ADVERTISEMENT

തിരുവനന്തപുരം∙ വിദേശ വിപണിയിൽ ജൈവ ഏലയ്ക്ക കയറ്റുമതി ലക്ഷ്യമിട്ടു പ്രത്യേകമായി ഇ–‍ലേലം നടത്തുന്നതിന് സ്പൈസസ് ബോർഡ് രൂപം നൽകിയ ‘സേഫ് ടു ഈറ്റ്’ പദ്ധതിക്ക് സ്വാതന്ത്ര്യദിനത്തിൽ തുടക്കം. മാസത്തിൽ അവസാന ശനിയാഴ്ച മാത്രമാണു പ്രത്യേക ലേലം. കീടനാശിനി തോത് സ്പൈസസ് ബോർഡ് നേരിട്ടു പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന ഏലയ്ക്ക മാത്രമാണ് സേഫ് ടു ഈറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ലേലത്തിനായി എത്തിക്കുക.

സ്പൈസസ് ബോർഡിന്റെ കൊച്ചിയിലെ ലാബി‍ലാണ് ഏലയ്ക്ക സാംപിളുകൾ പരിശോധിക്കുക. താൽപര്യമുള്ള കർഷകർ ഒരാഴ്ച മുൻപ് ലേല കേന്ദ്രത്തിൽ സാംപിൾ എത്തിക്കണം. കൃത്രിമ നിറം, കീടനാശിനിയുടെ തോത് തുടങ്ങിയവ പരിശോധിക്കും. പരിശോധനയ്ക്ക് ചെലവാകുന്ന തുകയുടെ മൂന്നിലൊന്നു ഭാഗം സ്പൈസസ് ബോർഡ് വഹിക്കും. കീടനാശിനി തോത് കൂടുതലുണ്ടെങ്കിൽ പരിശോധനയുടെ മുഴുവൻ തുകയും കർഷകൻ വഹിക്കണം.

നിലവിൽ ആഴ്ചയിൽ 6 ദിവസമാണ് ഏലയ്ക്ക ഇ–ലേലം. ഇതിൽ ഒരു ദിവസം കയറ്റുമതിക്കാ‍യുള്ള ഇ–ലേലത്തിനായി നീക്കിവയ്ക്കും. ഇടുക്കി പുറ്റടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളിലെ സ്പൈസസ് ബോർഡ് കേന്ദ്രങ്ങളിലാണ് ഇ–ലേലം നടക്കുന്നത്.

അനുവദനീയ അളവിൽ കൂടുതൽ കീടനാശിനിയുടെ തോത് ഏലയ്‍ക്കയിൽ കണ്ടെത്തിയതിനെ തുടർന്ന് ചില വിദേശ രാജ്യങ്ങൾ ഇന്ത്യൻ ഏലയ്ക്ക തിരിച്ചയച്ചിരുന്നു. ഈ സാഹചര്യത്തിൽ, ഗുണമേന്മയുള്ള ഏലം കയറ്റുമതി ചെ‍യ്ത്, വിദേശ ഏലം വിപണിയിൽ കേരളത്തിന്റെ ആധിപത്യം വീണ്ടും ഉറപ്പിക്കാനാണ് പ്രത്യേകം ലേലം നടത്തുന്നതെന്നു സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി.തങ്കപ്പൻ പറഞ്ഞു.

പ്രത്യേക ലേലം നടത്തുമ്പോൾ വില ആരാണ് നിർണയിക്കുക എന്നതി‍നെക്കുറിച്ചു വ്യക്തമായ തീരുമാനം വേണമെന്നാണു കർഷകരുടെയും വ്യാപാരികളുടെ ആവശ്യം. 

ഉൽപാദന ചെലവിന് ആനുപാതികമായി ഏലത്തിന് വില കിട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി.

 

ശരാശരി വില ഉയരുന്നു

 

ഏലത്തിന്റെ ശരാശരി വില കിലോയ്ക്ക് 1000 രൂപയിൽ എത്തിയത് കർഷകർക്ക് പ്രതീക്ഷ നൽകുന്നു. 650–850 രൂപയിൽ നിന്നാണു വില ഉയർന്നത്.

 

English Summary: E Tender for organic Cardamom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com