ADVERTISEMENT

ദുബായ് ∙ 2 വർഷം മുൻപു മരിച്ച കന്യാകുമാരി സ്വദേശിയുടെ ചിതാഭസ്മം അന്ത്യകർമങ്ങൾക്കായി മക്കളുടെ അടുത്തെത്തിക്കാൻ വഴിയൊരുക്കിയ കോട്ടയം സ്വദേശി സിജോ പോളിനും കോഴിക്കോട് സ്വദേശി താഹിറ കല്ലുമുറിക്കലിനും സല്യൂട്ട്! ചിതാഭസ്മം നാട്ടിലേക്കു കൊണ്ടുപോകാൻ താഹിറയ്ക്ക് അനുമതി ലഭിച്ചു. കണ്ടിട്ടുപോലുമില്ലാത്ത ഒരാളുടെ കുടുംബത്തിനു വേണ്ടി നന്മ ചെയ്ത മലയാളികൾക്കു നന്ദി പറയുകയാണ് മരിച്ച രാജ്കുമാർ തങ്കപ്പന്റെ മക്കൾ. 

2020 മേയ് 14നാണ് അദ്ദേഹം കോവിഡ് ബാധിച്ചു മരിച്ചത്. അതിന് ഏതാനും നാൾ മുൻപു ഭാര്യയും മരിച്ചു. അച്ഛന്റെ ചിതാഭസ്മമെങ്കിലും ഒരു നോക്കുകാണാൻ മക്കൾ ആഗ്രഹിക്കുന്ന വിവരം വാട്സാപ് ഗ്രൂപ്പ് വഴിയാണ് സിജോ അറിഞ്ഞത്. ഉടൻ തന്നെ, ഭൗതിക അവശിഷ്ടം ഏറ്റുവാങ്ങാൻ തീരുമാനിച്ചു. രേഖകളെല്ലാം നാട്ടിൽ നിന്നുവരുത്തി നടപടികൾ പൂർത്തിയാക്കി ചിതാഭസ്മം കൈപ്പറ്റി. എന്നാൽ, ലോക്ഡൗൺ പ്രതിസന്ധികളും തുടർന്നുള്ള ജോലിമാറ്റവും കാരണം നാട്ടിലേക്കുള്ള യാത്ര നടന്നില്ല.

ചിതാഭസ്മം രാജ്കുമാറിന്റെ മക്കളുടെ പക്കലെത്തിക്കാൻ സിജോ ആഗ്രഹിക്കുന്ന വിവരം മനോരമ ഓൺലൈൻ വാർത്തയിലൂടെയാണ് എല്ലാവരും അറിഞ്ഞത്. തുടർന്ന്, അൽഐനിലെ ആരോഗ്യപ്രവർത്തക താഹിറ ഇതിനായി മുന്നിട്ടിറങ്ങുകയായിരുന്നു. കോവിഡ് മുന്നണിപ്പോരാളിയായ അവർ, തന്റെ കോവിഡ് കാല അനുഭവം കുറിച്ച ‘ ഈ സമയവും കടന്നു പോകും’ എന്ന പുസ്തകം വിറ്റു കിട്ടിയ പണം രാജ്കുമാറിന്റെ മകന്റെ പഠനത്തിനു നൽകി.

പിന്നാലെയാണ്, ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള കർശന നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയതും ഇന്നലെ അനുമതി ലഭിച്ചതും. ഇന്ത്യൻ കോൺസുലേറ്റിലെത്തിച്ചു സീൽ ചെയ്ത ചിതാഭസ്മം താഹിറ യാത്ര തിരിക്കും വരെ സിജോ സൂക്ഷിക്കും. 

English Summary: Kanyakumari native Rajkumar Thankappan's ashes to his native; thanks to Thahira and Sijo Paul for the effort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com