ADVERTISEMENT

വടക്കഞ്ചേരി (പാലക്കാട്) ∙ സിപിഎം ഭരണത്തിലുള്ള കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്കിൽ 5.76 കോടി രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്ട്. സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്നു പണം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് നിർദേശിച്ചു. 

വ്യാപക ക്രമക്കേടു നടന്നെന്ന ആരോപണത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് 5,76,57,751 രൂപ ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കണമെന്നു സ്പെഷൽ ഗ്രേഡ് ഇൻസ്പെക്ടർ റിപ്പോർട്ട് നൽകിയത്. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ പൊതുജനങ്ങളിൽ നിന്നു നിക്ഷേപമായി വാങ്ങിയ 5 കോടിയിലധികം രൂപ കെട്ടിട നിർമാണത്തിനായി വിനിയോഗിച്ചെന്നും ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതിയില്ലാതെ ഒരു കോടി രൂപ മുൻകൂറായി നിർമാണ പ്രവർത്തനങ്ങൾക്കു നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭരണസമിതി അംഗീകരിച്ച കെട്ടിടത്തിന്റെ എസ്റ്റിമേറ്റും പ്ലാനും അടിക്കടി മാറ്റിയെന്നും സഹകരണ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ കെട്ടിടം നിർമിച്ചെന്നും കണ്ടെത്തി. നിബന്ധനകൾ പാലിക്കാതെ ഫണ്ട് ഉപയോഗിച്ച മുൻ സെക്രട്ടറി കെ.സുരേന്ദ്രനിൽ നിന്ന് 5,06,44,930 രൂപയും ഭരണകാലാവധി കണക്കാക്കി മുൻ ഭരണസമിതി അംഗങ്ങളിൽ നിന്നും നിലവിലെ അംഗങ്ങളിൽ നിന്നും ബാക്കി തുകയും ഈടാക്കാനാണു നിർദേശം. 

മറ്റു കണ്ടെത്തലുകൾ:

∙ വ്യാജ ക്വട്ടേഷനുകൾ തയാറാക്കി ഭരണസമിതിയെ തെറ്റിദ്ധരിപ്പിച്ചു. 

∙ സ്ഥിരനിക്ഷേപം വകമാറ്റി ചെലവഴിച്ചു. 

∙ ഓണച്ചന്തയുടെ നടത്തിപ്പിൽ നഷ്ടം വന്നു. കിട്ടിയ പണം കൃത്യസമയത്തു ബാങ്കിലടയ്ക്കാതെ കൈവശം വച്ചു. 

∙ കർഷകക്ഷേമ കേന്ദ്രം നടത്തിയ വകയിൽ 24,94,894 രൂപയും അതിനു ചുറ്റുമതിൽ നിർമാണത്തിൽ 1,36,573 രൂപയും നഷ്ടം വരുത്തി. 

റിപ്പോർട്ട് പരിഗണിച്ച് കടുത്ത നടപടിക്കു ശുപാർശ ചെയ്യുമെന്നു സഹകരണ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

കെട്ടിടത്തിനു ഭരണാനുമതി കിട്ടാത്തതു മാത്രമാണു പ്രശ്നമെന്നും രേഖകളെല്ലാം കയ്യിലുണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു. 

റൈസ് പാർക്ക് പദ്ധതിയിലും ആരോപണം

സിപിഎം മുൻകയ്യെടുത്തു തുടങ്ങിയ കണ്ണമ്പ്ര റൈസ് പാർക്ക് (പാപ്കോസ്) പദ്ധതിക്കു ഭൂമി വാങ്ങിയതിൽ രണ്ടര കോടി രൂപയുടെ അഴിമതി ആരോപണം ഉയർന്നിരുന്നു. തുടർന്ന് പാർട്ടി അന്വേഷണം നടത്തുകയും പാപ്കോസ് ഓണററി സെക്രട്ടറി കൂടിയായ ബാങ്ക് സെക്രട്ടറി ആർ.സുരേന്ദ്രനെ പുറത്താക്കുകയും ചെയ്തു. സുരേന്ദ്രന്റെ ബന്ധു കൂടിയായ സി.കെ.ചാമുണ്ണിയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. എന്നാൽ, സിപിഎം ഭരിക്കുന്ന പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി ചാമുണ്ണി തുടരുകയാണ്. 

English Summary: Kannambra Service Cooperative Bank Money laundering case updates 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com