ADVERTISEMENT

ചിറ്റാരിപ്പറമ്പ് (കണ്ണൂർ) ∙ കണ്ണവം സ്വദേശികളായ പാലക്കണ്ടി വിജയന്റെയും മൂര്യാട്ട്പീടികയിൽ യൂസഫിന്റെയും സൗഹൃദത്തിന് 6 പതിറ്റാണ്ടിന്റെ ആഴമുണ്ട്. ഈ 60 വർഷത്തിൽ ഇവർ തമ്മിൽ കാണാത്ത, സംസാരിക്കാത്ത, സൗഹൃദം പങ്കുവയ്ക്കാത്ത ദിവസങ്ങളുണ്ടായിട്ടില്ല. കാരണം ജീവിതത്തിൽ കൂടുതൽ സമയവും ഇവർ ഒരുമിച്ചുതന്നെയാണ്. രണ്ടിടങ്ങളിലായിപ്പോകുമെന്ന കാരണത്താൽ മാത്രം, കിട്ടിയ സർക്കാർ ജോലി വരെ ഉപേക്ഷിച്ചവരാണിവർ. 

ഇരുവരും ആദ്യമായി കാണുന്നത് കണ്ണവം യുപി സ്കൂളിന്റെ ഒന്നാം ക്ലാസിലാണ്. യുപി സ്കൂൾ പഠനം കഴിഞ്ഞ ഇരുവരും ഒന്നിച്ച് ചിറ്റാരിപ്പറമ്പ് ഹൈസ്കൂളിൽ ഒരേ ക്ലാസിൽ പഠിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ ഗണിതശാസ്ത്രത്തിൽ ഡിഗ്രി പഠനവും ഒരുമിച്ച്. അധ്യാപകരാകാനുള്ള ആഗ്രഹം കൊണ്ട് ഇരുവരും നേരെ മൈസൂരുവിലെ രാമകൃഷ്ണ മിഷൻ ബിഎഡ് കോളജിൽ ചേർന്നു. പഠനം പൂർത്തിയാക്കിയ ഇരുവർക്കും സർക്കാർ സർവീസിൽ ഹൈസ്കൂളിൽ അധ്യാപകരായി ജോലി ലഭിച്ചെങ്കിലും രണ്ടു സ്കൂളുകളിലായിരുന്നു നിയമനം. ഇതോടെ ജോലി ഉപേക്ഷിച്ചു. 

ഇവരുടെയും സൗഹൃദം മനസ്സിലാക്കിയ കോളയാട് സെന്റ് കോർണേലിയൂസ് ഹൈസ്കൂൾ മാനേജ്മെന്റ് ആദ്യം വിജയനും തുടർന്ന് യൂസഫിനും ഗണിതശാസ്ത്ര അധ്യാപകരായി ജോലി നൽകി. കണക്കു മാഷുമാർ സ്കൂളിലേക്കുള്ള യാത്രയും ഒരുമിച്ചായിരുന്നു. രണ്ടു തവണ പഞ്ചായത്തംഗമായ വിജയന്റെ കൂട്ടായി എപ്പോഴും യൂസഫുമുണ്ടായിരുന്നു. വിജയൻ തൊടീക്കളം ശിവക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ ആയപ്പോഴും യൂസഫ് വെളുമ്പത്ത് മഖാം ഉറൂസ് കമ്മിറ്റി സെക്രട്ടറി ആയപ്പോഴും പരസ്പരം ചർച്ച ചെയ്തു മാത്രമായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. യൂസഫിന്റെ കല്യാണത്തിന് ചെറുക്കനെ കാണാൻ വന്നത് വിജയന്റെ വീട്ടിലേക്കായിരുന്നു. വിജയനു വേണ്ടി പെണ്ണ് കാണാൻ പോയതു തന്നെ യൂസഫായിരുന്നു. 

3 പതിറ്റാണ്ടിലധികം കുട്ടികളെ പഠിപ്പിച്ച ശേഷം ഒന്നിച്ചു വിരമിച്ച ശേഷവും ഇപ്പോഴും ഇവർ ഒരുമിച്ചുതന്നെ. കണ്ണവത്തെ വായനശാലാ പ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും ഇരുവരും ഒറ്റക്കെട്ടായാണു മുന്നോട്ടുപോകുന്നത്. കണ്ണവം ടൗണിലെത്തി വിജയൻ മാഷിനെ ആര് അന്വേഷിച്ചാലും കടക്കാരുടെ മറുപടി യൂസഫ് മാഷിന്റെ കൂടെക്കാണുമെന്നാണ്. യൂസഫിനെ അന്വേഷിച്ചെത്തുന്നവരോടും നാട്ടുകാർക്ക് ഒരു മറുപടിയേയുള്ളൂ– വിജയൻ മാഷിന്റെ ഒപ്പമുണ്ടാകും. 

Content Highlight: Friendship Day special sotry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com