ADVERTISEMENT

കൊച്ചി ∙ മാർപാപ്പയുടെ വ്യക്തമായ നിർദേശങ്ങൾക്ക് എതിരായ മാർ ആന്റണി കരിയിലിന്റെ പ്രവർത്തനം ഗൗരവമായ അച്ചടക്ക ലംഘനമായി വത്തിക്കാൻ കണ്ടെന്നു വേണം കരുതാനെന്നു സിറോ മലബാർ ഭരണ കേന്ദ്രമായ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയുടെ വിശദീകരണം. മാർ ആന്റണി കരിയിലിന്റെ രാജിയിലേക്കു നയിച്ച സംഭവങ്ങളെ കുറിച്ച് സഭ പുറത്തിറക്കിയ 7 പേജുള്ള വിശദീകരണക്കുറിപ്പിൽ നിന്ന്:

‘‘പൗരസ്ത്യ തിരുസംഘവും സ്റ്റേറ്റ് സെക്രട്ടറിയും നൽകിയ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ ഫ്രാൻസിസ് മാർപാപ്പ എടുത്ത തീരുമാനപ്രകാരമാണ് മാർ കരിയിലിനെ വത്തിക്കാൻ സ്ഥാനപതി ഡൽഹിയിലേക്കു വിളിപ്പിച്ചത്. ഒരാഴ്ചയ്ക്കുശേഷം എറണാകുളം ആർച്ച്ബിഷപ്സ് ഹൗസിലെത്തി വ്യക്തിപരമായി വീണ്ടും കണ്ടതും. 

മേജർ ആർച്ച്ബിഷപ്പിന്റെ വികാരി എന്ന സ്ഥാനത്തു നിന്നുള്ള മാർ കരിയിലിന്റെ രാജി സ്വീകരിച്ചതായും അഡ്മിനിസ്ട്രേറ്ററായി മാർ ആൻഡ്രൂസ് താഴത്തിനെ നിയമിച്ചതായുമുള്ള കൽപനയാണു തുടർന്നു നമുക്കു ലഭിച്ചത്. 

അച്ചടക്കവും വിധേയത്വവും വെടിയുന്നവർക്ക് എതിരായ നടപടികളെക്കുറിച്ച് കത്തോലിക്കാ സഭയുടെ ഭരണസംവിധാനങ്ങൾ അറിയുന്നവർക്കു മനസ്സിലാകും. വൈദികരുടെ നിർബന്ധത്തിനു വഴങ്ങി മാർ കരിയിൽ പ്രവർത്തിച്ചതു പരിശുദ്ധ പിതാവിന്റെ നിർദേശങ്ങൾക്ക് എതിരായിട്ടാണ്. ഇതു ഗൗരവമായ അച്ചടക്ക ലംഘനമായി വത്തിക്കാൻ കണക്കാക്കി. 

സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനായി പെർമനന്റ് സിനഡ് എടുത്ത നിലപാടിനെ തള്ളിപ്പറഞ്ഞ അതിരൂപത കാനോനിക സമിതി പൗരസ്ത്യ കാര്യാലയത്തിൽ അപ്പീൽ നൽകിയിരുന്നു. 

അതിനുള്ള മറുപടി 2021 ജൂൺ 21ന് മാർ കരിയിലിനു ലഭിച്ചു. റോമിൽ നിന്നുള്ള ആ കത്തിന്റെ അടിസ്ഥാനത്തിൽ  സ്ഥലങ്ങൾ വിറ്റു പ്രശ്നം പരിഹരിക്കാൻ മാർ കരിയിൽ ശ്രമിച്ചെങ്കിലും അതിരൂപതാ കാര്യാലയത്തിലെയും കാനോനിക സമിതികളിലെയും ചില വ്യക്തികളുടെ എതിർപ്പുമൂലം അതു സാധിച്ചില്ല.  അന്ന് വാഗ്ദാനം ചെയ്ത വിലയ്ക്കു സ്ഥലം വിറ്റിരുന്നെങ്കിൽ അതിരൂപതയ്ക്കു നഷ്ടം നികത്തി ലാഭം ഉണ്ടാക്കാമായിരുന്നു. 

സിവിൽ, സഭാ കോടതികളിൽ കേസു നടത്തുകയും അതേസമയം, പൊതുവേദികളിലും മാധ്യമങ്ങളിലും മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത ശ്രമമാണിപ്പോൾ.’’ 

സ്ഥലം വിൽപന കേസിൽ മാർ ആലഞ്ചേരിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന റിപ്പോർട്ട് കോടതിയിൽ പൊലീസ് സമർപ്പിച്ചിരുന്നതായും മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ ഫാ. വിൻസന്റ് ചെറുവത്തൂർ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.

ജനാഭിമുഖ കുർബാനയ്ക്കായി വിശ്വാസി സംഗമം 

കൊച്ചി ∙ ജനാഭിമുഖ കുർബാന നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുള്ള വിശ്വാസ സംരക്ഷണ സംഗമത്തിലേക്കു വൈദികരുടെയും സന്യസ്തരുടെയും നേതൃത്വത്തിൽ പതിനായിരങ്ങളെത്തി. പൊതുസമ്മേളനത്തിനു മുന്നോടിയായ റാലി ഫാ. ജോസ് ഇടശേരി ഫ്ലാഗ് ഓഫ് ചെയ്തു. റാലി കലൂർ സ്റ്റേഡിയത്തിനു സമീപത്തുള്ള കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ നഗറിലേക്ക് എത്തിയതിനു ശേഷം വൈദിക സമിതിയംഗം മോൺ. വർഗീസ് ഞാളിയത്തിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം തുടങ്ങി.

സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ നിന്ന്: ‘ജനാഭിമുഖ കുർബാനയെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങളെ ഞങ്ങൾ ശക്തിയുക്തം എതിർക്കും. കുർബാനയുടെ കാര്യത്തിലും ഭൂമിയിടപാടു വിഷയത്തിലും മാർ ആന്റണി കരിയിലിന്റെ കാലത്ത് വത്തിക്കാൻ സുപ്രീം ട്രൈബ്യൂണലിൽ അതിരൂപത നൽകിയ കേസുകൾ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ നിർബന്ധമായും തുടരണം. ജനാഭിമുഖ കുർബാന സിറോ മലബാർ സഭയിലെ ലിറ്റർജിക്കൽ വേരിയന്റായി അംഗീകരിച്ചു തരും വരെ പോരാട്ടം തുടരും. അതിരൂപതയ്ക്കു വേണ്ടി നിലപാടെടുക്കുന്നവരെ നിയോഗിച്ചു ഭരണം നിർവഹിച്ചില്ലെങ്കിൽ അതിരൂപതാ ഭരണ സംവിധാനത്തോടു ഞങ്ങൾ സഹകരിക്കുകയില്ല.’

അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റം, ദൈവജന കൂട്ടായ്മ, ബസിലിക്ക കൂട്ടായ്മ, വിവിധ അൽമായ–യുവജന സംഘടനകൾ എന്നിവ ചേർന്നാണു സംഗമം സംഘടിപ്പിച്ചത്.

English Summary: Syro Malabar church response on Antony Kariyil removal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com