ADVERTISEMENT

തിരുവനന്തപുരം ∙ 10 ലക്ഷം രൂപയിലേറെ ചെലവഴിച്ചു സ്വകാര്യ കെട്ടിടങ്ങൾ നിർമിച്ചാൽ ഉടൻ തന്നെ 1% നിർമാണ തൊഴിലാളി ക്ഷേമനിധി സെസ്‍ ഓൺലൈനായി തദ്ദേശസ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. കെട്ടിടനിർമാണ ഫീസ് അടയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ സോഫ്റ്റ്‌‍‍വെയർ ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) രണ്ടു മാസത്തിനകം പരിഷ്കരിക്കും.

കെട്ടിട നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് തുക തദ്ദേശസ്ഥാപനങ്ങൾ വഴി പിരിച്ചെടുത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കു കൈമാറുകയും രസീത്  കെട്ടിട ഉടമയ്ക്കു ഓൺലൈനായി ലഭിക്കുകയും ചെയ്യും. ഈ സെസ് അടച്ചാൽ മാത്രം തദ്ദേശസ്ഥാപനത്തിൽനിന്ന് കെട്ടിടനിർമാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുന്ന തരം വ്യവസ്ഥകളും ഉൾക്കൊള്ളിക്കും.

കേന്ദ്രം കൊണ്ടുവന്ന നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് നിയമം പ്രകാരം 1995 മുതൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഈ സെസ് പിരിവ് ഉണ്ടെങ്കിലും കാര്യക്ഷമമല്ല. സംസ്ഥാന നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ വരുന്ന 20 ലക്ഷത്തോളം അംഗങ്ങളുടെ ക്ഷേമപദ്ധതികൾക്ക് ഉപയോഗിക്കാനാണു തുക. സെസ് പിരിവ് ഊർജിതമാക്കാൻ ഉന്നതതല ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എല്ലാ കെട്ടിടങ്ങൾക്കും സെസ് ഇല്ല

നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് നിയമത്തിലെ 2017ലെ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം 10 ലക്ഷത്തിൽ താഴെ നിർമാണച്ചെലവുള്ളതും 100 ചതുരശ്ര മീറ്ററിൽ (1077 ചതുരശ്ര അടി) താഴെ വിസ്തീർണം ഉള്ളതുമായ ഗാർഹിക കെട്ടിടങ്ങൾക്ക് സെസ് ഇല്ല. 1995 നവംബർ 3നു മുൻപു നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ സ്വകാര്യ കെട്ടിടം നിർമിക്കുന്ന സമയത്ത് ലൈസൻസിനായി നിശ്ചിത ഫീസ് അടയ്ക്കണം.

നിർമാണം പൂർത്തിയായാൽ നിശ്ചിത നിരക്കിൽ ഒറ്റത്തവണ നികുതിയും 3000 ചതുരശ്ര അടിയിലേറെ കെട്ടിടം ആണെങ്കിൽ വർഷം തോറും ആഡംബര നികുതിയും റവന്യു വകുപ്പ് ഈടാക്കും. തദ്ദേശസ്ഥാപനങ്ങൾ വർഷം തോറും കെട്ടിട നികുതിയും (വസ്തുനികുതി) പിരിക്കുന്നു. ഇതിനു പുറമേയാണ് നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിവ്.

English Summary: Cess for private building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com