ADVERTISEMENT

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതി വരുന്നതിലൂടെ കേന്ദ്രസർക്കാരിനു കോടികളുടെ വരുമാനം പല മാർഗങ്ങളിലുണ്ടാകുമെന്നു ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്ത് പുറത്തു വന്നു. സിൽവർലൈനിന് അനുമതി തേടി 2021 ഡിസംബർ 6ന് അയച്ച കത്തിനൊപ്പം കെ റെയിൽ തയാറാക്കിയ റിപ്പോർട്ടും ഉൾപ്പെടുത്തി. പദ്ധതിക്കായി 130 ലക്ഷം ടൺ നിർമാണ വസ്തുക്കൾ വേണമെന്നും ഇതു റെയിൽവേ വഴി എത്തിക്കുമ്പോൾ 380 കോടി രൂപ ചരക്കുനീക്കത്തിനുള്ള ചാർജായി റെയിൽവേക്കു ലഭിക്കുമെന്നും റിപ്പോർട്ടിൽ വാഗ്ദാനം ചെയ്യുന്നു.

സിൽവർലൈൻ വിരുദ്ധ സമിതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കോട്ടയം പെരുവ സ്വദേശി എം.ടി.തോമസിനു വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫിസാണു മുഖ്യമന്ത്രിയുടെ കത്തും പദ്ധതി വഴി റെയിൽവേക്കുണ്ടാകുന്ന വരുമാനം സംബന്ധിച്ച 60 പേജുള്ള റിപ്പോർട്ടും കൈമാറിയത്. പലതവണ അപ്പീൽ നൽകിയശേഷമാണു കത്തും റിപ്പോർട്ടും പുറത്തുവിട്ടത്.

സിൽവർലൈൻ വരുന്നതുവഴി റെയിൽവേക്ക് നഷ്ടമല്ല, ലാഭമാണുണ്ടാവുകയെന്നു റിപ്പോർട്ടിൽ വാദിക്കുന്നു. ഗതാഗത സർവേ പ്രകാരം ട്രെയിനുകളിലെ 15.9 % യാത്രക്കാർ മാത്രമേ സിൽവർലൈനിലേക്കു മാറുകയുള്ളൂ. ഹ്രസ്വദൂര യാത്രക്കാർ മാറുന്നതോടെ റെയിൽവേക്ക് ആ സീറ്റുകളിൽ ദീർഘദൂര യാത്രക്കാരെ കയറ്റി വരുമാനമുണ്ടാക്കാം. കൂടുതൽ ദീർഘദൂര ട്രെയിനുകളും ഓടിക്കാം. ഹ്രസ്വദൂരക്കാർ സിൽവർലൈനിലേക്കു മാറുമ്പോൾ ട്രെയിനുകളിലെ തിരക്കു കുറയും. റോഡുവഴി യാത്ര ചെയ്യുന്ന ഏറെപ്പേർ ആ ഒഴിവുകളിൽ എത്തും.

ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് മാത്രമേ സിൽവർലൈനിനുള്ളൂ എന്നത് റെയിൽവേക്കു ഗുണകരമാണ്. സിൽവർലൈനിലെ യാത്രക്കാരെ മറ്റു സ്റ്റേഷനുകളിലേക്കു റെയിൽവേയുടെ ട്രെയിനിൽ കയറ്റാം. തിരുവനന്തപുരം മുതൽ തിരൂ‍ർ വരെ പുതിയ അലൈൻമെന്റാണു സിൽവർലൈനിന്റേത്. ഇത്രയും പ്രദേശം റെയിൽ മേഖലയുടെ ഭാഗമായി മാറുന്നത് ഇന്ത്യൻ റെയിൽവേക്കും ഗുണം ചെയ്യും. ഫീഡർ സർവീസുകൾക്കായി ഭാവിയിൽ പ്രയോജനപ്പെടുത്താം.

തിരൂർ മുതൽ കാസർകോട് വരെ നിലവിലെ റെയിൽപാതയ്ക്കു സമാന്തരമായാണു സിൽവർ ലൈൻ പാതയെന്നതിനാൽ ഈ മേഖലയിലെ 42 ലെവൽ ക്രോസുകളിൽ 1400 കോടി രൂപ മുടക്കി കെ റെയിൽ മേൽപാലങ്ങൾ നിർമിക്കും. സിൽവർലൈൻ വരുന്നതോടെ കേരളം കാണാൻ കൂടുതൽ ആഭ്യന്തര സഞ്ചാരികളെത്തും. അവർ മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലെത്താൻ ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കും.

കേരളത്തിൽ പൂർത്തിയാകുന്ന വൻകിട പദ്ധതികളുടെ ഗുണവും റെയിൽവേക്കു കിട്ടും. വിഴിഞ്ഞത്തും കണ്ണൂർ അഴീക്കലിലും തുറമുഖങ്ങൾ സജ്ജമാകുന്നതോടെ റെയിൽവേക്കു കൂടുതൽ ചരക്കു തീവണ്ടി ഓടിക്കാം. വിഴിഞ്ഞം തുറമുഖത്തുനിന്നു മാത്രം നടക്കുന്ന സംസ്ഥാനാന്തര ചരക്കുനീക്കത്തിൽ 30 ശതമാനമെങ്കിലും റെയിൽവേക്കു ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: Kerala chief minister Pinarayi Vijayan letter to prime minister regarding Silver Line Project out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com