ADVERTISEMENT

കൊച്ചി∙ ലഹരിമരുന്നു കേസിൽ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി വിദേശിയായ പ്രതിയെ രക്ഷിച്ചെന്ന കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ആന്റണി രാജു ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് നടപടിക്രമങ്ങളിൽ അപാകതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ് അന്വേഷിക്കാൻ ചട്ടപ്രകാരം പൊലീസിന് അധികാരമില്ലെന്ന് ആരോപിച്ചുള്ള ഹർജി കോടതി ഇന്നു പരിഗണിച്ചേക്കും. 

1990 ഏപ്രിൽ 4ന് തിരുവനന്തപുരം എയർപോർട്ടിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ ശിക്ഷയിൽ നിന്നു രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണു കേസ്. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്നു തട്ടിപ്പു നടത്തിയെന്നാണു 2006 മാർച്ച് 24നു പൊലീസ് നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. 

പ്രതിയെ വിട്ടയച്ച ഹൈക്കോടതി, തൊണ്ടി മുതലിൽ കൃത്രിമം നടന്നതിനെ കുറിച്ച് എൻക്വയറി നടത്താൻ നിർദേശിച്ചിരുന്നു. ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഭരണ തലത്തിൽ നൽകിയ നിർദേശപ്രകാരം തിരുവനന്തപുരം സെഷൻസ് കോടതിയിലെ ശിരസ്തദാർ പ്രഥമവിവര മൊഴി നൽകുകയും വലിയതുറ പൊലീസ് കേസെടുക്കുകയുമായിരുന്നു. 

കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെങ്കിൽ കോടതി തന്നെ മജിസ്ട്രേട്ട് കോടതിയിൽ പരാതി നൽകണമായിരുന്നു, പ്രാഥമികാന്വേഷണം നടത്തി ആ കോടതി നടപടി സ്വീകരിക്കണമായിരുന്നു എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

English Summary: Antony Raju appraoches high court to quash proceedings against him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com