചു മുഖ്യമന്ത്രി നൽകിയ നിർദേശപ്രകാരമാണ് നിയമനം. നേരത്തേ 2 പബ്ലിക് പ്രോസിക്യൂട്ടർമാർ വിചാരണക്കോടതിയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ചു രാജിവച്ചിരുന്നു.

 

നടിയെ പീഡിപ്പിച്ച കേസ്: അനുബന്ധ കുറ്റപത്രമായി

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ അനുബന്ധ കുറ്റപത്രം തയാറായി. 1500 പേജുള്ള കുറ്റപത്രത്തിൽ 100 പുതിയ സാക്ഷികളുണ്ട്. കേസിലെ എട്ടാം പ്രതി ദിലീപിന്റെ അടുത്ത സുഹൃത്ത് ജി.ശരത്താണു കേസിൽ പുതുതായി ഉൾപ്പെടുത്തിയ പ്രതി. തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റമാണു ശരത്തിന് എതിരെ ചുമത്തിയിട്ടുള്ളത്.

 

English Summary: Actress attack case; investigation report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com