ADVERTISEMENT

തിരുവനന്തപുരം ∙ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നു വരെ കുറ്റം ചാർത്തി നാടകീയമായി അറസ്റ്റ് ചെയ്ത മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥന് പൊലീസിന്റെ അപേക്ഷ തള്ളി കോടതി ജാമ്യം അനുവദിച്ചു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് 10 മിനിറ്റ് മുൻപാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതെത്തുടർന്ന് ശംഖുമുഖം വലിയതുറയിൽ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസ് പരിസരത്തും നഗരത്തിലും സംഘർഷമുണ്ടായി. 

രാവിലെ 10.35 നു ചോദ്യം ചെയ്യലിനു ഹാജരായ ശബരീനാഥനെതിരെ ഗൂഢാലോചന, വധശ്രമം തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തീർപ്പാക്കും വരെ അറസ്റ്റ് പാടില്ലെന്നു കോടതി വിലക്കിയെങ്കിലും അതിനകം അറസ്റ്റ് നടന്നതായി പൊലീസ് ബോധിപ്പിച്ചു. തുടർന്ന് യുവനേതാവിനെ കോടതി വഴി കസ്റ്റഡിയിൽ വാങ്ങാനുളള പൊലീസിന്റെ നീക്കം പക്ഷേ, ജാമ്യം അനുവദിക്കപ്പെട്ടതോടെ പാളി.

മുൻകൂർ ജാമ്യവിചാരണയോ അറസ്റ്റോ: ഏതാദ്യം?

രാവിലെ 10.35: ശംഖുമുഖം വലിയതുറയിൽ പൊലീസ് അസി. കമ്മിഷണറുടെ ഓഫിസിനുമുന്നിൽ ശബരീനാഥൻ എത്തി. മാധ്യമപ്രവർത്തകരോടു സംസാരിച്ച ശേഷം സ്റ്റേഷനുള്ളിലേക്കു കയറി. സ്റ്റേഷനു പുറത്ത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടിത്തുടങ്ങി. വലിയ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. 10.50ന് അറസ്റ്റ് രേഖപ്പെടുത്തിയെന്നു പൊലീസ് രേഖ.

∙ 11.00: വഞ്ചിയൂരിലെ ജില്ലാ കോടതി ശബരീനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നു. ഇതിലെ തീരുമാനം വരുന്നതുവരെ അറസ്റ്റ് പാടില്ലെന്നു കോടതി. 

∙ 11.45: പൊലീസ് 10.50ന് തന്നെ അറസ്റ്റ് ചെയ്തതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

∙ 12.00: പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം. 

∙ 1.00: ശബരീനാഥനോട് അറസ്റ്റ് വിവരം പൊലീസ് പറഞ്ഞത് 12.29ന് ആണെന്നും ശബരീനാഥൻ ഒപ്പിട്ടു നൽകിയത് 12.30ന് ആണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. 

∙ 1.15: വൈദ്യപരിശോധനയ്ക്ക് ജനറൽ ആശുപത്രിയിലേക്ക്. തുടർന്ന് നന്ദാവനം എആർ ക്യാംപിലേക്കു മാറ്റി. 12.30നാണ് അറസ്റ്റ് ചെയ്തതെന്നു ശബരി മാധ്യമങ്ങളോട്. 

∙ വൈകിട്ട് 4.30: ശബരീനാഥനെ കോടതിയിലെത്തിച്ചു. 5 മണിക്കു വാദം തുടങ്ങി. 45 മിനിറ്റ് വാദത്തിനു ശേഷം ചേംബറിൽ പോയ ജഡ്ജി രാത്രി 7.35ന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടു. 

ജാമ്യാഹ്ലാദം:  ജാമ്യം ലഭിച്ചതിനെത്തുടർന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നിന്നു  കെ.എസ്. ശബരീനാഥൻ പുറത്തെത്തിയപ്പോൾ. ഷാഫി പറമ്പിൽ എംഎൽഎ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
ജാമ്യാഹ്ലാദം: ജാമ്യം ലഭിച്ചതിനെത്തുടർന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നിന്നു കെ.എസ്. ശബരീനാഥൻ പുറത്തെത്തിയപ്പോൾ. ഷാഫി പറമ്പിൽ എംഎൽഎ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ചോദ്യം ചെയ്യലിന് 3 ദിവസം എത്തണം

ചോദ്യം ചെയ്യലിനായി നാളെ മുതൽ 3 ദിവസം പൊലീസിനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ മൊബൈൽ ഫോൺ ഹാജരാക്കണം. 50,000 രൂപയുടെ ബോണ്ടും നൽകണം. മൊബൈൽ ഫോണും സിംകാർഡും ശബരീനാഥൻ കോടതിക്കു കൈമാറി. 

മുഖ്യമന്ത്രി ഭീരു: ശബരീനാഥൻ

∙ ‘വിമാനത്തിനുള്ളിൽ വന്ന ആളുകൾ വധിക്കാൻ ശ്രമിച്ചെന്നു മുഖ്യമന്ത്ര‍ി സഭയ്ക്കുള്ളിലും പുറത്തും വീണ്ടും വീണ്ടും പറയുന്നത് അദ്ദേഹം ഒരു ഭീരുവായതു കൊണ്ടാണ്. കേരളം ബനാന റിപ്പബ്ലിക് ആയി. എന്തൊക്കെ കേസുകൾ ചാർത്തിയാലും യൂത്ത് കോൺഗ്രസിന്റെ ശക്തമായ സമരങ്ങൾ തുടരും. ഈ പ്രശ്നങ്ങളുടെ യഥാർഥ മാസ്റ്റർമൈൻഡ് ഇ.പി.ജയരാജനും കള്ളക്കേസിന്റെ മാസ്റ്റർമൈൻഡ് പിണറായിയുമാണ്.’ – കെ.എസ്. ശബരീനാഥൻ

∙ ‘എനിക്കെതിരെ ആക്രമണ, വധശ്രമങ്ങൾ പുത്തരിയല്ല. എനിക്കു നേരെ പണ്ട് കോൺഗ്രസ് നേതാവ് നിറയൊഴിച്ചിരുന്നു. ഞാൻ എംഎൽഎ ആയിരിക്കെ മമ്പ്രത്തു വച്ചു മറ്റൊരാൾ തോക്ക് ചൂണ്ടി. അതു കളിത്തോക്ക് ആയിരുന്നു എന്നാണു പൊലീസ് പറഞ്ഞത്. ഞാൻ നടന്നു വരുന്ന വഴിയിലുള്ള കടയിൽ അക്രമികൾ കൊടുവാളുമായി കാത്തിരുന്ന സംഭവമുണ്ട്. ഒരു കുട്ടിയുടെ ശ്രദ്ധയിൽ അവർ പെട്ടതു കൊണ്ടു മാത്രമാണ് അന്ന് ആക്രമണം ഒഴിവായത്.’ – മുഖ്യമന്ത്രി പിണറായി വിജയൻ

∙ ‘പിണറായി വിജയന്റെ മുഖത്തേറ്റ അടിയാണ് കോടതി വിധി. കള്ളന്മാരെപ്പോലെയാണ് പൊലീസ് പെരുമാറിയത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയത്തിൽപ്പോലും കള്ളത്തരം കാണിച്ചു.  കേരളത്തിലെ ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണിത്.’ – ഷാഫി പറമ്പിൽ (യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്)

∙ ‘അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ഊർജത്തോടെ മാഫിയ സർക്കാരിന്റെ രാജ്യവിരുദ്ധ പ്രവർത്തനത്തിനെത‍ിരെ യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകും.’ – പി.സി.വിഷ്ണുനാഥ് എംഎൽഎ

∙ ‘വാട്സാപ് ഗ്രൂപ്പുകളിൽ ചർച്ചകൾ നടന്നെങ്കിലും വിമാനത്തിനുള്ളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം പൂർണമായി ഞങ്ങളുടേതു മാത്രമായിരുന്നു.’ – ഫർസീൻ മജീദ് (വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ പ്രതി)

English Summary: Flight Protest Case: Courts grants Bail to KS Sabarinathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com