കോഴിക്കോട് ∙ സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ ഉദ്ഘാടകയായി മേയർ ബീന ഫിലിപ്പ്. ബാലഗോകുലം മാതൃ സമ്മേളനത്തിൽ മേയറുടെ പ്രസംഗവും ഭക്തി നിർഭരം. കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നവരെന്നും മേയർ പറഞ്ഞു. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല; ബാല്യകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നതാണു പ്രധാനം’.
ശ്രീകൃഷ്ണ പ്രതിമയിൽ തുളസി മാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്. ‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം. അപ്പോൾ കുട്ടികളിലും ഭക്തിയും സ്നേഹവും ഉണ്ടാകും’. മേയർ പറഞ്ഞു.
ആർഎസ്എസ് ആശയത്തിലേക്കു കുട്ടികളെ ആകർഷിക്കാനാണു ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിക്കുന്നതെന്നായിരുന്നു സിപിഎം നിലപാട്. പാർട്ടി അനുഭാവികളായ കുട്ടികൾ ശോഭായാത്രയിൽ പങ്കെടുക്കാതിരിക്കാൻ ബദൽ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.
English Summary: Kozhikode CPM mayor attended rss programme