ADVERTISEMENT

തിരുവനന്തപുരം ∙ ദേശീയ സമ്പാദ്യ പദ്ധതിയിലേക്കുള്ള നിക്ഷേപ സമാഹരണം ഉപജീവന മാർഗമായിരുന്ന മഹിള പ്രധാൻ ഏജന്റുമാരുടെ നിയമനങ്ങൾ നിർത്തലാക്കുന്നു. പോസ്റ്റ് ഓഫിസ് സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായുള്ള നടപടി ഈ മേഖലയിൽ തൊഴിൽ തേടുന്ന വനിതകളെ ബാധിക്കും. ഏജന്റുമാരെ നിയമിക്കുന്ന സേവിങ്സ്–ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്, ബിഡിഒമാർ എന്നിവരോടു പുതിയ നിയമനങ്ങൾ വേണ്ടെന്ന് നിർദേശിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഇപ്പോൾ 30,000 മഹിള പ്രധാൻ ഏജന്റുമാരുണ്ട്. 65 വയസ്സ് വരെ ഇവർക്കു ജോലി ചെയ്യാം. പിന്നീടു കമ്മിഷൻ വ്യവസ്ഥയിലും. പ്രായപരിധി പിന്നിട്ട രണ്ടായിരത്തോളം പേർ വിരമിക്കാനിരിക്കെയാണു പുതിയ നിയമനങ്ങൾ നിർത്തുന്നത്. 2012 നു ശേഷം നിയമനങ്ങൾ നാമമാത്രമായിരുന്നു. കൂടുതൽ ഒഴിവുകൾ വരുന്ന സാഹചര്യത്തിൽ ഈ വർഷം നിയമനം നടത്തണമെന്ന ശുപാർശ തള്ളിയാണു പുതിയ തീരുമാനം. 

സംസ്ഥാനത്തു പ്രതിവർഷം 12,000 കോടി രൂപ മഹിള പ്രധാൻ ഏജന്റുമാർ സമാഹരിക്കുന്നുണ്ട്. 9% കമ്മിഷനാണ് ഇവരുടെ പ്രതിഫലം. മാസം 25 ലക്ഷം രൂപ വരെ സമാഹരിക്കുന്ന ഏജന്റുമാർ കേരളത്തിലുണ്ട്. നിയമനങ്ങൾ നിർത്തലാക്കുന്നതു നിക്ഷേപ സമാഹരണത്തെയും ബാധിക്കും. 

സമാഹരിക്കുന്ന തുകയുടെ പകുതി അതതു സംസ്ഥാനങ്ങൾക്കു വായ്പയായി നൽകണമെന്നാണു വ്യവസ്ഥ. അതിനാൽ നിക്ഷേപ സമാഹരണം കുറയുന്നതു സംസ്ഥാനത്തിനും ബുദ്ധിമുട്ടുണ്ടാക്കും. 

കോർപറേറ്റുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും തപാൽ സേവനങ്ങൾ നടത്തുന്നതിനു ലൈസൻസ് നൽകുന്ന പദ്ധതിയായ ഡാക് മിത്രയിലൂടെ തപാൽ ബാങ്കിങ്, ഇൻഷുറൻസ് അടക്കം കൈമാറാനാണു നീക്കം. പശ്ചാത്തല സൗകര്യങ്ങളും ഡേറ്റയും കൂടി കൈമാറുമെന്നു പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും തപാൽ മേഖലയെ നോട്ടമിട്ടിരിക്കുകയാണ്. 

English Summary: Mahila Pradhan agent appointments to be stopped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com